വാഷിങ്ടണ്‍: ബഹിരാകാശത്തേക്ക് പറന്ന് ശതകോടീശ്വരനും ആമസോണ്‍ സ്ഥാപകനുമായ ജെഫ് ബെസോസ്‌. സ്വന്തം കമ്പനിയുടെ ബ്ലൂ ഒറിജിന്‍ റോക്കറ്റിലായിരുന്നു യാത്ര. വെസ്റ്റ് ടെക്‌സാസിലെ മരുഭൂമിയില്‍നിന്ന് പ്രാദേശിക സമയം രാവിലെ 8.12 ന് റോക്കറ്റ് കുതിച്ചുയര്‍ന്നു. ദൃശ്യങ്ങള്‍ കമ്പനി തത്സമയം സംപ്രേഷണം ചെയ്തു. അതീവ സന്തോഷവാനാണെന്ന് ബെസോസ് പ്രതികരിച്ചു. ശതകോടീശ്വരന്‍ റിച്ചഡ് ബ്രാന്‍സണ്‍ ബഹിരാകാശത്തേക്ക് പോയി മടങ്ങി വന്നതിന് പിന്നാലെയാണ് ബെസോസിന്റെയും പറക്കല്‍.

ചന്ദ്രനില്‍ മനുഷ്യന്‍ കാലു കുത്തിയതിന്റെ 52-ാം വാര്‍ഷികത്തിലാണ് ജെഫ് ബെസോസും സംഘവും ബഹിരാകാശത്തേക്ക് കുതിച്ചത് എന്ന പ്രത്യേകതയും യാത്രയ്ക്കുണ്ട്. 1969 ജൂലൈ 20-നായിരുന്നു മനുഷ്യന്‍ ആദ്യമായി ചന്ദ്രനില്‍ കാല് കുത്തുന്നത്. 'യൂറി ഗഗാറിനാണ് ബഹിരാകാശത്ത് ആദ്യം എത്തിയത്. അത് എന്നേ കഴിഞ്ഞതാണ്. ഇപ്പോഴുള്ള യാത്രകള്‍ മത്സരങ്ങളല്ല. വരുന്ന തലമുറകള്‍ക്ക് ബഹിരാകാശത്തേക്കുള്ള യാത്രകള്‍ സുഖകരമാക്കാനുള്ളതാണ്', - നേരത്തെ ജെഫ് ബെസോസ് പറഞ്ഞിരുന്നു.

ജൂലൈ 11-നായിരുന്നു ബ്രാന്‍സന്റെ ബഹിരാകായാത്ര. രണ്ട് പൈലറ്റ് ഉള്‍പ്പെടെ ആറ് പേരായിരുന്നു ബ്രാന്‍സന്റെ സ്‌പേസ് യാത്രയിലുണ്ടായിരുന്നത്. ഇന്ത്യക്കാരിയായ സിരിഷ ബാന്ദ്‌ലയും ടീമില്‍ ഉണ്ടായിരുന്നു. 

ബഹിരാകാശത്തെത്തുന്ന ആദ്യ കോടീശ്വരനാകാനുള്ള ഒരുക്കത്തിലായിരുന്നു ജെഫ് ബെസോസ്. നേരത്തെ തന്നെ തീയതി നിശ്ചയിച്ച് പറക്കാനുള്ള ഒരുക്കത്തിലായിരുന്നു. എന്നാല്‍ ബെസോസിന്റെ സ്വപ്നങ്ങള്‍ക്ക് തിരിച്ചടി നല്‍കിക്കൊണ്ടായിരുന്നു ബ്രാന്‍സന്റെ കുതിപ്പ്. ബെസോസ് പോകാനുദ്ദേശിച്ചതിന് ദിവസങ്ങള്‍ മുമ്പേ ബ്രാന്‍സണ്‍ തന്റെ ടീമുമായി ബഹിരാകാശത്തേക്ക് പോയി മടങ്ങിയെയെത്തി. ബഹിരാകാശ ടൂറിസം സാധ്യതകള്‍ വര്‍ധിപ്പിക്കുക എന്നതാണ് ഇരുവരുടെയും ലക്ഷ്യം.

Content Highlights: Jeff Bezos space Blue origin