ജസിന്ത ആർഡേൺ | Photo: AP
വെല്ലിങ്ടണ്‍: ന്യൂസിലാന്‍ഡ് പ്രധാനമന്ത്രി ജസിന്ത ആര്‍ഡേണ്‍ രാജി പ്രഖ്യാപിച്ചു. ലേബര്‍ പാര്‍ട്ടിയുടെ വാര്‍ഷിക യോഗത്തിലാണ് അപ്രതീക്ഷിത രാജി പ്രഖ്യാപനം. ഈ വര്‍ഷം ഒക്ടോബര്‍ 14-ന് തിരഞ്ഞെടുപ്പ് നടക്കാനിരിക്കയൊണ് രാജി പ്രഖ്യാപനം. ഫെബ്രുവരി ഏഴിന് ന്യൂസിലാന്‍ഡ് പ്രധാനമന്ത്രി സ്ഥാനവും ലേബര്‍ പാര്‍ട്ടിയുടെ നേതൃസ്ഥാനവും ഒഴിയുമെങ്കിലും പൊതുതിരഞ്ഞെടുപ്പ് വരെ എം.പി. സ്ഥാനത്ത് തുടരുമെന്നും അവര്‍ അറിയിച്ചു.
ഇത്തരത്തില്‍ അധികാരമുള്ളൊരു പദവി വലിയ ഉത്തരവാദിത്വമാണ്. എപ്പോള്‍ നയിക്കണമെന്ന് അറിയണമെന്നത് പോലെ തന്നെ എപ്പോള്‍ പിന്മാറണമെന്ന് അറിയുന്നതും ഉത്തരവാദിത്വമാണ്. ഈ പദവി എന്താണെന്ന് എനിക്ക് നന്നായി അറിയാം. പദവിയോട് നീതിപുലര്‍ത്താനുള്ള വിഭവങ്ങള്‍ ഇപ്പോള്‍ എന്റെ കയ്യില്‍ ഇല്ല. അതിനാല്‍ പദവി ഒഴിയാന്‍ സമയമായെന്നും ജസിന്ത ആര്‍ഡേണ്‍ യോഗത്തില്‍ അറിയിച്ചു.
'ഞാന്‍ മനുഷ്യനാണ്, രാഷ്ട്രീയക്കാര്‍ മനുഷ്യരാണ്. കഴിയാവുന്നിടത്തോളം നമ്മള് എല്ലാം നല്കുന്നു. എന്നാല്‍, എനിക്കിപ്പോള്‍ സമയമായി'- ജസിന്ത പറഞ്ഞു. കഴിഞ്ഞ വേനലവധിയില്‍ തനിക്ക് ഇനിയും സ്ഥാനത്തിരിക്കാനുള്ള ഊര്‍ജ്ജമുണ്ടോയെന്ന് വിലയിരുത്തിയിരുന്നു. എന്നാല്‍, അതില്ലെന്നാണ് മനസ്സിലായതെന്നും അവര്‍ പറഞ്ഞു.
2017ലാണ് ജസിന്ത ന്യൂസിലാന്‍ഡ് പ്രധാനമന്ത്രിയാവുന്നത്. സ്ഥാനമേറ്റടുക്കുമ്പോള്‍ 37 വയസ്സായിരുന്ന ജസിന്ത ആര്‍ഡേണ്‍ അന്ന് ലോകത്തെ ഏറ്റവും പ്രായം കുറഞ്ഞ പ്രധാനമന്ത്രിയായിരുന്നു. കോവിഡ് മഹാമാരിക്കാലത്തും ക്രൈസ്റ്റ് ചര്‍ച്ചിലെ രണ്ടു പള്ളികളില്‍ ഭീകരാക്രമണം നടന്നപ്പോഴും വൈറ്റ് ഐലന്‍ഡ് അഗ്നിപര്‍വ്വത സ്ഫോടനമുണ്ടായപ്പോഴുമുള്ള ജസിന്തയുടെ ഇടപെടലുകള്‍ ശ്രദ്ധപിടിച്ചുപറ്റിയിരുന്നു.
വളരെ സംതൃപ്തി നല്കുന്ന അഞ്ചര വര്‍ഷമായിരുന്നു കഴിഞ്ഞുപോയത്. എന്നാല്‍, വെല്ലുവിളികളും മുന്നിലുണ്ടായിരുന്നു. എല്ലാവര്ക്കും പാര്‍പ്പിടം ഉറപ്പാക്കലും, കുട്ടികളിലെ ദാരിദ്ര്യം നിര്‍മ്മാര്‍ജനം ചെയ്യലും കാലാവസ്ഥ മാറ്റവുമുള്പ്പെടെ വെല്ലുവിളികളായിരുന്നു. ഒരു ഭീകരാക്രമണവും പ്രകൃതിദുരന്തവും മഹാമാരിയും സാമ്പത്തിക ബുദ്ധിമുട്ടും ഇക്കാലത്ത് ഉണ്ടായെന്നും ജസിന്ത പറഞ്ഞു. അനുകമ്പ പ്രകടപ്പിച്ച ഒരാളായി വിലയിരുത്തപ്പെടുന്നതാണ് തനിക്ക് ഇഷ്ടമെന്ന് രാജ്യം നിങ്ങളെ എങ്ങനെ ഓര്‍മ്മിക്കണം എന്ന ചോദ്യത്തോട് പ്രതികരിക്കവെ അവര്‍ പറഞ്ഞു.
Content Highlights: Jacinda Ardern resigns as prime minister of New Zealand
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..