ടോക്യോ നഗരത്തിലെ കാഴ്ച| ഫോട്ടോ: എ.പി
ടോക്യോ: ഗ്രാമങ്ങളില്‍ പോയി രാപാര്ക്കൂ. താമസമാക്കൂ. സാമ്പത്തിക സഹായം നല്കി ജനങ്ങളെ തലസ്ഥാനമായ ടോക്യോ നഗരത്തില്‍ നിന്ന് ഗ്രാമങ്ങളിലേക്ക് അയക്കാനുള്ള പദ്ധതിയുമായി ജപ്പാന് സര്‍ക്കാര്‍. ഗ്രാമങ്ങളില്‍ ജനവാസമില്ലാതായതോടെയാണ് സഹായധനം നല്കി ജനങ്ങളെ ഗ്രാമീണരാക്കാനുള്ള നീക്കം.
കുടുംബമായി ഗ്രാമീണ ജീവിതത്തിലേക്ക് മാറാനാണ് പ്രേരിപ്പിക്കുന്നത്. ഓരോ കുട്ടിക്കും 10 ലക്ഷം യെന്‍(ജപ്പാന് കറന്‍സി) വീതം നല്‍കും. അതായത് ഏകദേശം 6,33,000 രൂപ വീതം. ടോക്യോയില്‍ നിന്ന് മടങ്ങാന്‍ ആഗ്രഹിക്കുന്ന രണ്ട് കുട്ടികള്‍ അടങ്ങുന്ന കുടുംബത്തിന് ലഭിക്കുക 30 ലക്ഷം യെന്നാണ്.
2019 ല്‍ ആരംഭിച്ച പദ്ധതി പ്രകാരം 2027 ഓടെ 10,000 പേരെങ്കിലും ടോക്യോ വിട്ട് ഗ്രാമവാസികളാകും എന്നാണ് സര്‍ക്കാര്‍ കണക്കുകൂട്ടുന്നത്. 2019 ല്‍ 71 കുടുംബങ്ങള്‍ സഹായം കൈപ്പറ്റി ടോക്യോ വിട്ടു. 2020 ല്‍ 290 ഉം 2021 ല്‍ 1184 കുടുംബങ്ങളും പദ്ധതിയുടെ ഭാഗമായി.
മധ്യ ടോക്യോയില്‍ അഞ്ച് വര്‍ഷമായി താമസിക്കുന്നവര്‍ക്കാണ് ഈ പുനരധിവാസ പദ്ധതി. ഗ്രാമങ്ങളില്‍ ചേക്കേറി അവിടെ ബിസിനസ്സ് തുടങ്ങാനുള്ള സാമ്പത്തിക സഹായം വേറെ നല്‍കാനും സര്‍ക്കാര്‍ തയ്യാറാണ്.
കേള്‍ക്കുമ്പോള്‍ ലോട്ടറിയായി തോന്നാമെങ്കിലും അത്ര സുഖപ്രദമല്ല ഈ ഓഫര്‍. കാരണം സഹായം വാങ്ങി ഗ്രാമങ്ങളില്‍ ജീവിതം തുടങ്ങുന്നവര്‍ കുറഞ്ഞത് അഞ്ച് വര്‍ഷമെങ്കിലും അവിടെ താമസിക്കുന്ന പുതിയ ഭവനങ്ങളില്‍ താമസം തുടരണം. അഞ്ച് വര്‍ഷകാലാവധി പൂര്‍ത്തിയാക്കാതെ ഗ്രാമം വിട്ടുപോയാല്‍ വാങ്ങിയ സഹായം തിരിച്ചുനല്‍കണം.
ജനനനിരക്ക് ആശങ്കാജനകമാം വിധം കുറഞ്ഞ ജപ്പാനില്‍ കുഞ്ഞുങ്ങള്‍ ജനിക്കുമ്പോള്‍ രക്ഷിതാക്കള്‍ക്ക് നല്കുന്ന സഹായം 2.52 ലക്ഷം രൂപ വീതമായിരുന്നത് മൂന്നു ലക്ഷമാക്കി ഉയര്‍ത്തി സര്‍ക്കാര്‍ ജനനനിരക്ക് ഉയര്‍ത്താനുള്ള പ്രോത്സാഹനം നല്‍കിയിട്ടും ജനങ്ങള്‍ താത്പര്യപ്പെടുന്നില്ല.
ജപ്പാനില്‍ കഴിഞ്ഞ വര്‍ഷം ജനിച്ചത് 811,604 കുഞ്ഞുങ്ങളാണ്. 1899 ന് ശേഷമുള്ള ഏറ്റവും കുറഞ്ഞ ജനനനിരക്കാണിത്.
Content Highlights: Japan, depopulation in rural areas
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..