ജോ ബൈഡൻ |ഫോട്ടോ:AP
വാഷിങ്ടണ്‍: യുക്രൈനിലെ റഷ്യന്‍ അധിനിവേശത്തോടുള്ള പ്രതികരണത്തില്‍ തങ്ങളുടെ പ്രധാന സഖ്യകക്ഷികളില്‍ ഒന്നായ ഇന്ത്യയുടെ നിലപാട് വ്യത്യസ്തമാണെന്ന് യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍. വിഷയത്തില്‍ ദൃഢതയില്ലാത്ത നിലപാടാണ് ഇന്ത്യയുടേതെന്നും ബൈഡന്‍ വിശേഷിപ്പിച്ചു.
ഉപരോധങ്ങളക്കം ഏര്‍പ്പെടുത്തി റഷ്യക്കും പ്രസിഡന്റ് വ്‌ളാദിമിര്‍ പുതിനുമെതിരെ ഒരുമിച്ച് നിന്നതിന് നാറ്റോ, യൂറോപ്യന്‍ യൂണിയന്‍, ഏഷ്യയിലെ പ്രധാന പങ്കാളികള്‍ തുടങ്ങിയ സഖ്യകക്ഷികളെ ബൈഡന്‍ അഭിനന്ദിച്ചു.
വാഷിങ്ടണില്‍ യുഎസ് ബിസിനസ് തലവന്‍മാരെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. നാറ്റോയിലും പസഫിക്കിലും ഒരു ഐക്യമുന്നണി ഉണ്ടായിരുന്നുവെന്ന് ബൈഡന്‍ വ്യക്തമാക്കി.
'ക്വാഡ് അംഗ രാജ്യങ്ങളില്‍, ഇന്ത്യ അല്‍പം ഇളകി നില്‍ക്കുകയാണ് എന്നതൊഴിച്ചാല്‍ ജപ്പാന്‍ വളരെ ശക്തമാണ്. പുതിന്റെ ആക്രമണത്തെ കൈകാര്യം ചെയ്യുന്നകാര്യത്തില്‍ ഓസ്‌ട്രേലിയയും അങ്ങനെ തന്നെ. നാറ്റോയെ വിഭജിക്കാന്‍ കഴിയുമോയെന്നാണ് പുതിന്‍ നോക്കിയത്. എന്നാല്‍ പകരം നാറ്റോ ചരിത്രത്തില്‍ ഇന്നവരെ ഇല്ലാത്ത ഐക്യത്തോടെ ശക്തിപ്പെടുകയാണ് ചെയ്തത്'. - അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
യുക്രൈനില്‍ അധിനിവേശം തുടങ്ങിയതിന് പിന്നാലെ റഷ്യക്കെതിരെ പശ്ചാത്ത്യ രാജ്യങ്ങള്‍ കടുത്ത ഉപരോധങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നു. പശ്ചാത്ത്യ റഷ്യയെ ഒറ്റപ്പെടുത്താനുള്ള ശ്രമങ്ങള്‍ക്കിടയില്‍ റഷ്യയില്‍ നിന്ന് കിഴിവുകളോടെ എണ്ണ വാങ്ങാന്‍ ഇന്ത്യ തയ്യാറെടുക്കുന്നുവെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. റഷ്യക്കെതിരായ യുഎന്‍ പ്രമേയങ്ങളില്‍ നിന്നും ഇന്ത്യ വിട്ടുനിന്നിരുന്നു.
Content Highlights: Joe Biden Calls India "Shaky" In Russia Confrontation Over Ukraine War
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..