ഫോട്ടോ: എ.എഫ്.പി
വാഷിങ്ടണ്‍: ഡൊണാള്‍ഡ് ട്രംപോ അതോ ജോ ബൈഡനോ? അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ 270 ഇലക്ടറല്‍ വോട്ടുകള്‍ എന്ന മാന്ത്രികസംഖ്യ ആരു നേടുമെന്ന് ഉറ്റുനോക്കുകയാണ് ലോകം. വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ നിര്‍ണായക മുന്നേറ്റമാണ് ബൈഡന്‍ നടത്തിക്കൊണ്ടിരിക്കുന്നത്.
ഏറ്റവും ഒടുവില്‍ പുറത്തെത്തിയ കണക്കുകള്‍ അനുസരിച്ച് 253 ഇലക്ടറല്‍ വോട്ടുകളാണ് ബൈഡന്‍ നേടിയിരിക്കുന്നത്. ട്രംപിന് 213 വോട്ടുകളും ലഭിച്ചു. വിസ്‌കോന്‍സിന്‍, മിഷിഗണ്‍ എന്നീ സംസ്ഥാനങ്ങള്‍ ബൈഡന്‍ നേടി. അതേസമയം വിസ്‌കോന്‍സിനില്‍ വോട്ടുകള്‍ വീണ്ടും എണ്ണണമെന്ന് ആവശ്യപ്പെടുമെന്ന് ട്രംപ് ക്യാമ്പ് അറിയിച്ചിട്ടുണ്ട്.
'സ്വിങ്' സ്റ്റേറ്റുകള്‍ എന്നറിയപ്പെടുന്ന നിര്‍ണായക സംസ്ഥാനങ്ങളാണ് വിജയിയെ നിശ്ചയിക്കുന്നതില്‍ നിര്‍ണായക പങ്ക് വഹിക്കുക. ജോര്‍ജിയ, നോര്‍ത്ത് കാരലിന, മിഷിഗണ്‍, പെന്‍സില്‍വാനിയ, നെവാഡ എന്നിവിടങ്ങള്‍ നിര്‍ണായകമായേക്കും.
മിഷിഗണില്‍ ബൈഡന്‍ ലീഡ് നേടിയിട്ടുണ്ട്. അതേസമയം വോട്ടെണ്ണല്‍ തുടരുന്ന ജോര്‍ജിയ, നോര്‍ത്ത് കാരലിന, പെന്‍സില്‍വാനിയ എന്നീ സ്റ്റേറ്റുകളില്‍ ട്രംപാണ് മുന്നിലെന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ഇതിലേതെങ്കിലും ഒരു സ്റ്റേറ്റില്‍ ബൈഡന്‍ ജയിച്ചാല്‍ ട്രംപിന്റെ സാധ്യതകള്‍ക്കു മങ്ങലേല്‍ക്കാന്‍ സാധ്യതയുണ്ട്. ബൈഡന് നേരിയ ഭൂരിപക്ഷമുണ്ടായിരുന്ന നെവാഡയില്‍ വോട്ടെണ്ണല്‍ വ്യാഴാഴ്ച വരെ നിര്‍ത്തിവയ്ക്കുകയാണെന്ന് തിരഞ്ഞെടുപ്പ് വിഭാഗം അറിയിച്ചിരുന്നു.
വോട്ടെണ്ണല്‍ പൂര്‍ത്തിയാകുമ്പോള്‍ വിജയം തനിക്കൊപ്പമെന്ന ആത്മവിശ്വാസം ബൈഡന്‍ പങ്കുവച്ചിരുന്നു. എന്നാല്‍ ട്രംപ് വാര്‍ത്താസമ്മേളനം നടത്തി താന്‍ വിജയിച്ചുവെന്ന് അവകാശപ്പെടുകയായിരുന്നു. ഫലത്തില്‍ ക്രമക്കേട് നടക്കുന്നുവെന്ന് ആരോപിച്ച ട്രംപ് ഇതിനെതിരെ സുപ്രീം കോടതിയെ സമീപിക്കുമെന്നും പറഞ്ഞു.
Content Highlights: Joe Biden Takes Lead In Wisconsin, Michigan In Knife-Edge Fight With Donald Trump
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..