ബ്രസീലിൽ പ്രതിഷേധിക്കുന്ന ബൊൽസൊനാരോ അനുകൂലികൾ | Photo: AFP
ബ്രസീലിയ: ബ്രസീലില്‍ കലാപം അഴിച്ചുവിട്ട് മുന്‍ പ്രസിഡന്റ് ജൈര്‍ ബൊല്‍സൊനാരോ അനുകൂലികള്‍. പാര്‍ലമെന്റ് മന്ദിരം വളഞ്ഞ പ്രക്ഷോഭര്‍ ഞായറാഴ്ച പ്രസിഡന്റിന്റെ കൊട്ടാരവും സുപ്രീം കോടതിയും ആക്രമിച്ചു. 'ഫാസിസ്റ്റ് ആക്രമണം' എന്നാണ് സംഭവത്തോട് പ്രസിഡന്റ് ലുല ഡ സില്‍വ പ്രതികരിച്ചത്.
ബ്രസീല്‍ പതാകയുടെ നിറമുള്ള വസ്ത്രങ്ങളണിഞ്ഞായിരുന്നു തീവ്ര വലതുപക്ഷ അനുഭാവികളായ ബൊല്‍സൊനാരോ അനുകൂലികളുടെ പ്രതിഷേധം നടന്നത്. സുരക്ഷാസേന പ്രക്ഷോഭകരെ തടയുന്നതില്‍ പരാജയപ്പെട്ടതോടെ പാര്‍ലമെന്റിന്റെ ഉള്ളിലെത്തിയ പ്രക്ഷോഭകര്‍ സെനറ്റ് ഭാഗം അടിച്ചു തകര്‍ത്തു. പ്രക്ഷോഭകരെ നിയന്ത്രിക്കാന്‍ മണിക്കൂറുകളോളം പണിപ്പെട്ട പോലീസിന് ഒടുവില്‍ കണ്ണീര്‍വാതകം പ്രയോഗിക്കേണ്ടിവന്നു. വൈകുന്നേരത്തോടെയാണ് പ്രക്ഷോഭം പോലീസ് നിയന്ത്രണവിധേയമാക്കിയത്. 200-ഓളം പ്രക്ഷോഭകരെ പോലീസ് അറസ്റ്റു ചെയ്തു നീക്കി.
ലുല ഡ സില്‍വ അധികാരത്തിലേറി ഒരാഴ്ച പിന്നിടുമ്പോഴാണ് പ്രക്ഷോഭം പൊട്ടിപ്പുറപ്പെട്ടത്. ഒക്ടോബര്‍ 30-ന് നടന്ന തിരഞ്ഞെടുപ്പില്‍ ലുല ഡ സില്‍വയുടെ വിജയത്തില്‍ അട്ടിമറി നടന്നുവെന്നും നേരിയ ഭൂരിപക്ഷത്തിന്റെ പിന്‍ബലത്തിലാണ് സില്‍വ പ്രസിഡന്റ് സ്ഥാനത്തേക്കെത്തിയത് എന്നുമാരോപിച്ചാണ് ആയിരക്കണക്കിന് ബൊല്‍സൊനാരോ അനുകൂലികളുടെ പ്രതിഷേധം. തിരഞ്ഞെടുപ്പു ഫലത്തില്‍ പുനപ്പരിശോധന നടത്തണമെന്നും ബോല്‍സൊനാരോയ്ക്ക് അധികാരം നല്‍കണമെന്നുമാണ് പ്രക്ഷോഭകരുടെ ആവശ്യം.
എന്നാല്‍, തിരഞ്ഞെടുപ്പിലെ പരാജയത്തിനു ശേഷം ഫ്ളോറിഡയ്ക്കു കടന്ന ബൊല്‍സൊനാരോ ഇതുവരെ പ്രതികരിച്ചിട്ടില്ല. തിരഞ്ഞെടുപ്പു നടന്ന് മാസങ്ങളായെങ്കിലും ബൊല്‍സൊനാരോ തോല്‍വി അംഗീകരിക്കാന്‍ തയ്യാറായിരുന്നില്ല. തിരഞ്ഞെടുപ്പിനുപയോഗിച്ച ഇലക്ട്രോണിക് വോട്ടിങ്ങ് മെഷീനില്‍ തിരിമറി നടന്നെന്നും അതാണ് തന്റെ തോല്‍വിയ്ക്കു കാരണമെന്നുമാണ് ബൊല്‍സൊനാരോയുടെ വാദം.
അതേസമയം, ആക്രമണത്തെ അപലപിച്ച ലുല ഡ സില്‍വ, ഫാഷിസ്റ്റ് അനുകൂലികളാണ് പ്രക്ഷോഭത്തിനു പിന്നിലെന്നും രാജ്യത്തിന്റെ ചരിത്രത്തില്‍ ഇന്നു വരെ കാണാത്ത സംഭവവികാസങ്ങളാണിതെന്നും അഭിപ്രായപ്പെട്ടു. പിടിയിലായവര്‍ കടുത്ത നിയമനടപടികള്‍ നേരിടേണ്ടിവരുമെന്നും ഫാഷിസ്റ്റ് അജണ്ടകള്‍ രാജ്യം തടയുമെന്നും ഡ സില്‍വ പറഞ്ഞു.
നീണ്ട 34 വര്‍ഷങ്ങള്‍ക്കു ശേഷമായിരുന്നു ബ്രസീലില്‍ അധികാരത്തിലിരുന്ന ഒരു പ്രസിഡന്റ് പരാജയപ്പെടുന്നത്. ഡ സില്‍വ 50.9 ശതമാനം വോട്ടുകള്‍ നേടിയപ്പോള്‍ ബൊല്‍സൊനാരോ 49.1 ശതമാനം വോട്ടുകളാണ് നേടിയത്. സര്‍ക്കാര്‍ എണ്ണക്കമ്പനിയുടെ കരാറുമായി ബന്ധപ്പെട്ട അഴിമതി കേസില്‍ 580 ദിവസത്തോളം ഡ സില്‍വ ജയിലില്‍ കഴിഞ്ഞിരുന്നു. ഒടുവില്‍ ശിക്ഷ റദ്ദാക്കിയതോടെയാണ് രാഷ്ട്രീയ രംഗത്തേക്ക് തിരിച്ചെത്തിയത്.
Content Highlights: jair bolsonaro supporters invade brazilian congress fascist agenda says lula da silva
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..