ജസിന്ത ആർഡേൺ | Photo: AP
പറ്റുമെങ്കില്‍ മരണംവരെ അധികാരക്കസേരയില്‍ അള്ളിപ്പിടിച്ചിരിക്കാന്‍ ശ്രമം നടത്തുന്നവര്‍. രാഷ്ട്രീയക്കാര്‍ക്കെതിരേയുള്ള ഏറ്റവും വലിയ ആരോപണങ്ങളിലൊന്നാണിത്. ഇതിനെ സാധൂകരിക്കും വിധത്തിലുള്ള നിരവധി ഉദാഹരണങ്ങള്‍ നമുക്കു ചുറ്റുമുണ്ടു താനും. എന്നാല്‍, പ്രശംസനീയമായ രാഷ്ട്രീയ പ്രവര്‍ത്തന-ഭരണകാലയളവിന് (എതിര് അഭിപ്രായമുള്ളവരുമുണ്ട്) 42-ാമത്തെ വയസ്സില്‍ ഫുള്‍സ്റ്റോപ്പ് ഇടാന്‍ തീരുമാനിച്ചിരിക്കുകയാണ് ന്യൂസീലന്‍ഡ് പ്രധാനമന്ത്രി ജസിന്ത ആര്‍ഡേണ്‍.
2017-ല്‍ 37-ാമത്തെ വയസ്സിലാണ് ജസിന്ത ന്യൂസീലന്‍ഡ് പ്രധാനമന്ത്രിയാകുന്നത്. 1856-നു ശേഷം ന്യൂസീലന്‍ഡിന്റെ ചരിത്രത്തിലെ ഏറ്റവും പ്രായംകുറഞ്ഞ പ്രധാനമന്ത്രി എന്ന നേട്ടമായിരുന്നു അന്ന് അവര്‍ സ്വന്തമാക്കിയത്. എന്നാല്‍ ആറു കൊല്ലത്തിനിപ്പുറം, രാജ്യം തിരഞ്ഞെടുപ്പിലേക്ക് നീങ്ങുമ്പോള്‍ മത്സരരംഗത്തില്ലെന്ന് പ്രഖ്യാപിക്കുകയാണ്, ജസിന്ത.
വ്യാഴാഴ്ച, പ്രധാനപ്പെട്ട രണ്ടു കാര്യങ്ങള്‍ പങ്കുവെക്കാനുണ്ടെന്ന് പറഞ്ഞുകൊണ്ടാണ് ജസിന്ത രാജ്യത്തെ അഭിസംബോധന ചെയ്തത്. ആദ്യത്തെ കാര്യം അടുത്ത പൊതുതിരഞ്ഞെടുപ്പിനെ കുറിച്ചും അതിന്റെ തീയതിയെയും കുറിച്ചായിരുന്നു. ഒക്ടോബര്‍ 14-നാണ് ന്യൂസീലന്‍ഡില്‍ പൊതുതിരഞ്ഞെടുപ്പ്. രണ്ടാമതായാണ് താന്‍ ഇക്കുറി മത്സരിക്കുന്നില്ലെന്നും പ്രധാനമന്ത്രിപദം രാജിവെക്കാന്‍ തീരുമാനിച്ചെന്ന കാര്യവും ജസിന്ത പ്രഖ്യാപിക്കുന്നത്.
പ്രധാനമന്ത്രിയായി ആറാം കൊല്ലത്തിലേക്ക് കടക്കുകയാണെന്നും ഇക്കഴിഞ്ഞ ഓരോ വര്‍ഷവും തന്റെ പരമാവധി ശേഷിയും നല്‍കിയാണ് പ്രവര്‍ത്തിച്ചതെന്നും ജസിന്ത പ്രസംഗത്തില്‍ വ്യക്തമാക്കുന്നുണ്ട്. രാജ്യത്തെ നയിക്കാനുള്ള അവസരം എന്നത് ഒരാള്‍ക്ക് ലഭിക്കാവുന്നതില്‍വെച്ച് ഏറ്റവും മികച്ചതും സവിശേഷവുമായ ജോലിയാണ്. പക്ഷേ ഏറെ വെല്ലുവിളി നിറഞ്ഞതും. നൂറുശതമാനം കാര്യശേഷിയുണ്ടെങ്കില് മാത്രമേ ഒരാള്‍ക്ക് ആ ഉത്തരവാദിത്തം നിറവേറ്റാനാകൂ. മാത്രമല്ല, അപ്രതീക്ഷിതമായെത്തുന്ന ചില വെല്ലുവിളികളെ നേരിടാന്‍ കാര്യശേഷി അല്പം റിസര്‍വായി സൂക്ഷിക്കയും വേണം. അടുത്തൊരു കൊല്ലത്തേക്ക് മാത്രമല്ല, അടുത്തൊരു ഭരണകാലയളവിനു കൂടി തയ്യാറെടുക്കാനാകും എന്നായിരുന്നു ഞാന്‍ പ്രതീക്ഷിച്ചിരുന്നത്. കാരണം, ഈ കൊല്ലം അതാണ് ആവശ്യപ്പെടുന്നത്. പക്ഷേ അങ്ങനെ ചെയ്യാന്‍ എനിക്ക് സാധിക്കില്ല. അതുകൊണ്ട് വീണ്ടും തിരഞ്ഞെടുപ്പിനെ നേരിടാനില്ല- ജസിന്ത പറഞ്ഞു.
