മിലാന്‍:  ഇന്ത്യയില്‍ എയര്‍ ഇന്ത്യയെ സര്‍ക്കാര്‍ കൈയൊഴിഞ്ഞ് ടാറ്റ തിരികെ വിലക്കെടുത്തപ്പോള്‍ അങ്ങകലെ ഇറ്റലിയിലും ദേശീയ എയര്‍ലൈനായ അലിറ്റാലിയ സേവനം നിര്‍ത്തി. കമ്പനിയെ ഐടിഎ എന്ന ചെറുവിമാന കമ്പനി ഏറ്റെടുക്കുകയായിരുന്നു. ഇതോടെ അലിറ്റാലിയ ഇനി ചരിത്രത്തിന്റെ ഭാഗമായി മാറി. കടം കയറി നഷ്ടത്തിലായ കമ്പനി ഒടുവില്‍ സേവനം നിര്‍ത്തുകയായിരുന്നു. പോപ്പിന്റെ വിദേശ യാത്രകളും അലിറ്റാലിയയിലായതിനാല്‍ 'പേപ്പല്‍ ഫ്‌ളൈറ്റ്' എന്ന നിലയിലും അലിറ്റാലിയ പ്രശസ്തി നേടിയിരുന്നു

ഇറ്റലിയുടെ അഭിമാനമായി അറിയപ്പെട്ടിരുന്ന അലിറ്റാലിയയെ രാജ്യത്തിന്റെ പുതിയ ഔദ്യോഗിക വിമാനക്കമ്പനിയായ ഇറ്റാലിയ ട്രോന്‍സ്‌പോര്‍ട്ടോ എയ്‌റോ (ഐടിഎ) ഏറ്റെടുത്തു. പുതിയ കമ്പനിയുടെ ബ്രാന്‍ഡ്‌ ലോഗോ പുറത്തിറക്കിയതിന് പിന്നാലെ ആദ്യവിമാനവും വെള്ളിയാഴ്ച പറന്നുയര്‍ന്നു. 75 വര്‍ഷം പഴക്കമുള്ള അലിറ്റാലിയ വിമാനക്കമ്പനിയാണ് ഇതോടെ ചരിത്രത്തിന്റെ ഭാഗമാകുന്നത്. കടക്കെണിയിലായ വിമാനക്കമ്പനിയെ പുനരുജ്ജീവിപ്പിക്കാനുള്ള എല്ലാ ശ്രമങ്ങളും പരാജയപ്പെട്ടിരുന്നു.

മാര്‍പാപ്പമാരും ഇറ്റലിയിലെ രാഷ്ട്രീയ നേതാക്കളും സഞ്ചരിച്ചിരുന്ന വിമാനമാണ് ചരിത്രത്തിന്റെ ഭാഗമായി മാറുന്നത്. 1946 ല്‍ തുടങ്ങിയ വിമാനക്കമ്പനിയുടെ ഉടമസ്ഥാവകാശം പലതവണ കൈമറിഞ്ഞിരുന്നു. പാപ്പരാകുന്ന സാഹചര്യം ഒഴിവാക്കാന്‍ 2017 മുതല്‍ സര്‍ക്കാര്‍ നിയോഗിച്ച പ്രതിനിധികളാണ് അലിറ്റാലിയയുടെ നടത്തിപ്പിന് മേല്‍നോട്ടം വഹിച്ചിരുന്നത്. കമ്പനിയെ കടക്കെണിയില്‍നിന്ന് കരകയറ്റാന്‍ സര്‍ക്കാര്‍ പലതവണ ശ്രമങ്ങള്‍ നടത്തിയിരുന്നു. കഴിഞ്ഞ മൂന്നു വര്‍ഷം മാത്രം എട്ട് ബില്യണ്‍ (800 കോടി) യൂറോയില്‍ അധികമാണ് കമ്പനിക്കുവേണ്ടി സര്‍ക്കാര്‍ ചിലവഴിച്ചത്.

ita
ഐടിഎ വിമാനം | Photo - AFP

എന്നാല്‍, 90 മില്യണ്‍ യൂറോ ചിലവഴിച്ചാണ് ജനപ്രിയ ബ്രാന്‍ഡ്‌ ഐടിഎ സ്വന്തമാക്കിയത്. അല്‍ഇറ്റാലിയ പ്രതീക്ഷിച്ചതിന്റെ മൂന്നിലൊന്ന് തുക മാത്രമാണ് ഇതെന്ന് കമ്പനി അവകാശപ്പെട്ടിരുന്നു. വ്യാഴാഴ്ച രാത്രിയോടെ അലിറ്റാലിയയുടെ അവസാന വിമാനവും നിലത്തിറങ്ങി.

അലിറ്റാലിയയുടെ 10,000 ത്തിലധികം ജീവനക്കാരെ താരതമ്യേന ചെറിയ കമ്പനിയായ ഐടിഎ ഏറ്റെടുക്കുന്നതിനെതിരെ പ്രതിഷേധങ്ങളും ഉയര്‍ന്നു. തൊഴിലാളി യൂണിയനുകളുമായുള്ള ചര്‍ച്ച തുടരുകയാണ്. ചിലവ് കുറഞ്ഞ വിമാനക്കമ്പനികളുമായി മത്സരിക്കാനാണ് ഐടിഎ ഒരുങ്ങുന്നതെന്നാണ് പുറത്തുവരുന്ന വിവരം. ജീവനക്കാരുടെ എണ്ണം അടക്കം കുറയ്ക്കാനാണ് നീക്കമെന്നാണ് സൂചന. 44 വിമാനത്താവളങ്ങളിലേക്കാണ് ഐടിഎ ആദ്യം ഘട്ടത്തില്‍ പറക്കുന്നത്. നാല് വര്‍ഷത്തിനകം ഇത് 74 ആയി ഉയര്‍ത്തും.

Content Highlights: Italy's new airline takes to the sky's; marking the end of Alitalia