ടോക്യോ: കോവിഡ് കേസുകള്‍ ഉയരുന്ന സാഹചര്യത്തില്‍ ജപ്പാനിലെ ആറ് പ്രവിശ്യകളില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. രാജ്യതലസ്ഥാനവും ഒളിമ്പിക്‌സ് വേദിയുമായ ടോക്യോ, സൈതാമ, ചിബ, കനഗാവ, ഒസാക്ക, ഒഖിനാവ എന്നീ പ്രവിശ്യകളിലാണ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്. ദിനംപ്രതിയുള്ള കോവിഡ് കേസുകളില്‍ 61 ശതമാനത്തോളം വര്‍ധവുണ്ടായതിന് പിന്നാലെയാണ് രോഗവ്യാപനം നിയന്ത്രിക്കാന്‍ ജാപ്പനീസ് ഭരണകൂടം കര്‍ശന നടപടികളിലേക്ക് നീങ്ങിയത്. 

കോവിഡ് കേസുകള്‍ കുതിച്ചുയരുന്ന രാജ്യത്തെ ആറ് പ്രവിശ്യകളില്‍ ഓഗസ്റ്റ് 31 വരെ അടിയന്തരാവസ്ഥ ഏര്‍പ്പെടുത്താനാണ് തീരുമാനിച്ചതെന്ന് ജാപ്പനീസ് പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു. ഹൊക്കായിഡോ, ഇഷികാവ, ക്യോടോ, ഹ്യോഗോ, ഫുക്കുഓക്ക എന്നീ പ്രവിശ്യകളിലേക്ക് രോഗം പടരുന്നത് തടയാന്‍ മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കുമെന്നും പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു. 

അനാവശ്യ യാത്രകള്‍ ഒഴിവാക്കണമെന്നും അത്യാവശ്യ കാര്യങ്ങള്‍ക്കല്ലാതെ ജനങ്ങള്‍ വീടിന് പുറത്തിറങ്ങരുതെന്നും സര്‍ക്കാര്‍ അഭ്യര്‍ഥിച്ചു. യുവാക്കള്‍ക്ക് കൂടുതല്‍ വാക്‌സിന്‍ നല്‍കാനാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്നും ഓഗസ്റ്റ് അവസാന വാരത്തോടെ രാജ്യത്തെ 40 ശതമാനത്തിലധികം പേര്‍ക്ക് രണ്ട് ഡോസ് വാക്‌സിനും നല്‍കാനാണ് ലക്ഷ്യമിടുന്നതെന്നും ജാപ്പനീസ് സര്‍ക്കാര്‍ അറിയിച്ചു. 

content highlights: Japan declares state of emergency after record spike in Covid infections