റാമല്ല: ജെറുസലേം 'വില്‍പനയ്ക്കുള്ള സ്ഥല'മല്ലെന്ന് അമേരിക്കയോട് പലസ്തീന്‍. പലസ്തീന് നല്‍കിവരുന്ന വാര്‍ഷിക സാമ്പത്തികസഹായം നിര്‍ത്തലാക്കുമെന്ന അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഭീഷണിയോടുള്ള പ്രതികരണമായാണ് പലസ്തീന്‍ പ്രസിഡന്റ് മഹമൂദ് അബ്ബാസിന്റെ ഓഫീസ് ഇക്കാര്യം വ്യക്തമാക്കിയത്.

മൂന്നുകോടിയോളം അമേരിക്കന്‍ ഡോളറിന്റെ വാര്‍ഷിക സാമ്പത്തിക സഹായം നിര്‍ത്തലാക്കുമെന്നായിരുന്നു ട്രംപിന്റെ ഭീഷണി. പലസ്തീന്റെ അനശ്വര തലസ്ഥാനമാണ് ജെറുസലേം. അത് സ്വര്‍ണത്തിനോ പണത്തിനു വേണ്ടിയോ വില്‍ക്കാനുള്ളതല്ല. ഏകപക്ഷീയമായി ജറുസലേമിനെ ഇസ്രയേലിന്റെ തലസ്ഥാനമായി അംഗീകരിച്ച അമേരിക്കയുടെ നടപടിയെ സൂചിപ്പിച്ചു കൊണ്ട് പലസ്തീന്‍ പ്രസിഡന്റിന്റെ ഓഫീസ് വക്താവ് നബീല്‍ അബു റുഡൈന എ എഫ് പി വാര്‍ത്താ ഏജന്‍സിയോട് പ്രതികരിച്ചു.

ചൊവ്വാഴ്ചയായിരുന്നു പലസ്തീന് സാമ്പത്തിക സഹായം നിര്‍ത്തലാക്കുമെന്ന ട്രംപിന്റെ ഭീഷണി സന്ദേശം വന്നത്‌.

നൂറുകണക്കിന് ദശലക്ഷം ഡോളറാണ് പാലസ്തീന് ഒരോവര്‍ഷവും നല്‍കുന്നത്. എന്നാല്‍ അഭിനന്ദനമോ ബഹുമാനമോ തിരികെ ലഭിക്കുന്നുമില്ല. സമാധാനത്തെ കുറിച്ച് സംസാരിക്കാന്‍ പലസ്തീന്‍ തയ്യാറാകാത്ത സാഹചര്യത്തില്‍ എന്തിന് വലിയ തുകകള്‍ ഭാവിയില്‍ അവര്‍ക്കു നല്‍കണം- ട്രംപ് ട്വീറ്റില്‍ ചോദിച്ചിരുന്നു.