വാഷിങ്ടണ്‍: രാഷ്ട്രതലവന്‍മാര്‍ തമ്മില്‍ പൊതുവേ നല്ല സൗഹൃദമായിരിക്കും. ഇനി സൗഹൃദമല്ല ശത്രുതയാണെങ്കിലും പരസ്പരം പേരെന്താണ് എന്ന് ചോദിക്കേണ്ട ആവശ്യം ഉണ്ടാകില്ല. പക്ഷേ കഴിഞ്ഞ ദിവസം ഉണ്ടായത് രസകരമായ ഒരു സംഭവമാണ്. ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി സ്‌കോട്ട് മോറിസണിന്റെ പേര് മറന്ന അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന് പറ്റിയ അബദ്ധം കൗതുകമായി.

ദാറ്റ് ഫെലോ ഫ്രം ഡൗണ്‍ അണ്ടര്‍ എന്നാണ് മോറിസണെ ബൈഡന്‍ വിശേഷിപ്പിച്ചത്. ബ്രിട്ടനും, അമേരിക്കയും, ഓസ്‌ട്രേലിയയും തമ്മിലുള്ള ഒരു ത്രിരാഷ്ട്ര കരാര്‍  പ്രഖ്യാപന ചടങ്ങിലാണ് സംഭവം. ചടങ്ങിന് ശേഷം ബ്രിട്ടീഷ് പ്രധാനമന്ത്രിയോട് പേരെടുത്ത് നന്ദി പറഞ്ഞ ബൈഡന്‍ പക്ഷേ ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രിയുടെ പേര് മാത്രം ഓര്‍ത്തെടുക്കാന്‍ കഴിയാതെ ബുദ്ധിമുട്ടി.

തംപ്‌സ് അപ്പ് ആംഗ്യം കാണിച്ചാണ് മോറിസണ്‍ പ്രതികരിച്ചത്. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലായി.

Content Highlights: jo Biden forgets name of Australian PM during a press conference