കോവിഡില്‍ നിന്ന് ഓടിയൊളിക്കാന്‍ ഏതറ്റം വരെ നാം പോകുമെന്ന് എപ്പോഴെങ്കിലും ആലോചിച്ച് നോക്കിയിട്ടുണ്ടോ? സാനിറ്റൈസറും മാസ്‌കും പിപിഇ കിറ്റുമൊന്നുമില്ലാത്ത യാത്ര പോലും ഇന്നത്തെ സാഹചര്യത്തില്‍ തികച്ചും അന്യമാണ്. എന്നാല്‍ ചെലവാക്കാന്‍ കയ്യിലാവശ്യത്തിലധികം പണമുണ്ടെങ്കില്‍ ഏതു വിധേനയും വൈറസില്‍ നിന്ന് പരമാവധി സംരക്ഷണം നാം ഉറപ്പാക്കും. അത്തരത്തിലൊരു കാര്യമാണ് ഇൻഡൊനീഷ്യയിലെ റിച്ചാര്‍ഡ് മുല്‍ജദിയും ചെയ്തത്. 

കൊറോണപ്പേടി കാരണം ഭാര്യ ഷാല്‍വൈന്‍ ചാങ്ങുമായുള്ള ബാലി യാത്രയ്ക്കായി ലയണ്‍ എയര്‍ വിമാനത്തിലെ മുഴുവന്‍ സീറ്റുകളും ബുക്ക് ചെയ്തതായി റിച്ചാര്‍ഡ് തന്റെ ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെ അറിയിച്ചു. വിമാനത്തില്‍ ഒറ്റയ്ക്കിരിക്കുന്നതിന്റെയും ഒഴിഞ്ഞ സീറ്റുകളുടേയും ഫോട്ടോ റിച്ചാര്‍ഡ് സ്‌റ്റോറിയില്‍ ചേര്‍ത്തിരുന്നു. വിമാനത്തില്‍ തങ്ങള്‍ മാത്രമല്ലെങ്കില്‍ യാത്ര മാറ്റി വെക്കുമായിരുന്നുവെന്നും റിച്ചാര്‍ഡ് പറഞ്ഞു. 

എന്നാല്‍ റിച്ചാര്‍ഡിന്റെ ഇന്‍സ്റ്റഗ്രാം സ്‌റ്റോറി പോലെയല്ല കഥയെന്നാണ് വിവരം. വിമാനത്തില്‍ രണ്ട് സീറ്റുകള്‍ മാത്രമാണ് റിച്ചാര്‍ഡിന്റെ പേരില്‍ ബുക്ക് ചെയ്തിരുന്നതെന്ന് ലയണ്‍ എയര്‍ ഗ്രൂപ്പ് വക്താവ് അറിയിച്ചു. മുഴുവന്‍ വിമാനസീറ്റുകള്‍ ബുക്ക് ചെയ്യണമെങ്കില്‍ വൻ തുക റിച്ചാര്‍ഡ് ചെലവാക്കേണ്ടി വരും. ഇത്രയും തുക ചെലവാക്കി റിച്ചാര്‍ഡ് വിമാനം ബുക്ക് ചെയ്തതായി ഇതു വരെ സ്ഥിരീകരിച്ചിട്ടില്ലെന്നാണ് കമ്പനി വക്താവ് പറയുന്നത്. Jakarta man books entire flight to Bali

ആഡംബര ജീവിതം നയിക്കുന്ന റിച്ചാര്‍ഡിന്റെ വക സാമൂഹിക മാധ്യമങ്ങളില്‍ ഇതു പോലെയുള്ള 'തള്ളുകള്‍' പതിവാണ്. രാജ്യത്തെ പ്രമുഖ വ്യവസായിയായ കാര്‍ട്ടിനി മുല്‍ജദിയുടെ പേരക്കുട്ടിയായ റിച്ചാര്‍ഡ് മുമ്പൊരിക്കല്‍ തന്റെ നായക്കുട്ടിയ്ക്ക് കാര്‍ വാങ്ങി നല്‍കി സാമൂഹിക മാധ്യമങ്ങളില്‍ നിറഞ്ഞിരുന്നു. 2018 ല്‍ മയക്കുമരുന്ന് സൂക്ഷിച്ചതിനും ഉപയോഗിച്ചതിനും പോലീസ് അറസ്റ്റ് ചെയ്ത് മാധ്യമവാര്‍ത്തകളുടെ തലക്കെട്ടിലും ഈ സമ്പന്നകുമാരന്‍ ഇടം പിടിച്ചിരുന്നു. 

 

Content Highlights: Jakarta man books entire flight to Bali to protect himself from Covid-19