ഫെബ്രുവരി ഏഴിനകം പ്രധാനമന്ത്രിപദത്തില്‍നിന്ന് രാജിവെക്കുമെന്നും ജസിന്ത വ്യക്തമാക്കിയിട്ടുണ്ട്. "കടുപ്പമേറിയതു കൊണ്ടല്ല ഞാനീ ജോലി വിടുന്നത്. അങ്ങനെയായിരുന്നെങ്കില്‍ രണ്ടു മാസത്തിനകം തന്നെ ഞാനിതു വിട്ടുപോയേനെ." അവര്‍ പറഞ്ഞു. "ഇത്രയും പ്രാധാന്യമേറിയ ഒരു പദവിക്ക് വലിയ ഉത്തരവാദിത്തബോധം ആവശ്യമുണ്ട്. നയിക്കാന്‍ നിങ്ങളാണോ ശരിയായ വ്യക്തി എന്നു തിരിച്ചറിയാനുള്ള ഉത്തരവാദിത്തബോധം. എപ്പോള്‍ നിങ്ങള്‍ ഇതിനു പറ്റിയ ആളെല്ലെന്നു ഉള്‍ക്കൊള്ളാനുള്ള ഉത്തരവാദിത്തബോധം. ഈ ജോലിക്ക് എന്താണ് ആവശ്യമെന്ന് തനിക്ക് അറിയാം." എന്നാല്‍ അതിനോട് നീതി പുലര്‍ത്താനാവശ്യമായ കാര്യശേഷി തന്റെ പക്കല്‍ ഇല്ലെന്ന് വ്യക്തമാക്കിയാണ് തന്റെ തീരുമാനം ജനങ്ങളെ ജസിന്ത അറിയിച്ചത്.
1980 ജൂലൈ 26-ന് ന്യൂസീലന്‍ഡിലെ ഹാമില്‍ട്ടണിലാണ് ജസിന്തയുടെ ജനനം. പതിനേഴാമത്തെ വയസ്സില്‍ ലേബര്‍ പാര്‍ട്ടിയില്‍ ചേര്‍ന്ന അവര്‍ ഇരുപതു കൊല്ലത്തിനു ശേഷം പാര്‍ട്ടി നേതാവായി പ്രധാനമന്ത്രിസ്ഥാനത്തെത്തി. ജസീന്ത നേതാവായതോടെ ലേബര്‍ പാര്‍ട്ടിക്ക് കൂടുതല്‍ സ്വീകാര്യത ലഭിച്ചതായാണ് കരുതപ്പെടുന്നത്. തുടര്‍ന്ന് 2017-ലെ പൊതുതിരഞ്ഞെടുപ്പില്‍ മികച്ച പ്രകടനം കാഴ്ചവെക്കാനും പാര്‍ട്ടിക്ക് സാധിച്ചു. എന്നാല്‍, സ്വന്തമായി സര്‍ക്കാര്‍ രൂപീകരിക്കാനായില്ല. തുടര്‍ന്ന് ലേബര്‍ പാര്‍ട്ടി, ന്യൂസീലന്‍ഡ് ഫസ്റ്റ് പാര്‍ട്ടിയുമായി ചേര്‍ന്ന് സഖ്യകക്ഷി സര്‍ക്കാര്‍ രൂപവത്കരിക്കാന്‍ തീരുമാനിച്ചു. ഗ്രീന്‍ പാര്‍ട്ടിയുടെ പിന്തുണ കൂടി ലഭിച്ചതോടെ കൂട്ടുകക്ഷി സര്‍ക്കാര്‍ നിലവില്‍ വരികയും ജസീന്ത പ്രധാനമന്ത്രിയാവുകയും ചെയ്തു. അന്നുവരെയുള്ളതില്വെച്ച് പ്രധാനമന്ത്രിസ്ഥാനത്തെത്തുന്ന ഏറ്റവും പ്രായം കുറഞ്ഞ വനിതയായി മാറുകയും ചെയ്തു. പ്രധാനമന്ത്രിയാകുന്നതിന് മുന്‍പ് കുറച്ചു കാലം ജസിന്ത പ്രതിപക്ഷ നേതാവുമായിരുന്നു.
