-
അവസാനമായി മകളെ ഒന്നു ചേർത്തുപിടിക്കണമെന്നുണ്ടായിരുന്നു നസിനോയ്ക്ക്. പക്ഷേ ചുറ്റും ആയുധവുമായി നിരന്നുനിന്ന ജയിൽ ഉദ്യോഗസ്ഥർ അവളുടെ കൈവിലങ്ങ് അഴിച്ചുമാറ്റാൻ വിസമ്മതിച്ചു. നസിനോയുടെ വീട്ടുകാരുടേയും മനുഷ്യാവകാശ പ്രവർത്തകരുടേയും അഭ്യർഥനകൾ അവരുടെ ചെവിയിൽ പതിക്കുക പോലും ചെയ്തില്ല.
വെട്ടിത്തിളങ്ങുന്ന സൂര്യനുകീഴിൽ, പിപിഇ കിറ്റിനുള്ളിൽ പൊള്ളുന്ന ശരീരവും ഉരുകുന്ന മനസ്സുമായി മൂന്നു മാസം പ്രായമുളള മകൾ റിവറിന്റെ കുഞ്ഞുശവപ്പെട്ടിക്കു മുന്നിൽ നിന്ന് കരയുമ്പോൾ, അവൾ മകളോട് പറഞ്ഞു: 'ഇത് അവസാനത്തേതാകട്ടെ, ഇങ്ങനെയൊരു അനുഭവം നേരിടേണ്ടി വന്ന അവസാനത്തെയാളുകളാകട്ടെ നീയും ഞാനും.'
ഫിലിപ്പീൻ ആക്ടിവിസ്റ്റാണ് റെയ്ന മേ നസിനോ. നിയമവിരുദ്ധമായി തോക്കുകൾ കൈവശം വെച്ചതിന് 2019 നവംബറിലാണ് നസിനോ അറസ്റ്റിലാകുന്നത്. ഇടതുപക്ഷ ചായ്വുളളവരെ അടിച്ചമർത്താനുളള ശ്രമങ്ങളുടെ ഭാഗമായിട്ടാണ് അറസ്റ്റ് ചെയ്തതെന്നാണ് നസിനോയെ പിന്തുണക്കുന്നവര്‍ പറയുന്നത്.
നവംബറിൽ അറസ്റ്റിലായ നസിനോ ജൂലായിലാണ് ജയിലിൽവെച്ച് ഒരു പെൺകുഞ്ഞിന് ജന്മം നൽകുന്നത്. കുഞ്ഞിനെ അടുത്ത മാസം തന്നെ നസിനോയിൽ നിന്ന് വേർപ്പെടുത്തി ജയിൽ അധികൃതർ നസിനോയുടെ അമ്മയെ നോക്കാനേൽപ്പിച്ചു. തൊട്ടടുത്ത മാസം അസുഖബാധിതയായി കുഞ്ഞിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അമ്മയെയും കുഞ്ഞിനെയും ഒന്നിച്ചു കഴിയാൻ അനുവദിക്കണമെന്ന ആവശ്യങ്ങളുയരുമ്പോൾ തന്നെ കുഞ്ഞ് നസിനോയെ വിട്ട് യാത്രയായി. ഒടുവിൽ കുഞ്ഞിന്റെ ശവസംസ്കാരചടങ്ങുകളിൽ പങ്കെടുക്കാൻ മൂന്നു ദിവസത്തേക്ക് പ്രാദേശിക കോടതി നസിനോക്ക് അനുമതി നൽകുകയായിരുന്നു.
'നമുക്ക് ഒന്നിച്ചു കഴിയാനുളള അവസരം നിഷേധിക്കപ്പെട്ടു. ഞാന്‍ നിന്റെ ചിരി പോലും കണ്ടിട്ടില്ല.' മകളുടെ ജീവനറ്റ ശരീരം നോക്കി നസിനോ കരഞ്ഞുകൊണ്ട് പറഞ്ഞു. ഫിലിപ്പീൻ ജയിലിൽ കഴിയുന്ന അമ്മമാരോടുളള മനുഷ്യത്വരഹിതമായ പെരുമാറ്റത്തെ വെളിപ്പെടുത്തുന്നതാണ് നസിനോ നേരിട്ട ഈ ദുരനുഭവം.
കുഞ്ഞിന്റെ ശവസംസ്‌കാര ചടങ്ങുകൾ പോലും മര്യാദക്ക് നടത്താൻ പോലീസ് അനുവദിച്ചില്ലെന്നും നസിനോയുടെ കുടുംബം ആരോപിക്കുന്നു. വിലാപയാത്ര പിരിച്ചുവിട്ട അധികൃതർ ശവമഞ്ചം വഹിച്ചുളള വാഹനം വേഗത്തിൽ ഓടിക്കാൻ ആവശ്യപ്പെട്ടെന്നും ദുഃഖാർത്തരായ ബന്ധുക്കൾ വാഹനത്തിന് പിറകേ ഓടേണ്ടി വന്നുവെന്നും പറയുന്നു.
'ഞാൻ കരുതിയത് കുടുംബാംഗങ്ങൾക്കും സുഹൃത്തുക്കൾക്കുമൊപ്പം ചേർന്ന് അന്തിമകർമങ്ങൾ യഥാവിധി ചെയ്യാനാകുമെന്നാണ്. എന്നാൽ എനിക്ക് മാനസികാഘാതമേൽക്കുകയാണ് ഉണ്ടായത്. കാറിനെ പിന്തുടർന്നോടിയ എന്റെ മറ്റൊരു മകൾ കുഴഞ്ഞുവീണു. എന്റെ പേരക്കുട്ടിക്ക് അവളർഹിക്കുന്ന യാത്രയപ്പ് പോലും നൽകാനായില്ല. എനിക്കതിൽ വളരെയധികം അമർഷമുണ്ട്. അവൾക്കിഷ്ടമുളള ഗാനം പോലും അവസാനമായി കേൾപ്പിക്കാനായില്ല.' നസിനോയുടെ അമ്മ മരിറ്റെസ് പറയുന്നു.
സംഭവം മനിലയിൽ വൻ പ്രതിഷേധങ്ങൾക്കാണ് വഴിവെച്ചിരിക്കുന്നത്. റിവറിനെ അടക്കിയ ശ്മശാനത്തിന് പുറത്ത് കുട്ടിക്ക് നീതി ആവശ്യപ്പെട്ട് പ്ലക്കാർഡുകളുയർത്തി പ്രക്ഷോഭക്കാർ അണിനിരന്നു.
Content Highlighst:Jailed Philippine activist Reina Mae Nasino lays to rest her three-month-old baby
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..