വാഷിങ്ടണ്‍: ജോണ്‍സണ്‍ & ജോണ്‍സണ്‍ നിര്‍മിച്ച കോവിഡ് വാക്‌സിന് യുഎസില്‍ അടിയന്തര വിതരണാനുമതി തേടി കമ്പനി വ്യാഴാഴ്ച അധികൃതരെ സമീപിച്ചു. വൈറസ് വ്യാപനം നിയന്ത്രിക്കാന്‍ ജോണ്‍സണ്‍ & ജോണ്‍സണ്‍ നിര്‍മിച്ച ഒറ്റ ഡോസ് വാക്‌സിന്‍ കൂടുതല്‍ ഫലപ്രദമായേക്കുമെന്ന് ജര്‍മനി പ്രത്യാശ പ്രകടിപ്പിച്ചതിന് പിന്നാലെയാണ് കമ്പനി ഉപയോഗാനുമതി നേടി അധികൃതരെ സമീപിച്ചത്. 

അനുമതി ലഭിച്ചാല്‍ യുഎസില്‍ കോവിഡിനെതിരെയുള്ള മൂന്നാമത്തെ വാക്‌സിനാവും ജോണ്‍സണ്‍ & ജോണ്‍സണിന്റേത്. ഒറ്റ ഡോസുപയോഗവും നിലവില്‍ അനുമതി ലഭിച്ച വാക്‌സിനുകളില്‍ നിന്ന് വ്യത്യസ്തമായി ശീതീകരണ സംവിധാനത്തിന്റെ ആവശ്യകതയില്‍ വരുന്ന കുറവും ജോണ്‍സണ്‍ & ജോണ്‍സണ്‍ വാക്‌സിന്റെ മെച്ചങ്ങളാണ്. 

എന്നാല്‍, ദക്ഷിണാഫ്രിക്കയില്‍ കണ്ടെത്തിയ കൊറോണ വൈറസിന്റെ പുതിയ വകഭേദത്തിനെതിരെയുള്ള പരീക്ഷണങ്ങളില്‍ ഈ വാക്‌സിന്‍ പരാജയപ്പെട്ടിരുന്നു. ദക്ഷിണാഫ്രിക്കയിലെ വൈറസിന്റെ പുതിയ വകഭേദത്തിന് വ്യാപനശേഷി കൂടുതലാണെന്നതാണ് ജോണ്‍സണ്‍ & ജോണ്‍സണ്‍ വാക്‌സിനെതിരെയുള്ള വെല്ലുവിളി. 

വിതരണാനുമതി തേടി ജോണ്‍സണ്‍ & ജോണ്‍സണ്‍ കമ്പനി സമര്‍പ്പിച്ച അപേക്ഷ യുഎസ് ഫുഡ് ആന്‍ഡ് അഡ്മിനിസ്‌ട്രേഷന്‍ ഫെബ്രുവരി 26 ന് പരിഗണിക്കും. ജൂണ്‍ മാസത്തോടെ 100 ദശലക്ഷം ഡോസുകള്‍ യുഎസിന് നല്‍കാനാവുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്. അമേരിക്കന്‍ ജനതയുടെ എട്ട് ശതമാനത്തോളം ജനങ്ങള്‍ക്ക് നിലവില്‍ അനുമതി ലഭിച്ച വാക്‌സിനുകളുടെ ആദ്യഘട്ട ഡോസ് ലഭ്യമായതായാണ് കണക്കുകള്‍. 

 

Content Highlights: Johnson & Johnson seeks US vaccine approval for emergency authorisation