ആക്രമണം നടത്തിയ അഞ്ച് തീവ്രവാദികളും കൊല്ലപ്പെട്ടു
പോലീസുകാര്‍ അടക്കം 19 പേര്‍ക്ക് പരിക്ക്
 

ജലാലാബാദ്: അഫ്ഗാനിസ്ഥാനിലെ ജലാലാബാദിലുള്ള ഇന്ത്യന്‍ കോണ്‍സുലേറ്റിനുനേരെ ഭീകരാക്രമണം. ബുധനാഴ്ച ഉച്ചയ്ക്കുശേഷമാണ് ചാവേര്‍ ആക്രമണവും വെടിവെപ്പും ഉണ്ടായത്. സുരക്ഷാ ഉദ്യോഗസ്ഥരടക്കം 19 പേര്‍ക്ക് പരിക്കേറ്റു. കോണ്‍സുലേറ്റിലെ ജീവനക്കാര്‍ അടക്കമുള്ള ഇന്ത്യക്കാര്‍ സുരക്ഷിതരാണെന്ന് അധികൃതര്‍ അറിയിച്ചു.

ചാവേര്‍ പോരാളിയടക്കം അഞ്ചുപേരാണ് കോണ്‍സുലേറ്റ് ആക്രമിച്ചത്. ചാവേര്‍ സ്വയം സ്‌ഫോടനം നടത്തി മരിച്ചു. നാല് തീവ്രവാദികളെ സൈന്യം വധിച്ചു. കോണ്‍സുലേറ്റിന്റെ സുരക്ഷാ ചുമതയുള്ള ഇന്‍ഡോ ടിബറ്റന്‍ ബോര്‍ഡര്‍ പോലീസും (ഐ.ടി.ബി.പി) അഫ്ഗാന്‍ സുരക്ഷാ ഉദ്യോഗസ്ഥരുമാണ് ഭീകരരെ നേരിട്ടത്. അഫ്ഗാന്‍ സുരക്ഷാ സൈന്യം പ്രത്യാക്രമണത്തിനായി കവചിത വാഹനങ്ങള്‍ അടക്കമുള്ള ഉടന്‍ സ്ഥലത്തെത്തിച്ചു. ഭീകരാക്രമണത്തില്‍ എട്ട് കാറുകള്‍ പൂര്‍ണമായും തകര്‍ന്നു. നിരവധി കെട്ടിടങ്ങള്‍ക്കും കേടുപാടുണ്ട്.

ആക്രമണത്തിന്റെ ഉത്തരവാദിത്വം ഭീകര സംഘടനകളൊന്നും ഏറ്റെടുത്തിട്ടില്ല. ഇറാന്റെയും പാകിസ്താന്റെയും കോണ്‍സുലേറ്റുകള്‍ ആക്രമണം നടന്ന ഇന്ത്യന്‍ കോണ്‍സുലേറ്റിന് സമീപമുണ്ട്. ഇന്ത്യന്‍ കോണ്‍സുലേറ്റിന് തൊട്ടടുത്തുള്ള പാകിസ്താനി കോണ്‍സുലേറ്റിനുനേരെ ജനവരിയില്‍ ഭീകരാക്രമണം നടന്നിരുന്നു. ഇസ് ലാമിക് സ്റ്റേറ്റ് ഭീകരര്‍ ആയിരുന്നു ആക്രമണത്തിന് പിന്നില്‍. അഫ്ഗാനിസ്ഥാനിലെ വടക്കന്‍ നഗരമായ മാസരി ഷെരീഫിലെ ഇന്ത്യന്‍ കോണ്‍സുലേറ്റിനുനേരെയും കഴിഞ്ഞ ജനവരിയില്‍ ഭീകരാക്രമണം നടന്നിരുന്നു.