ടോക്കിയോ: ചന്ദ്രനിലേക്കുള്ള യാത്രയില്‍ കൂട്ടിനായി പെണ്‍സുഹൃത്തിനെ തേടി ജപ്പാനിലെ കോടീശ്വരന്‍. വ്യവസായ പ്രമുഖനും ഫാഷന്‍ കമ്പനിയായ സോസോയുടെ മുന്‍ മേധാവിയുമായ യുസാക്കു മെസാവയാണ് ചാന്ദ്രയാത്രയ്ക്ക് പെണ്‍സുഹൃത്തിനെ തേടി ഓണ്‍ലൈന്‍ പരസ്യം നല്‍കിയിരിക്കുന്നത്. അവിവാഹിതയും മറ്റു പ്രണയബന്ധങ്ങളുമില്ലാത്ത ഇരുപത് വയസ്സോ അതില്‍ കൂടുതലോ പ്രായമുള്ളവര്‍ക്കാണ് അവസരം. 

ജനുവരി 17 ആണ് അപേക്ഷിക്കാനുള്ള അവസാന തീയതി. അപേക്ഷകരുമായി ഡേറ്റിങ് ഒക്കെ കഴിഞ്ഞതിന് ശേഷം മാത്രമേ പെണ്‍സുഹൃത്തിനെ അദ്ദേഹം തിരഞ്ഞെടുക്കുകയുള്ളൂ. 

രണ്ട് പങ്കാളികളിലായി മൂന്ന് കുട്ടികളുള്ള യുസാക്കു അടുത്തിടെയാണ് ഒരു ജപ്പാനീസ് നടിയുമായുള്ള ബന്ധം വേര്‍പിരിഞ്ഞത്. ഇതിനുശേഷം പങ്കാളികളില്ലാതിരുന്ന തന്നെ ഏകാന്തത ഏറെ മടുപ്പിച്ചെന്നും അതിനാലാണ് ഈ തീരുമാനമെന്നും 44-കാരനായ അദ്ദേഹം പരസ്യത്തില്‍ പറയുന്നു. 

2023 ലോ അതിനുശേഷമോ ആയിരിക്കും സ്‌പേസ്എക്‌സിന്റെ ബഹിരാകാശ യാത്രയില്‍ യുസാക്കുവും പങ്കാളിയാവുക. തന്നോടൊപ്പം ഏതാനുംചില കലാകാരന്മാരെ യാത്രയ്‌ക്കൊപ്പം കൂട്ടാനും ഇദ്ദേഹത്തിന് പദ്ധതിയുണ്ട്.  

Content Highlights: japan billionaire yusaku maezava invites applications for girlfriend to his moon journey