എയര്‍ഫോഴ്‌സ് 1 ഇല്ല, രാത്രിയാത്ര; ബോംബുകള്‍ വര്‍ഷിക്കുന്ന കീവില്‍ ബൈഡന്റെ മിന്നല്‍ സന്ദര്‍ശനം ഇങ്ങനെ


4 min read
Read later
Print
Share

പ്രദേശിക സമയം രാത്രി 8.12-ഓടെ ബൈഡന്റെ വാഹനവ്യൂഹം വിമാനത്താവളത്തില്‍നിന്ന് യാത്രതിരിച്ചു. വാഹന വ്യൂഹത്തില്‍ ഉണ്ടായിരുന്ന 20 കാറുകളില്‍ ഒന്നിലാണ് രണ്ട് മാധ്യമ പ്രവര്‍ത്തകര്‍ക്കും ഇടംലഭിച്ചത്. സൈറണുകളും സിഗ്നലുകളും ഉപയോഗിക്കാതെ ആയിരുന്നു ബൈഡന്റെ യാത്ര.

ബൈഡന്റെ യുക്രൈൻ യാത്രയുടെ ദൃശ്യങ്ങൾ | AFP

വാഷിങ്ടണ്‍: എല്ലാവരെയും ഞെട്ടിച്ചുകൊണ്ടായിരുന്നു ജോ ബൈഡന്റെ യുക്രൈന്‍ സന്ദര്‍ശനം. റഷ്യന്‍ യുദ്ധം ഒരുവര്‍ഷത്തോടടുക്കുന്ന വേളയില്‍ അമേരിക്കന്‍ പ്രസിഡന്റ് യുക്രൈനിലെത്തിയത് അതീവ രഹസ്യമായി നടത്തിയ പഴുതടച്ച ആസൂത്രണത്തിനൊടുവില്‍. അമേരിക്കന്‍ പ്രസിഡന്റ് വിദേശയാത്രകള്‍ക്ക് ഉപയോഗിക്കുന്ന എയര്‍ഫോഴ്‌സ് വണ്‍ വിമാനം ഒഴിവാക്കി എയര്‍ഫോഴ്‌സ് സി 32 വിമാനത്തിലാണ് ബൈഡന്‍ യാത്രതിരിച്ചത്. ഒപ്പമുണ്ടായിരുന്നത് രണ്ട് മാധ്യമ പ്രവര്‍ത്തകര്‍ മാത്രം. പോളണ്ടില്‍ വിമാനമിറങ്ങിയ ബൈഡന്‍ യുക്രൈനിലേക്ക് പോയതാകട്ടെ ട്രെയിനിലും. വിമാനം യാത്രതിരിക്കുംമുമ്പ് ബൈഡന്റെ യുക്രൈന്‍ സന്ദര്‍ശനവിവരം റഷ്യയെയും അറിയിച്ചെന്ന് അമേരിക്കന്‍ ദേശസുരക്ഷാ ഉപദേഷ്ടാവ് ജെയ്ക് സള്ളിവന്‍ പറയുന്നു. യുദ്ധഭൂമിയിലേക്കുള്ള ബൈഡന്റെ യാത്ര അതീവ രഹസ്യമായി ആസൂത്രണം ചെയ്തത് ഇത്തരത്തിലാണ്. എന്നാല്‍ ഏത് സമയം റഷ്യന്‍ മിസൈലുകളും ബോംബുകളും പറന്നിറങ്ങാവുന്ന കീവില്‍ ബൈഡന്‍ എത്തിയപ്പോള്‍, ഇ-3 സെന്‍ട്രി എയര്‍ബോണ്‍ റഡാറും ഇലക്ട്രോണിക് 135 റിവെറ്റ് വിമാനവും ഉള്‍പ്പടെയുള്ള യുഎസിന്റെ നിരീക്ഷണ വിമാനങ്ങള്‍ പോണ്ടിന്റെ വ്യോമാതിര്‍ത്തിയില്‍ യുക്രൈന്‍ തലസ്ഥാനത്തെ നിരീക്ഷിക്കുന്നുണ്ടായിരുന്നു.

