ചൊവ്വാദൗത്യമായ പെര്‍സിവിയറന്‍സിന്റെ ഭാഗമായി തിങ്കളാഴ്ച ഇന്‍ജെന്യുവിറ്റി മാര്‍സ് ഹെലികോപ്ടര്‍ ചൊവ്വയുടെ ഉപരിതലത്തില്‍ വിജയകരമായി പറന്ന നിമിഷങ്ങളെ 'റൈറ്റ് ബ്രദേസ് മൊമന്റ്' എന്നാണ് നാസ വിശേഷിപ്പിച്ചത്. ഭൂമിയില്‍ ആദ്യമായി വിമാനം പറന്നുയര്‍ന്ന നിമിഷത്തിന് സമാനമായിരുന്നു മറ്റൊരു ഗ്രഹത്തില്‍ മനുഷ്യനിയന്ത്രണത്തിന് വിധേയമായുള്ള ഇന്‍ജെന്യൂവിറ്റി ഹെലികോപ്ടറിന്റെ സഞ്ചാരം. 

'പറക്കലിന് മുമ്പുണ്ടായിരുന്നതിനേക്കാള്‍ ആരോഗ്യവതിയാണ് അവള്‍' എന്നായിരുന്നു ഇന്‍ജെന്യൂവിറ്റി ഹെലികോപ്ടറിന്റെ ഡിസൈനറും ചീഫ് എന്‍ജിനീയറുമായ ഡോക്ടര്‍ ജെ ബോബ് ബല്‍റാമിന്റെ പ്രതികരണം. 'സോളാര്‍ പാനലുകളില്‍ പറ്റിക്കൂടിയ പൊടിപടലങ്ങള്‍ കുടഞ്ഞു കളഞ്ഞ് കൂടുതല്‍ സൗരോര്‍ജ്ജം അവളിപ്പോള്‍ ഉത്പാദിപ്പിക്കുന്നുണ്ട്'-തന്റെ ദൗത്യം വിജയകരമായി പൂര്‍ത്തിയാക്കിയതിന്റെ ആഹ്‌ളാദത്തില്‍ ബല്‍റാം കൂട്ടിച്ചേര്‍ത്തു. മൂന്ന് മീറ്ററോളം ഉയരത്തില്‍ മുപ്പത് സെക്കന്‍ഡോളമാണ് ചെറുവിമാനം ചൊവ്വയില്‍ പറന്നത്. റൈറ്റ് സഹോദരന്‍മാരുടെ വിമാനത്തിന്റെ ആദ്യയാത്ര പന്ത്രണ്ട് സെക്കന്‍ഡായിരുന്നു. 

1960 കളില്‍ തെക്കേ ഇന്ത്യയില്‍ ജനിച്ചു വളര്‍ന്ന്, പ്രപഞ്ചത്തിന്റെ സൗന്ദര്യത്തിലും റോക്കറ്റുകളുടെ കുതിപ്പിലും ആകൃഷ്ടനായി, ചന്ദ്രനില്‍ മനുഷ്യന്‍ കാല്‍കുത്തിയ വാര്‍ത്ത കേട്ട് അമ്പരന്ന ബല്‍റാം എന്ന കുട്ടിയ്ക്ക് ബഹിരാകാശ ശാസ്ത്രത്തിലായിരുന്നു താത്പര്യം. അവന്റെ താത്പര്യം തിരിച്ചറിഞ്ഞ അമ്മാവന്‍ യുഎസ് കോണ്‍സുലേറ്റിലേക്ക് നാസയെ കുറിച്ചും ബഹിരാകാശപര്യവേക്ഷണത്തെ കുറിച്ചും അന്വേഷിച്ചു കൊണ്ട് കത്തെഴുതി. പകരം അവര്‍ ആ കുഞ്ഞുമിടുക്കന് നാസയില്‍ പ്രവേശനത്തിന് തയ്യാറാകാനുള്ള വിവരങ്ങളടങ്ങിയ ബുക്ക്‌ലെറ്റുകള്‍ അയച്ചു കൊടുത്തു. 

 1986 ലാണ് ബല്‍റാം നാസയുടെ ജെറ്റ് പ്രൊപ്പല്‍ഷന്‍ ലബോറട്ടറിയില്‍ പ്രവര്‍ത്തനം ആരംഭിച്ചത്. ഐഐടി മദ്രാസില്‍ നിന്ന് മെക്കാനിക്കല്‍ എന്‍ജിനീയറിങ്ങില്‍ ബിരുദപഠനം പൂര്‍ത്തിയാക്കിയ ശേഷം ന്യൂയോര്‍ക്കിലെ റെന്‍സ്സെലയര്‍ പോളിടെക്‌നിക് ഇന്‍സ്റ്റിറ്റ്യൂട്ടി ല്‍ നിന്ന് ഡോക്ടറേറ്റ് നേടി. തുടര്‍ന്നായിരുന്നു ആദ്ദേഹത്തിന്റെ നാസ പ്രവേശനം.

ബല്‍റാമിന്റെ നേതൃത്വത്തില്‍ തിങ്കളാഴ്ച നാസയുടെ ജെറ്റ് പ്രൊപല്‍ഷന്‍ ലബോറട്ടറി വിക്ഷേപിച്ച ഹെലികോപ്ടര്‍ വിജയകരമായി പറന്നുയര്‍ന്നിറങ്ങിയപ്പോള്‍ പ്രപഞ്ചരഹസ്യങ്ങളിലേക്കാഴ്ന്നിറങ്ങാനാഗ്രഹിച്ച ഒരു വിദ്യാര്‍ഥിയുടെ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ ഉയരത്തിലേക്ക് നീങ്ങാനുള്ള ഊര്‍ജ്ജമാണ് ലഭിച്ചത്. ബഹിരാകാശപര്യവേക്ഷണ ചരിത്രത്തില്‍ പുതിയൊരു ഏടാണ് ഡോക്ടര്‍ ബല്‍റാം തിങ്കളാഴ്ച എഴുതിച്ചേര്‍ത്തത്.

Teddy Tzanetos, MiMi Aung and Bob Balaram of NASA's Mars Helicopter project
ഡോക്ടര്‍ ജെ ബോബ് ബല്‍റാം മറ്റ് ശാസ്ത്രജ്ഞര്‍ക്കൊപ്പം | Photo : jpl.nasa.gov

ചെറിയ ഹെലികോപ്ടര്‍ പറന്നുയര്‍ന്ന് വളരെ കൂളായി ചൊവ്വയുടെ പൊടിനിറഞ്ഞ ഉപരിതലത്തില്‍ ലാന്‍ഡ് ചെയ്യുന്നത് വരെയുള്ള സമയം 'സംഭ്രമത്തിന്റെ മുപ്പത് സെക്കന്‍ഡു'കളാണ് നാസയുടെ ശാസ്ത്രജ്ഞര്‍ക്ക് നല്‍കിയത്, ഒപ്പം ബല്‍റാമിന്റെ 35 കൊല്ലത്തെ റോബോട്ടിക്‌സ് സാങ്കേതികവിദ്യയിലെ പരിജ്ഞാനത്തിന്റെ വിജയവും. 

 

 

Content Highlights: J Bob Balaram the chief engineer of Nasa's Ingenuity Mars helicopter