ന്യൂയോര്‍ക്ക്: അന്വേഷണാത്മക മാധ്യമപ്രവര്‍ത്തന ചരിത്രത്തിലെ  വഴികാട്ടി ബ്രിട്ടീഷ് അമേരിക്കന്‍ ജേര്‍ണലിസ്റ്റ്  ഹരോള്‍ഡ് ഇവാന്‍സ് (92) അന്തരിച്ചു. മാധ്യമസ്ഥാപകന്‍, പുസ്തക പ്രസാധകന്‍, എഴുത്തുകാരന്‍ എന്നീ നിലകളില്‍ പ്രശസ്തനായ വ്യക്തിയാണ് ഹരോള്‍ഡ് ഇവാന്‍സ്.  ഇദ്ദേഹത്തിന്റെ തലമുറയിലെ ഏറ്റവും പ്രശസ്തനായ മാധ്യമപ്രവര്‍ത്തകനായിരുന്നു ഹരോഡ്. റോയിറ്റേഴ്‌സിന്റെ എഡിറ്റര്‍ പദവിയില്‍ ഇരിക്കെയാണ് അന്ത്യം

70 വര്‍ഷം നീണ്ട പത്രപ്രവര്‍ത്തന ജീവിതം അവസാനിപ്പിച്ച് ബുധനാഴ്ചയാണ് അദ്ദേഹം വിടപറഞ്ഞത്. ന്യൂയോര്‍ക്കില്‍വെച്ച് ഹൃദയസ്തംഭനത്തെ തുടര്‍ന്നാണ് അദ്ദേഹത്തിന്റെ അന്ത്യം. അന്വേഷണാത്മക മാധ്യമപ്രവര്‍ത്തനത്തിന്റെ വഴികാട്ടി കൂടിയായിരുന്നു ഹരോള്‍ഡ് ഇവാന്‍സ്.   

അദ്ദേഹത്തിന്റെ ഏറ്റവും പ്രസിദ്ധമായ അന്വേഷണങ്ങളില്‍ ഒന്നില്‍ താലിഡോമിഡ് എന്ന മരുന്ന് മൂലം  ജനന വൈകല്യം സംഭവിച്ച നൂറുകണക്കിന് ബ്രിട്ടീഷ് കുട്ടികള്‍ക്ക് ഒരു നഷ്ടപരിഹാരവും ലഭിച്ചില്ല എന്ന് കണ്ടെത്തിയിരുന്നു. 

മരുന്ന് നിര്‍മ്മാണത്തിന്റെ ഉത്തരവാദികളായ കമ്പനികളെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ ക്യാമ്പയിന്‍ നിരവധി കുടുംബങ്ങള്‍ക്ക് നഷ്ടപരിഹാരം നേടിക്കൊടത്തു. 

സണ്‍ഡേ ടൈംസ്,ടൈംസ് ഓഫ് ലണ്ടന്‍, റോയിറ്റേഴ്‌സ് തുടങ്ങി നിരവധി മാധ്യമസ്ഥാപനങ്ങളില്‍ ഇവാന്‍സ് പ്രവര്‍ത്തിച്ചു. ദ അമേരിക്കന്‍ സെഞ്ച്വറി, ദേ മെയ്ഡ് അമേരിക്ക, തുടങ്ങി നിരവധി പുസ്തകങ്ങളും ഇവാന്‍സിന്റെ തൂലികയില്‍ പിറന്നു.  

Content Highlight: journalist Harold Evans dead at 92