രണ്ട് മാധ്യമ പ്രവര്‍ത്തകര്‍ക്ക് വൈറ്റ്ഹൗസിലേക്ക് ക്ഷണം; 'വിവരങ്ങള്‍ രഹസ്യമാക്കിവെക്കണം'

വൈറ്റ് ഹൗസിലെ കമ്യൂണിക്കേഷന്‍സ് ഡയറക്ടര്‍ കേറ്റ് ബെഡിങ്ഫീല്‍ഡ് രണ്ട് മാധ്യമ പ്രവര്‍ത്തകരെ സ്വകാര്യ കൂടിക്കാഴ്ചയ്ക്ക് ക്ഷണിച്ചതോടെയാണ് അതീവ രഹസ്യമായി നടത്തിയ മുന്നൊരുക്കങ്ങള്‍ സംബന്ധിച്ച സൂചനകള്‍ പുറംലോകത്തെത്തുന്നത്. ബൈഡന്‍ യുക്രൈന്‍ തലസ്ഥാനമായ കീവിലേക്ക് പോകുകയാണെന്നും രണ്ട് മാധ്യമ പ്രവര്‍ത്തകരെ മാത്രമാണ് ഒപ്പംകൂട്ടുന്നതെന്നും അവരെ അറിയിച്ചു. സന്ദര്‍ശനത്തിന്റെ വിവരങ്ങള്‍ മറ്റ് മാധ്യമങ്ങള്‍ക്ക് കൈമാറുക എന്നതും ഈ രണ്ടുപേരുടെ ഉത്തരവാദിത്വമാണെന്ന് അവരെ ധരിപ്പിച്ചു. യാത്രയുടെ വിശദാംശങ്ങള്‍ അതീവ രഹസ്യയമാക്കി വെക്കണമെന്ന് നിര്‍ദ്ദേശിച്ചതിനൊപ്പം ഔദ്യോഗിക മാര്‍ഗനിര്‍ദ്ദേശങ്ങള്‍ ഇ-മെയിലായി ലഭിക്കുമെന്ന ഉറപ്പും അവര്‍ക്ക് നല്‍കി. മെറിലാന്‍ഡിലെ ആന്‍ഡ്രൂസ് എയര്‍ഫോഴ്‌സ് ബെയ്‌സില്‍നിന്ന് ഞായറാഴ്ച അതിരാവിലെയാണ് ബൈഡന്‍ യാത്രതിരിച്ചത്. എന്നാല്‍ മാര്‍ഗനിര്‍ദേശങ്ങള്‍ ഉള്‍പ്പെട്ട ഇ-മെയില്‍ ലഭിച്ചതാകട്ടെ ശനിയാഴ്ച വൈകീട്ട് മൂന്നിനും.

സെലന്‍സ്‌കിക്കൊപ്പം ബൈഡന്‍ | AP

മാധ്യമ പ്രവര്‍ത്തകരുടെ ഫോണുകള്‍ അധികൃതര്‍ വാങ്ങിവച്ചു

ഞായറാഴ്ച പുലര്‍ച്ചെ രണ്ടിന് സെന്റ് ആന്‍ഡ്രൂസ്‌ ബേസില്‍ എത്താനായിരുന്നു മാധ്യമ പ്രവര്‍ത്തകരോട് നിര്‍ദ്ദേശിച്ചിരുന്നത്. ഇതനുസരിച്ച് യാത്രപുറപ്പെടാന്‍ തയ്യാറായി ഞായറാഴ്ച പുലര്‍ച്ചെ എത്തിയ മാധ്യമ പ്രവര്‍ത്തകരുടെ രണ്ട് ഫോണുകളും അവരുടെപക്കല്‍നിന്ന് വാങ്ങിവച്ചു. മണിക്കൂറുകള്‍ക്കുശേഷം കീവിലെ യു.എസ് എംബസിയില്‍ എത്തിയതിനു ശേഷമാണ് മാധ്യമ പ്രവര്‍ത്തകര്‍ക്ക് അവരുടെ ഫോണുകള്‍ തിരികെ ലഭിച്ചത്. ഫോണുകള്‍ വങ്ങിവച്ചശേഷം ആഭ്യന്തര യാത്രകള്‍ക്കുമാത്രം ഉപയോഗിക്കാറുള്ള എയര്‍ഫോഴ്‌സ് സി 32 വിമാനത്തിലാണ് അവരെ കയറ്റിയത്. അതിനുശേഷവും അമേരിക്കന്‍ പ്രസിഡന്റിന്റെ ഔദ്യോഗിക യാത്രകള്‍ക്ക് വിമാനം തയ്യാറാക്കി നിര്‍ത്താറുള്ള ഭാഗത്തായിരുന്നില്ല വിമാനം ഉണ്ടായിരുന്നത്. ഹാങ്ങറിന് പിന്‍ഭാഗത്ത് ഷെയ്ഡുകള്‍ താഴ്ത്തിയ നിലയിലാണ് വിമാനം നിര്‍ത്തിയിട്ടിരുന്നത്‌. ഞായറാഴ്ച പുലര്‍ച്ചെ പ്രാദേശിക സമയം 4.15-ന് വിമാനം സെന്റ് ആന്‍ഡ്രൂസ് ബേസില്‍നിന്ന് യാത്രതിരിച്ചു.

