വാഷിങ്ടൺ: അഫ്ഗാനിസ്താനിൽ നിന്നുള്ള അമേരിക്കയുടെ സൈനികപിൻമാറ്റത്തിൽ 24 മണിക്കൂറിനകം പ്രസിഡന്റ് ജോ ബൈഡൻ അന്തിമ തീരുമാനം പ്രഖ്യാപിക്കുമെന്ന് വൈറ്റ് ഹൗസ് അറിയിച്ചു. ലോകരാജ്യങ്ങൾ ഏറെ ആശങ്കയോടെയാണ് അമേരിക്കയുടെ തീരുമാനത്തിന് കാതോർക്കുന്നത്.  ചൊവ്വാഴ്ച നടക്കുന്ന ജി 7 രാജ്യങ്ങളുടെ ഉച്ചകോടിയിൽ ബൈഡൻ ഇതുസംബന്ധിച്ച് തീരുമാനമറിയിക്കും. 

അഭയാർഥികളെ കാബൂൾ വിമാനത്താവളം വഴി സുരക്ഷിതമായി ഒഴിപ്പിക്കാനായി ഓഗസ്റ്റ് 31 നുശേഷവും യു.എസ് സഖ്യസേനയെ അഫ്ഗാനിസ്ഥാനിൽ നിലനിർത്തണമെന്ന് യു.എസിനുമേൽ സമ്മർദ്ദം ശക്തമാണ്. കാബൂൾ വിമാനത്താവളത്തിലേക്ക് കൂടുതൽ പേർക്ക് എത്താൻ സാധിക്കുന്നില്ലെന്നതാണ് സഖ്യരാഷ്ട്രങ്ങൾ നേരിടുന്ന പ്രധാന പ്രതിസന്ധി.  

ജനങ്ങളെ ഒഴിപ്പിക്കുന്നത് ബുദ്ധിമുട്ടും വിഷമമുണ്ടാക്കുന്ന കാര്യവുമാണെന്ന് ഞായറാഴ്ച ജോ ബൈഡൻ പ്രതികരിച്ചിരുന്നു. ഒഴിപ്പിക്കലിന് നേതൃത്വം നൽകാൻ ഓഗസ്റ്റ് 31നുശേഷവും അമേരിക്കയുണ്ടാകും എന്നും ബൈഡൻ സൂചിപ്പിച്ചിരുന്നു. 

ആയിരക്കണക്കിന് അമേരിക്കക്കാരെയും സഖ്യരാഷ്ട്രങ്ങളിലെ പൗരന്മാരെയും ഒഴിപ്പിക്കുന്നതിനൊപ്പം ആറായിരത്തോളം സൈനികരെയും നാട്ടിലെത്തിക്കാൻ ഇനിയും ദിവസങ്ങൾ എടുക്കുമെന്ന് യു.എസ് പ്രതിരോധമന്ത്രാലയ പ്രതിനിധി അറിയിച്ചു. എന്നാൽ, സുരക്ഷാ കാരണങ്ങൾ ചൂണ്ടിക്കാട്ടി സൈനിക പിന്മാറ്റം ദീർഘിപ്പിക്കേണ്ടതില്ലെന്ന നിലപാടിലാണ് പ്രസിഡന്റിന്റെ ചില ഉപദേശകർ.

കരാർപ്രകാരമുള്ള ഓഗസ്റ്റ് 31-നുശേഷവും യു.എസ്., സഖ്യസേനയെ കാബൂളിൽ നിലനിർത്തണമെന്ന് ജോ ബൈഡനോട് ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ കഴിഞ്ഞദിവസം ആവശ്യപ്പെട്ടിരുന്നു. അല്ലാത്തപക്ഷം, രക്ഷപ്പെടാൻ ആഗ്രഹിക്കുന്നവരെ യു.എസിനോ മറ്റ് രാജ്യങ്ങൾക്കോ സഹായിക്കാനാവില്ലെന്നും ജോൺസൺ പറഞ്ഞു. വിമാനത്താവളം അടച്ചശേഷവും ഒഴിപ്പിക്കൽ തുടരാൻ ജർമനിയും പുതിയ മാർഗങ്ങൾ തേടുന്നുണ്ട്. 

അമേരിക്ക പിന്മാറിയാലും ബ്രിട്ടൻ കാബൂളിൽ തുടരണമെന്നാണ് സൈനികനേതാക്കളുടെ ആവശ്യം. എന്നാൽ, യു.എസിന്റെ പിൻബലമില്ലാതെ അതു സാധ്യമല്ലെന്നാണ് വിലയിരുത്തൽ. അഫ്ഗാനിൽ അമേരിക്ക നടത്തുന്ന രക്ഷാപ്രവർത്തനം പുരോഗമിച്ചുവരികയാണ്. പാഞ്ച്ഷിര്‍ മേഖലയിലേക്കും താലിബാൻ എത്തിയതോടെ രാജ്യത്തെ സ്ഥിതിഗതികൾ കൂടുതൽ വഷളാവുകയാണ്.  ഇതുവരെ 61000 പേരെയാണ് അമേരിക്ക അഫ്ഗാനിൽ നിന്ന് രക്ഷപ്പെടുത്തിയത്. 

Content Highlights: Joe Biden Expected To decide whether to extend Evacuation beyong August 31