വാഷിങ്ടണ്‍: 1972 ല്‍ യുഎസിലെ ഏറ്റവും പ്രായം കുറഞ്ഞ സെനറ്ററായി തിരഞ്ഞെടുക്കപ്പെട്ട ജോ ബൈഡന് ആദ്യം ലഭിച്ച കത്തുകളിലൊന്ന് മുംബൈയില്‍ നിന്ന്. കത്തെഴുതിയ വ്യക്തിയുടെ കുടുംബപ്പേരും ബൈഡന് എന്നായിരുന്നു. സെനറ്ററായി തിരഞ്ഞെടുക്കപ്പെട്ടപ്പോള്‍ അഭിനന്ദനമറിയിച്ചാണ് അന്ന് ബോംബെ എന്നറിയപ്പെട്ടിരുന്ന മുംബൈയില്‍ നിന്നുള്ള കത്ത് ബൈഡന് ലഭിച്ചത്.
ജോ ബൈഡനും താനും ബന്ധുക്കളാണെന്ന് കത്തെഴുതിയ ബൈഡന് സൂചിപ്പിച്ചിരുന്നു. അന്ന് 29 കാരനായിരുന്ന ബൈഡന് ആ ബന്ധുവിനെ തേടി പോകണമെന്ന് ആഗ്രഹമുണ്ടായിരുന്നെങ്കിലും രാഷ്ട്രീയ-കുടുംബ തിരക്കുകള്‍ അതൊരു ആഗ്രഹമായി തന്നെ അവശേഷിപ്പിച്ചു. ആ കത്ത് ലഭിച്ച് നാല് പതിറ്റാണ്ടുകളാവുമ്പോഴും ആ കത്തിന്റെ ഉടമയെ കണ്ടുമുട്ടാനുള്ള ആഗ്രഹം ബൈഡന് സൂക്ഷിക്കുന്നു. ഒരു ഇന്ത്യന്‍-അമേരിക്കനേയോ ഇന്ത്യന്‍ നേതാവിനേയോ കാണുമ്പോള്‍ ഇപ്പോഴും മുംബൈ കത്തിന്റെ കഥ ബൈഡന് പറയാറുണ്ട്.
യുഎസ് വൈസ് പ്രസിഡന്റായി ചുമതല വഹിക്കുന്നതിനിടെ 2013 ല്‍ നടത്തിയ ഇന്ത്യാ സന്ദര്‍ശനത്തിനിടെ മുംബൈ സ്റ്റോക്ക് എക്സ്ചേഞ്ചില്‍ അഭിസംബോധന ചെയ്ത് സംസാരിച്ച സന്ദര്‍ഭത്തിലും മുംബൈ ബൈഡന്റെ കാര്യം ജോ ബൈഡന് എടുത്തു പറഞ്ഞിരുന്നു. 1700 കളില്‍ ഈസ്റ്റ് ഇന്ത്യാക്കമ്പനിയില്‍ ജോലിക്കാരനായെത്തിയ മുന്‍ഗാമിയാവും ഈ ഈന്ത്യന്‍ ബന്ധത്തിന് പിന്നിലെന്നുള്ള ബൈഡന്റെ പ്രസ്താവന അന്ന് സദസ്യരില്‍ ചിരി പടര്‍ത്തിയിരുന്നു. വര്‍ഷങ്ങള്‍ക്കു ശേഷം ഈസ്റ്റ് ഇന്ത്യാക്കമ്പനിയിലെ മുന്‍ഗാമിയുടെ കഥ വാഷിങ്ടണില്‍ നടത്തിയ പ്രസംഗത്തിനിടെയും ബൈഡന് ആവര്‍ത്തിച്ചിരുന്നു.
മുംബൈ സന്ദര്‍ശനത്തിന്റെ അടുത്ത ദിവസം മുംബൈയില്‍ അഞ്ച് ബൈഡന്മാര് ഉണ്ടെന്ന വിവരം ഒരു മാധ്യമപ്രവര്ത്തകന് തനിക്ക് കൈമാറിയതായും വാഷിങ്ടണ്‍ പ്രസംഗത്തിനിടെ അദ്ദേഹം പറഞ്ഞു. എന്നാല്‍ ഈ ബൈഡന്മാരെ ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ യുഎസ് പ്രസിഡന്റ് സ്ഥാനാര്‍ഥി ഇതുവരെ ബന്ധപ്പെട്ടിട്ടില്ല. ഇന്ത്യയുമായുള്ള കുടുംബബന്ധത്തിന്റെ പേരില്‍ തനിക്ക് കൂടുതല്‍ ബഹുമാനവും പരിഗണനയും നല്‍കണമെന്ന് അമേരിക്കയിലെ ഇന്ത്യന്‍ സമൂഹത്തോട് തമാശരൂപേണ ബൈഡന് ആവശ്യപ്പെടാറുണ്ട്.
Content Highlights: Joe Biden Has An India Connection The Biden From Mumbai
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..