ഇന്ധനം നിറയ്ക്കാന്‍ ജര്‍മനിയില്‍ ഇറങ്ങി; ഇരുട്ട് പരന്നതോടെ തുടര്‍യാത്ര

വൈകീട്ട് 5.13-ഓടെ ബൈഡന്റെ വിമാനം ജര്‍മനിയിലെ റാംസ്‌റ്റെയ്ന്‍ എയര്‍ബേസിലെത്തി. ഏഴ് മണിക്കൂര്‍ പറന്നശേഷം ഇന്ധനം നിറയ്ക്കാനായിരുന്നു വിമാനം ജര്‍മനിയില്‍ ഇറങ്ങിയത്. ഒരു മണിക്കൂറും 15 മിനിറ്റുമെടുത്തു വിമാനത്തിന് ഇന്ധനം നിറയ്ക്കാന്‍. ഈ സമയത്തും വിമാനത്തിന്റെ ഷെയ്ഡുകള്‍ താഴ്ത്തിയ നിലയിലായിരുന്നു. വിമാനത്തിലുണ്ടായിരുന്ന രണ്ട് മാധ്യമ പ്രവര്‍ത്തകര്‍ക്ക് ഈ സമയത്തെല്ലാം പ്രസ് കാബിനില്‍തന്നെ ചെലവഴിക്കേണ്ടിവന്നും. ബൈഡനെ കാണാന്‍പോലും അവര്‍ക്ക് അവസരം ലഭിച്ചില്ല. വൈകീട്ട് 6.29 ഓടെയാണ് വിമാനം ജര്‍മനിയില്‍നിന്ന് പറന്നുയര്‍ന്നത്. ഈ സമയമായപ്പോഴേക്കും ഇരുട്ട് പരന്നിരുന്നു. വിമാനം തെക്കുകിഴക്കന്‍ പോളണ്ടിലെ വിമാനത്താവളത്തില്‍ ഇറങ്ങിയപ്പോഴേക്കും സമയം രാത്രി 7.57 ആയി.

പോളണ്ടില്‍ ബൈഡന്‍ സൈനികരുമായി സംസാരിക്കുന്നു | AP

ബൈഡന്റെ വിമാനം ഇറങ്ങുന്നതിനുള്ള എല്ലാ ക്രമീകരണങ്ങളും അവിടെ പൂര്‍ത്തിയായിരുന്നു. വിമാനത്തില്‍നിന്ന് അതിവേഗം ഇറങ്ങിയ ബൈഡന്‍ ഉടന്‍തന്നെ അവിടെ തയ്യാറാക്കി നിര്‍ത്തിയിരുന്നു വാഹനത്തിലേക്ക് കയറി. ഈ സമയത്തും മാധ്യമ പ്രവര്‍ത്തകര്‍ക്ക് അമേരിക്കന്‍ പ്രസിഡന്റിനെ കാണാന്‍പോലും കിട്ടിയില്ല. പ്രദേശിക സമയം രാത്രി 8.12-ഓടെ ബൈഡന്റെ വാഹനവ്യൂഹം വിമാനത്താവളത്തില്‍നിന്ന് യാത്രതിരിച്ചു. വാഹന വ്യൂഹത്തില്‍ ഉണ്ടായിരുന്ന 20 കാറുകളില്‍ ഒന്നിലാണ് രണ്ട് മാധ്യമ പ്രവര്‍ത്തകര്‍ക്കും ഇടംലഭിച്ചത്. സൈറണുകളും സിഗ്നലുകളും ഉപയോഗിക്കാതെ ആയിരുന്നു റോഡ് മാര്‍ഗമുള്ള ബൈഡന്റെ യാത്ര. അനാവശ്യ ശ്രദ്ധലഭിക്കുന്നത് ഒഴിവാക്കാനായിരുന്നു ഇത്.