ക്രൈസ്റ്റ്ചര്‍ച്ച് ഭീകരാക്രമണം, കോവിഡ് മഹാമാരി തുടങ്ങിയ വലിയ വെല്ലുവിളികളായിരുന്നു 2017 മുതല്‍ 2020 വരെയുള്ള തന്റെ ആദ്യ ടേമില്‍ ജസിന്തയ്ക്ക് നേരിടേണ്ടിവന്നത്. ന്യൂസിലന്‍ഡിനെ ഞെട്ടിപ്പിച്ച ക്രൈസ്റ്റ്ചര്‍ച്ച് വെടിവെപ്പില്‍ 51 പേര്‍ക്ക് ജീവന് നഷ്ടപ്പെടുകയും നാല്‍പ്പതോളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ക്രൈസ്റ്റ്ചര്‍ച്ച് വെടിവെപ്പിന് പിന്നാലെ തോക്ക് ഉപയോഗവുമായി ബന്ധപ്പെട്ട ശക്തമായ നിയമങ്ങള്‍ കൊണ്ടുവരാന്‍ ജസിന്ത സര്‍ക്കാരിനായി. ഇത് അവര്‍ക്ക് ഏറെ പ്രശംസ നേടിക്കൊടുത്തു.

2019 അവസാനത്തോടെ കോവിഡ് വൈറസ് ലോകരാജ്യങ്ങളെ വരിഞ്ഞുമുറുക്കിയപ്പോള്‍ ആദ്യഘട്ടത്തില്‍ അതിനെ ഫലപ്രദമായി പ്രതിരോധിക്കാന്‍ ജസിന്തയുടെ ഭരണനേതൃത്വത്തിന് സാധിച്ചു. എന്നാല്‍ പിന്നീട്, കര്‍ശന കോവിഡ് നിയന്ത്രണ രീതി ജനരോഷത്തിന് വഴിവെക്കുന്നതും കാണാനായി. 2020-ലെ പൊതുതിരഞ്ഞെടുപ്പില്‍ ലേബര്‍ പാര്‍ട്ടിയെ വലിയ വിജയത്തിലേക്ക് നയിക്കാനും ജസിന്തയുടെ നേതൃത്വത്തിന് സാധിച്ചു. രണ്ടു ടേമിലും ജനക്ഷേമപ്രവര്‍ത്തനങ്ങള്‍ക്ക് ഊന്നല്‍ നല്‍കിക്കൊണ്ടുള്ളതായിരുന്നു ജസീന്ത സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍. പ്രൈഡ് പരേഡി(2018)ല്‍ പങ്കെടുത്ത ആദ്യ ന്യൂസിലന്‍ഡ് പ്രധാനമന്ത്രി എന്ന സവിശേഷതയും ജസിന്തയ്ക്കാണ്.
ടെലിവിഷന്‍ അവതാരകനായ ക്ലാര്‍ക്ക് ഗേഫോഡ് ആണ് ജസിന്തയുടെ ജീവിതപങ്കാളി. 2018 ജൂണില്‍ ദമ്പതിമാര്‍ക്ക് ഒരു പെണ്‍കുഞ്ഞ് ജനിച്ചു. ഇതോടെ അധികാരത്തിലിരിക്കെ കുഞ്ഞിനു ജന്മം നല്കുന്ന രാഷ്ട്രമേധാവിയായി ജസിന്ത മാറി. മകള്‍ ജനിച്ച് മൂന്നു മാസത്തിനു ശേഷം അവളുമായി ജസിന്ത, ഐക്യരാഷ്ട്ര സംഘടനയുടെ ജനറല്‍ അസംബ്ലിയിലുമെത്തി. നെല്‍സണ്‍ മണ്ടേല സമാധാന ഉച്ചകോടിയില്‍ പങ്കെടുക്കാനായിരുന്നു അത്. മകള്‍ക്കും ഭര്‍ത്താവിനുമൊപ്പം യു.എന്നിലെത്തിയ ജസിന്തയുടെ ചിത്രങ്ങള്‍ ഏറെ ശ്രദ്ധ നേടിയിരുന്നു.
അതേസമയം, ഇക്കുറി ലേബര്‍ പാര്‍ട്ടിക്ക് ശക്തമായ മത്സരം നേരിടേണ്ടിവരുമെന്നാണ് സൂചന. രണ്ടു വര്‍ഷം മുന്‍പ് വന്‍ഭൂരിപക്ഷം നേടി അധികാരത്തിലെത്താനായെങ്കിലും സ്ഥിതിഗതികളില്‍ മാറ്റം വന്നിട്ടുണ്ട്. ഫെബ്രുവരിയില്‍ പ്രധാനമന്ത്രിസ്ഥാനം രാജിവെക്കുമെങ്കിലും പൊതുതിരഞ്ഞെടുപ്പുവരെ ജസിന്ത എം.പി. സ്ഥാനത്ത് തുടരും.
Content Highlights: jacinda ardern to step down as prime minister of new zealand
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..