വാഷിങ്ടൺ: ഇന്തോ - പസഫിക് മേഖലയിലെ ചൈനയുടെ സ്വാധീനം തടയാൻ വേണ്ടി ഉണ്ടാക്കിയ സുരക്ഷ ഉടമ്പടിയായ ഔകസിൽ ഇന്ത്യയേയും ജപ്പാനേയും ഉള്‍പ്പെടുത്തുമോ എന്ന ചര്‍ച്ചസജീവം. ഇന്തോ - പസഫിക് മേഖലയിലെ സുരക്ഷയ്ക്കായി ഓസ്ട്രേലിയയെയും ബ്രിട്ടനെയും കൂട്ടുപിടിച്ച് അമേരിക്ക സഖ്യം രൂപീകരിച്ചിരുന്നു. ഇതിന് 'ഔകസ്' (AUKUS) പേരും നൽകിയിരുന്നു. ഇന്ത്യയും ജപ്പാനും കൂടി ചേര്‍ക്കപ്പെടുമോ എന്നതാണ് ആകാംക്ഷ

സെപ്തംബർ 15നായിരുന്നു സഖ്യ രൂപീകരണം. അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ, ഓസ്ട്രേലിയൻ പ്രധാനമന്ത്രി സ്കോട്ട് മോറിസൺ, ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ എന്നിവർ ചേർന്നാണ് ഔകസ് സഖ്യത്തെ പ്രഖ്യാപിച്ചത്. ഇതോടെ ഓസ്ട്രേലിയയ്ക്ക് യുഎസിന്റെ സഹായത്തോടെ ആണവ അന്തർവാഹിനികൾ നിർമ്മിക്കാനും സാധിക്കും. നിർമ്മിത ബുദ്ധി ഉൾപ്പെടെയുള്ള സാങ്കേതിക വിദ്യകൾ പങ്കുവെക്കുന്ന കരാർ ദശാബ്ദങ്ങൾക്കിടയിലെ ഏറ്റവും വലിയ പ്രതിരോധ ഉടമ്പടി എന്നായിരുന്നു വിദഗ്ദർ വിലയിരുത്തുന്നത്. 

AUKUS എന്നത് JAUKUS ആകുമോ അതോ JAIAUKUS ആകുമോ

കഴിഞ്ഞ ആഴ്ച പ്രഖ്യാപിച്ച ഔകസ് സഖ്യം ഒരു സൂചനയല്ല, ഇതൊരു സന്ദേശമായാണ് കരുതുന്നത്. ഇന്തോ - പസഫിക് സുരക്ഷയിൽ മറ്റാർക്കും പങ്കില്ലെന്ന് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണിനോട് പ്രസിഡന്റ് അറിയിച്ചിട്ടുണ്ടെന്ന് വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി ജെൻ പ്സാകി വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

എന്നാൽ ഇന്ത്യയും ജപ്പാനും ഔകസിൽ ഭാഗമാകുമോ എന്ന് വ്യക്തമാക്കിയിട്ടില്ല. ഇന്ത്യ - ജപ്പാൻ രാജ്യങ്ങളിലെ നേതാക്കൾ ഈ ആഴ്ചയിൽ വാഷിങ്ടണിൽ നടക്കുന്ന ക്വാഡ് ഉച്ചകോടിയില്‍ പങ്കെടുക്കുന്നുണ്ട്. ഈ രാജ്യങ്ങളും ഔകസിൽ ഭാഗമാകുമോ എന്ന ചോദ്യത്തിന് AUKUS എന്നത് അങ്ങനെ എങ്കില്‍ JAUKUS ആകുമോ അതോ JAIAUKUS ആകുമോ എന്ന് തമാശയായി അദ്ദേഹം പ്രതികരിച്ചു.

രോഷത്തോടെ ഫ്രാൻസ്

അതേസമയം ഔകസ് സഖ്യത്തിന് പിന്നാലെ ഫ്രാന്‍സുമായുള്ള അന്തര്‍വാഹിനി കരാര്‍ ഓസ്ട്രേലിയ റദ്ദാക്കിയിരുന്നു. ഈ അപ്രതീക്ഷിത തീരുമാനത്തില്‍ കടുത്ത രോഷം പ്രകടിപ്പിച്ച് ഫ്രാന്‍സ് രംഗത്തെത്തുകയും ചെയ്തു. ഓസ്‌ട്രേലിയയുടെ ഈ നീക്കം തികഞ്ഞ വിശ്വാസവഞ്ചനയാണെന്നാണ് ഫ്രാന്‍സ് ആരോപിച്ചത്. ഔകസ് സഖ്യത്തിനെതിരെ ഫ്രാൻസ് രംഗത്തെത്തുകയും ചെയ്തിരുന്നു. ഈ സഖ്യത്തിൽ യോജിച്ചു പോകാൻ പറ്റാത്ത നിരവധി പൊരുത്തക്കേടുകളുണ്ടെന്നായിരുന്നു ഫ്രാൻസ് വ്യക്തമാക്കിയത്.