പോളണ്ടില്‍ നിന്ന് യുക്രൈനിലേക്ക് ട്രെയിന്‍ യാത്ര

പ്രാദേശിക സമയം 9.15 ഓടെ ഷെമിഷല്‍ ഗ്ലോണി റെയില്‍വേ സ്‌റ്റേഷനിലേക്ക്‌ ബൈഡന്റെ വാഹനവ്യൂഹം എത്തിചേര്‍ന്നു. കനത്ത സുരക്ഷയുള്ളതും ആളുകള്‍ കുറവുള്ളതുമായ ഒരു ട്രെയിന്‍ ബോഗിയിലേക്ക് ബൈഡന്‍ കയറി. മഞ്ഞ വരകളുള്ള നീല നിറത്തിലുള്ള എട്ട് കമ്പാര്‍ട്ട്‌മെന്റുകളുള്ള ട്രെയിനായിരുന്നു അത്. ചതുരാകൃതിയിലുള്ള വിശാലമായ ജാലകങ്ങളും അതിനുണ്ടായിരുന്നു. എല്ലാ കമ്പാര്‍ട്ട്‌മെന്റിലും കനത്ത സുരക്ഷ.

മറുവശത്ത് ഒരു ചെറിയ കൂട്ടം ആളുകള്‍ മറ്റൊരു ട്രെയിനിനായി കാത്ത് നില്‍ക്കുന്നുണ്ടായിരുന്നു. അവരില്‍ ചിലര്‍ പരസ്പരം സംസാരിക്കുന്നുണ്ട്. എന്നാല്‍ ആരാണ് ഇവിടെ വന്നിരിക്കുന്നതെന്നും എന്താണ് നടക്കുന്നതെന്നും ഒരു ധാരണ അവര്‍ക്കില്ലായിരുന്നു.

9.37 ഓടെ ട്രെയിന്‍ ഷെമിഷല്‍ ഗ്ലോണി സ്‌റ്റേഷനില്‍ നിന്ന് നീങ്ങി തുടങ്ങി. പിന്നീട് പോളണ്ടിന്റേയും യുക്രൈന്‍ ഗ്രാമ-നഗരാന്തരങ്ങളിലൂടെ പത്ത് മണിക്കൂര്‍ നീണ്ട യാത്ര. പ്രാദേശിക സമയം ഏതാണ്ട് പത്ത് മണിയോടെ ട്രെയിന്‍ യുക്രൈന്‍ അതിര്‍ത്തി കടന്നു.

പോളണ്ടില്‍ നിന്നുള്ള ട്രെയിനില്‍ കീവിലെത്തിയ ബൈഡന്‍

'യാത്രയുടെ ഭൂരിഭാഗവും ഇരുട്ടുള്ള സമയത്തായിരുന്നു. അതിനാല്‍ തെരുവുവിളക്കുകള്‍ക്കും ദൂരെയുള്ള കെട്ടിടങ്ങളുടെ നിഴലുകള്‍ക്കും അപ്പുറം കാണാനാകില്ല' ബൈഡന്റെ സംഘത്തിലുണ്ടായിരുന്ന മാധ്യമ പ്രവര്‍ത്തകര്‍ പറഞ്ഞു. യാത്രയുടെ പത്ത് മണിക്കൂറില്‍ മാധ്യമ പ്രവര്‍ത്തകര്‍ക്ക് ബൈഡനെ കാണാനോ വൈറ്റ് ഹൗസ് ജീവനക്കാരുമായി ആശയവിനിമയം നടത്താനോ സാധിച്ചിരുന്നില്ലെന്നും അവര്‍ വ്യക്തമാക്കി. യാത്രയ്ക്കിടെ ചില സ്‌റ്റോപ്പുകളില്‍ കുറഞ്ഞ സമയം നിര്‍ത്തിയിരുന്നു. അത് സുരക്ഷയുമായി ബന്ധപ്പെട്ടാണോ അതോ മറ്റുകാര്യങ്ങള്‍ക്കാണോ എന്നതില്‍ വ്യക്തതയില്ല.

