ബെയ്ജിങ് : കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ ചേരാനുള്ള താത്പര്യം തുറന്നുപറഞ്ഞ് ഹോളിവുഡ് സൂപ്പര്‍ ആക്ഷന്‍ ഹീറോ ജാക്കി ചാന്‍. ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ബെയ്ജിങില്‍ സംഘടിപ്പിച്ച ചടങ്ങിലാണ് ചൈന ഫിലിം അസോസിയേഷന്‍ വൈസ് ചെയര്‍മാന്‍ കൂടിയായ താരത്തിന്റെ തുറന്നുപറച്ചില്‍. ചൈനീസ് പ്രസിഡന്റ് ഷീ ജിന്‍പിങ് അധ്യക്ഷത വഹിച്ച യോഗത്തില്‍ നിരവധി ചലച്ചിത്ര പ്രവര്‍ത്തകരും പങ്കെടുത്തു.

'ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ മഹത്വം എനിക്കറിയാം. അവര്‍ തന്ന വാഗ്ദാനങ്ങള്‍ നിറവേറ്റും, ഉറപ്പു നല്‍കിയത് തരും. സി.പി.സി അംഗമാകാന്‍ ഞാന്‍ ആഗ്രഹിക്കുന്നു.' -  ജാക്കി ചാന്‍ വ്യക്തമാക്കി.

വര്‍ഷങ്ങളായി കമ്മ്യൂണിസ്റ്റ്   പാര്‍ട്ടി അനുഭാവിയായ താരം 2013 മുതല്‍ ചൈനീസ് പീപ്പിള്‍സ് പൊളിറ്റിക്കല്‍ കണ്‍സള്‍ട്ടേറ്റീവ് കോണ്‍ഫറന്‍സ് അംഗം കൂടിയാണ്. ചൈനീസ് സര്‍ക്കാരിനെതിരെ ഹോങ്കോങ്ങില്‍ നടക്കുന്ന ജനാധിപത്യ പ്രക്ഷോഭങ്ങളില്‍ ചൈനയെ പിന്തുണച്ചുകൊണ്ടുള്ള ജാക്കി ചാന്റെ നിലപാടുകള്‍ നേരത്തേ വിമര്‍ശനങ്ങള്‍ക്കു വിധേയമായിരുന്നു.

Content Highlights: Jackie Chan to Join Communist Party of China