ടോക്യോ: കോവിഡ് പ്രതിരോധത്തിനും നിയന്ത്രണത്തിനും പഠിച്ചപണി പതിനെട്ടും പയറ്റുകയാണ് രാജ്യങ്ങള്‍. എന്നാല്‍ ഇതിനായി മുന്നോട്ടുവെക്കുന്ന മാര്‍ഗനിര്‍ദേശങ്ങള്‍ പൗരന്മാര്‍ പാലിക്കാതിരുന്നാലോ? കര്‍ശന നടപടികള്‍ സ്വീകരിക്കാന്‍ അധികൃതര്‍ നിര്‍ബന്ധിതരാകും. ഇത്തരത്തില്‍, ക്വാറന്റീന്‍ പാലിക്കാതെ കറങ്ങി നടന്നവരെ അകത്തിരുത്താന്‍ കടന്നകൈ പ്രയോഗിച്ചിരിക്കുകയാണ് ജപ്പാന്‍. 

ക്വാറന്റീന്‍ നിയന്ത്രണങ്ങള്‍ ലംഘിക്കുന്ന പൗരന്മാരുടെ പേരു വെളിപ്പെടുത്തി 'പരസ്യമായി നാണംകെടുത്താനാ'ണ് ജപ്പാന്റെ തീരുമാനം. വിദേശത്തുനിന്ന് മടങ്ങിയെത്തിയ ശേഷം ക്വാറന്റീന്‍ പാലിക്കാതിരുന്ന മൂന്നുപേരുടെ പേരുവിവരങ്ങള്‍ ജപ്പാന്‍ പരസ്യപ്പെടുത്തി. ഇതാദ്യമായാണ് രാജ്യത്ത് ഇത്തരമൊരു നടപടി. വിദേശത്തുനിന്ന് മടങ്ങിയെത്തിയ ഇവര്‍, അക്കാര്യം അധികൃതരെ അറിയിച്ചിട്ടുണ്ടായിരുന്നില്ലെന്ന് പേരുകള്‍ പ്രസിദ്ധപ്പെടുത്തിയതിനു പിന്നാലെ ആരോഗ്യമന്ത്രാലയം അറിയിച്ചു.

വിദേശത്തുനിന്ന് എത്തുന്ന, സ്വന്തം പൗരന്മാര്‍ ഉള്‍പ്പെടെ എല്ലാവരും രണ്ടാഴ്ച സ്വയം ക്വാറന്റീനില്‍ കഴിയണമെന്നാണ് ജപ്പാന്‍ നിര്‍ദേശം നല്‍കിയിരിക്കുന്നത്. ഇക്കാലയളവില്‍, ലൊക്കേഷന്‍ ട്രാക്കിങ് സ്മാര്‍ട്ട് ഫോണുകള്‍ ഉപയോഗിക്കണമെന്നും ആരോഗ്യനിലയെ കുറിച്ച് വിവരം അറിയിക്കണമെന്നും നിര്‍ദേശമുണ്ട്. 

content highlights: japan to starts name and shame those who breaks quarantine rules