Modi Flight
Image/ANI

ത്രിദിന സന്ദർശനത്തിനായി മോദി യുഎസിൽ

അതേസമയം പ്രധാനമന്ത്രി നരേന്ദ്ര മോദി ത്രിദിന സന്ദർശനത്തിനായി അമേരിക്കയിലാണ്. വാഷിങ്ടണില്‍ നടക്കുന്ന ക്വാഡ് ഉച്ചകോടിയില്‍ പങ്കെടുക്കുന്ന മോദി യുഎന്‍ പൊതുസഭയെ അഭിസംബോധന ചെയ്തും സംസാരിക്കും. യുഎസ് പ്രസിഡന്റ് ജോ ബൈഡനുമായി ഉഭയകക്ഷി ചര്‍ച്ചയും നടത്തും. ജോ ബൈഡന്‍ അമേരിക്കന്‍ പ്രസിഡന്റായ ശേഷമുള്ള മോദിയുടെ നേരിട്ടുള്ള ആദ്യ കൂടിക്കാഴ്ചയാണിത്. കൂടിക്കാഴ്ചയിൽ ഇന്തോ - പസഫിക് മേഖലയെക്കുറിച്ചും ചർച്ചയാകുമെന്നാണ് സൂചന. ഇന്ത്യയെ സഖ്യത്തിൽ ഊൾപ്പെടുത്തുന്നതടക്കമുള്ള കാര്യങ്ങൾ ചർച്ചയായേക്കും.

അതേസമയം ഇന്ത്യയെ ഉൾപ്പെടുത്തി മറ്റൊരു സഖ്യ രൂപീകരണത്തിനാണ് ഫ്രാൻസിന്റെ നീക്കം. ഇതുമായി ബന്ധപ്പെട്ട് സഖ്യ സഹകരണ സാധ്യതകൾ തേടി ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ഫോണിൽ കൂടി സംസാരിക്കുകയും ചെയ്തു. 

ഇന്തോ-പസഫിക് മേഖലയെ സഹകരണത്തിന്റെ മേഖലയാക്കാന്‍ ഞങ്ങള്‍ പ്രതിജ്ഞാബദ്ധരാണ്. ഇന്ത്യയും ഫ്രാന്‍സും തമ്മിലുള്ള തന്ത്രപരമായ പങ്കാളിത്തത്തിന്റെ പ്രാധാന്യം ഊട്ടിയുറപ്പിച്ചതിന് നന്ദി. ഇത് തുടരുമെന്നും ആയിരുന്നു ഫോൺ സംഭാഷണത്തിന് ശേഷം മാക്രോൺ ട്വീറ്റ് ചെയ്തത്. 

Modi, Macron
നരേന്ദ്ര മോദിയും ഇമ്മാനുവൽ മാക്രോണും | Photo: AP


ഔകസ് സഖ്യത്തിനെതിരെ ചൈന

ഇന്തോ - പസഫിക് മേഖലയിൽ ഉടലെടുത്ത ഔകസ് സഖ്യത്തെ ശക്തമായാണ് ചൈന എതിർത്തത്. ഉടമ്പടി അങ്ങേയറ്റത്തെ നിരുത്തരവാദപരമാണെന്നായിരുന്നു ചൈന വിമർശിച്ചത്. ഈ മേഖലയിലെ സ്ഥിരതയും സമാധാനവും തകർക്കുന്ന ആയുധ മത്സരത്തിന് ഇടയാക്കുന്നതാണ് കരാറെന്ന് ചൈന വിമർശിച്ചു. ശീതയുദ്ധത്തിലേക്കുള്ള പുറപ്പാടാണ് മൂന്ന് രാജ്യങ്ങളും നടത്തുന്നതെന്നുമായിരുന്നു അമേരിക്കയിലെ ചൈനീസ് എംബസി വ്യക്തമാക്കിയത്. 

ഇതോടെ ചൈനയും ഫ്രാൻസും പരസ്യമായിത്തന്നെ സഖ്യത്തിനെതിരെ രംഗത്തെത്തുകയും ചെയ്തു. 

Content Highlights: JAIAUKUS - US Rules Out Adding India, Japan To New Security Alliance