യുണൈറ്റഡ് നേഷന്‍സ്: ഇസ്രയേലിന്റെ തലസ്ഥാനമായി ജെറുസലേമിനെ അംഗീകരിച്ച അമേരിക്കന്‍ നിലപാടിനെതിരായ പ്രമേയത്തെ യു.എന്‍ പൊതുസഭയില്‍ അനുകൂലിച്ചത് 128 രാജ്യങ്ങള്‍.

പ്രമേത്തെ അനുകൂലിക്കുന്ന രാജ്യങ്ങള്‍ക്കുള്ള സാമ്പത്തിക സഹായം നിര്‍ത്തിവെക്കുമെന്ന ട്രംപിന്റെ ഭീഷണി വകവയ്ക്കാതെയാണ് നൂറിലേറെ രാജ്യങ്ങള്‍ പ്രമേയത്തെ അനുകൂലിച്ചത്. അമേരിക്കയും ഇസ്രയേലും അടക്കമുള്ള ഒമ്പത് രാജ്യങ്ങള്‍ മാത്രമാണ് പ്രമേയത്തെ എതിര്‍ത്തത്. 35 രാജ്യങ്ങള്‍ വിട്ടുനിന്നു.

യു.എന്‍ പൊതുസഭയില്‍ അമേരിക്ക ഒറ്റപ്പെട്ട ദിവസം മറക്കാന്‍ കഴിയില്ലെന്ന് ഐക്യരാഷ്ട്രസഭയിലെ യു.എസ് സ്ഥാനപതി നിക്കി ഹാലി പ്രതികരിച്ചു. ഇസ്രയേലിലെ അമേരിക്കന്‍ സ്ഥാനപതി കാര്യാലയം ജറുസലേമിലേക്ക് മാറ്റുകതന്നെ ചെയ്യുമെന്ന് അവര്‍ വ്യക്തമാക്കി.

ഐക്യരാഷ്ട്രസഭയുടെ പ്രമേയം അമേരിയുടെ തീരുമാനത്തില്‍ മാറ്റം വരുത്തില്ല. എന്നാല്‍ ഐക്യരാഷ്ട്രസഭയെപ്പറ്റിയുള്ള അമേരിക്കയുടെ കാഴ്ചപ്പാടില്‍ പ്രമേയം മാറ്റം വരുത്തും. പ്രമേയത്തെ അനുകൂലിച്ച രാജ്യങ്ങളെക്കുറിച്ചുള്ള അമേരിക്കയുടെ കാഴ്ചപ്പാടിലും മാറ്റം വരുമെന്ന് ഹാലെ വ്യക്തമാക്കി.

അറബ് രാജ്യങ്ങളുടെ അഭ്യര്‍ഥന മാനിച്ചാണ് യു.എന്‍ പൊതുസഭ വ്യാഴാഴ്ച അടിയന്തരമായി ചേര്‍ന്നത്. അറബ്, മുസ്‌ലിം രാജ്യങ്ങള്‍ക്കുവേണ്ടി യെമനും തുര്‍ക്കിയും ചേര്‍ന്ന് പ്രമേയം കൊണ്ടുവന്നു. ട്രംപിന്റെ നടപടിയെ നിരാകരിക്കുക. ജെറുസലേമിന്റെ കാര്യത്തില്‍ ഇസ്രയേലും പാലസ്തീനും ചര്‍ച്ചയിലൂടെ തീരുമാനമെടുക്കുക എന്ന നിലപാട് ഊന്നിപ്പറയുക, ജറുസലേമിന്റെ പദവിയെക്കുറിച്ചുള്ള തീരുമാനങ്ങള്‍ക്ക് നിയമ സാധുതയില്ലെന്ന് വ്യക്തമാക്കുക എന്നിവയായിരുന്നു യു.എന്‍ പ്രമേയത്തിന്റെ ഉള്ളടക്കം.