ബൈഡന്‍ കീവില്‍ കാല്‍ കുത്തുന്നു

ബൈഡനെയും വഹിച്ചുകൊണ്ടുള്ള ട്രെയിന്‍ യുക്രേനിയന്‍ തലസ്ഥാനമായ കീവിലേക്ക് അടുക്കുമ്പോള്‍ സൂര്യന്‍ ഉദിച്ചിരുന്നു. തിങ്കളാഴ്ച പ്രാദേശിക സമയം എട്ട് മണിയോടെ കീവിലെ പഷാര്‍സ്‌കി സ്റ്റേഷനില്‍ ട്രെയിന്‍ നിന്നു. പ്ലാറ്റ്‌ഫോമില്‍ എല്ലാം സജ്ജീകരിച്ചിരുന്നു. യുക്രൈനിലെ യുഎസ് അംബാസിഡര്‍ ബൈഡനെ കാത്ത് സ്റ്റേഷനിലുണ്ടായിരുന്നു. 'കീവിലേക്കുള്ള തിരിച്ചുവരവ് മികച്ചതാണ്' ട്രെയിന്‍ ഇറങ്ങിയ ശേഷം ബൈഡന്‍ ആദ്യമായി പറഞ്ഞു.

സ്റ്റേഷന് പുറത്ത് സജ്ജമായ വാഹനവ്യൂഹത്തിലേക്ക് ബൈഡന്‍ എത്തി. പിന്നീട് യുക്രൈന്‍ പ്രസിഡന്റിന്റെ കൊട്ടാരത്തിലേക്കുള്ള യാത്ര. കീവിലെ ഇന്‍ഡിപെന്‍ഡസ് സ്‌ക്വയറിലൂടെയാണ് ബൈഡന്റെ വാഹനവ്യൂഹം കടന്നുപോയത്. മാരിസ്‌കി കൊട്ടാരത്തില്‍ ബൈഡനെ യുക്രൈന്‍ പ്രസിഡന്റ് വ്‌ളോഡിമര്‍ സെലന്‍സ്‌കി സ്വീകരിച്ചു. കൂടിക്കാഴ്ചയ്ക്ക് ശേഷം സെന്റ് മൈക്കിള്‍സ് കത്തീഡ്രലില്‍ സെലെന്‍സ്‌കിയുമൊത്ത് നടന്നു. പിന്നീട് കീവിലെ യുഎസ് എംബിസിയിലും ബൈഡന്‍ എത്തി.

മടക്കം
അപ്രതീക്ഷിത സന്ദര്‍ശനത്തിന് ശേഷം പ്രാദേശിക സമയം 1.10 ഓടെ വന്ന അതേ ട്രെയിനില്‍ കീവില്‍ നിന്ന് ബൈഡന്‍ മടങ്ങി.എട്ട് മണിയോടെ യുക്രൈന്‍ അതിര്‍ത്തി കടന്നു. 8.45 ഓടെ പോളണ്ടിലെ ഷെമിഷല്‍ ഗ്ലോണി സ്‌റ്റേഷനില്‍ എത്തുകയും ചെയ്തു.

Content Highlights: Joe Bidens Ukraine visit planning airforce one

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
missing child

1 min

ആമസോൺ കാട്ടിലകപ്പെട്ട 4 കുട്ടികളേയും കണ്ടെത്തി; പിഞ്ചുകുഞ്ഞിനേയും കൊണ്ട് 3 കുട്ടികൾ നടന്നത് 40 ദിവസം

Jun 10, 2023


amazon missing children

2 min

അതിശയിപ്പിക്കുന്ന അതിജീവനം, കുട്ടികളുടെ അത്ഭുതരക്ഷ ഓപ്പറേഷന്‍ ഹോപ്പിലൂടെ; പാല്‍ക്കുപ്പി വരെ തുണയായി

Jun 10, 2023


canada fire

ന്യൂയോര്‍ക്കിനെ ശ്വാസംമുട്ടിച്ച് പുക: മാസ്‌ക് ധരിക്കാന്‍ നിര്‍ദേശം, വിമാനങ്ങള്‍ വൈകി, കഫേകള്‍ അടച്ചു

Jun 8, 2023

Most Commented