ടോക്യോ: രാജ്യത്തെ ആത്മഹത്യാനിരക്ക് കുറയ്ക്കാനും പൗരന്മാരെ സദാ സന്തുഷ്ടരാക്കാനും ജപ്പാനില്‍ പുതിയ മന്ത്രി. മിനിസ്റ്റർ ഓഫ് ലോണ്‍ലിനെസ് (ഏകാന്തതാ മന്ത്രി) എന്ന പേരിലാണ് പുതിയ മന്ത്രി.

കോവിഡ് കാലത്ത് രാജ്യത്ത് ആത്മഹത്യാനിരക്കിലുണ്ടായ വര്‍ധനവ് കണക്കിലെടുത്താണ് പുതിയ മന്ത്രിയെ നിയമിച്ചിരിക്കുന്നത്. പതിനൊന്ന് വര്‍ഷത്തിനിടെ ആത്മഹത്യ ചെയ്യുന്നവരുടെ എണ്ണം മഹാമാരിയുടെ കാലത്ത് ജപ്പാനില്‍ വര്‍ധിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. 

ഫെബ്രുവരി ആദ്യമാണ് ജപ്പാന്‍ പ്രധാനമന്ത്രി യോഷിഹിതെ സുഗ മന്ത്രിസഭയില്‍ മിനിസ്റ്റര്‍ ഓഫ് ലോണ്‍ലിനെസ്സിനെ (ഏകാന്തതാ മന്ത്രി) കൂടി ഉള്‍പ്പെടുത്തിയത്. 2018 ല്‍ ബ്രിട്ടനാണ് ലോകത്താദ്യമായി ഇത്തരത്തിലൊരു മന്ത്രിയെ നിയമിച്ചത്. ബ്രിട്ടന്റെ പാത പിന്തുടര്‍ന്നാണ് ജപ്പാന്‍ ടെറ്റ്‌സുഷി സാകാമോട്ടോയെ പുതിയ വകുപ്പേല്‍പിച്ചിരിക്കുന്നത്. സങ്കടത്തിലും ഏകാന്തതയിലും കഴിയുന്നവരുടെയും വളരെക്കാലമായി സമൂഹവുമായി ഇടപഴകാതിരിക്കുന്നവരുടെയും പ്രശ്‌നം പരിഹരിക്കുകയാണ് ടെറ്റ്‌സുഷി സാകാമോട്ടോയുടെ ചുമതല. 

ജപ്പാനില്‍ ജനനനിരക്കിലുണ്ടായ കുറവ് പരിഹരിക്കാനുള്ള വകുപ്പും പ്രാദേശിക സമ്പദ്ഘടനകളുടെ പുനരുജ്ജീവനവും കൈകാര്യവും ചെയ്യുന്നത് ടെറ്റ്‌സുഷി സാകാമോട്ടോയാണ്. സ്ത്രീകളുടെ ആത്മഹത്യാനിരക്കിന് പ്രത്യേക ഊന്നല്‍ നല്‍കി വിഷയത്തില്‍ ആവശ്യമായ നടപടി സ്വീകരിക്കാനും സാമൂഹിക ഏകാന്തതയും ഒറ്റപ്പെടലും ഒഴിവാക്കാന്‍ അനിവര്യമായ കാര്യങ്ങള്‍ ചെയ്യാനും പ്രധാനമന്ത്രി ചുമതലപ്പെടുത്തിയതായി ടെറ്റ്‌സുഷി സാകാമോട്ടോ അറിയിച്ചു. 

 

 

Content Highlights: Japan Appoints "Loneliness" Minister To Check Rising Suicide Rate