റോം: കരാർ പ്രകാരം വാക്‌സിന്‍ നല്‍കാത്തതിൽ അതൃപ്തരായ ഇറ്റലി യുഎസ് ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയായ ഫൈസറിനെതിരേ നിയമനടപടിക്കൊരുങ്ങുന്നു. മുന്‍കൂട്ടി ഓര്‍ഡര്‍ ചെയ്ത വാക്‌സിന്‍ എത്തിക്കുന്നതിലുണ്ടായ കാലതാമസമാണ് ഇറ്റലിയെ നിയമ നടപടി സ്വീകരിക്കുന്നതിലേക്ക് നയിച്ചിരിക്കുന്നത്.
സിവില്‍-ക്രിമിനല്‍ നടപടികള്‍ സ്വീകരിക്കുന്നതിനായി ഇറ്റലിയിലെ പ്രാദേശിക ഗവര്‍ണര്‍മാരുടെ പിന്തുണ ഉറപ്പുവരുത്തിയിട്ടുളളതായി കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ചുമതലയുളള ഡൊമെനികോ അര്‍സുരി പറഞ്ഞു. വരും ദിവസങ്ങളില്‍ ഇത്തരം നിയനടപടികള്‍ സ്വീകരിക്കുന്നത് സംബന്ധിച്ച് തീരുമാനമെടുത്തതായി ചൊവ്വാഴ്ച വൈകീട്ട് പുറത്തിറക്കിയ പ്രസ്താവനയില്‍ അദ്ദേഹം അറിയിച്ചു. ഇറ്റാലിയന്‍ പൗരന്മാരുടെ ആരോഗ്യസംരക്ഷണത്തില്‍ യാതൊരു വിട്ടുവീഴ്ചയ്ക്കും തയ്യാറല്ലെന്ന് അദ്ദേഹം വ്യക്തമാക്കി.
യൂറോപ്പ്, കാനഡ എന്നിവിടങ്ങളിലേക്കുളള വാക്‌സിന്‍ കയറ്റുമതി താല്കാലികമായി കുറച്ചതായി കഴിഞ്ഞ ആഴ്ച ഫൈസര്‍ സ്ഥിരീകരിച്ചിരുന്നു. തങ്ങളുടെ ബെല്‍ജിയം പ്ലാന്റില്‍ നിന്നുളള വാക്‌സിന്‍ ഉല്പാദനം വര്‍ഷത്തില്‍ 2 ബില്യണ്‍ ആയി ഉയര്‍ത്താന്‍ ഫൈസര്‍ തീരുമാനിച്ചിട്ടുണ്ട്.
Content Highlights:Italy ponders suing Pfizer for vaccine delays