പാരീസ്: വാക്‌സിന്‍ സ്വീകരിച്ച ചിലരില്‍ രക്തം കട്ടപിടിക്കുന്നു എന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ആസ്ട്രസെനക്കയുടെ കോവിഡ് പ്രതിരോധ വാക്‌സിന്‍ വിതരണം തല്‍ക്കാലത്തേക്ക് നിര്‍ത്തിവെച്ച രാജ്യങ്ങളുടെ പട്ടികയിലേക്ക് ഇറ്റലിയും ജര്‍മനിയും ഫ്രാന്‍സും. 

നേരത്തെ, വാക്‌സിന്‍ സ്വീകരിച്ച ചിലരില്‍ അപകടകരമായ രീതിയില്‍ രക്തം കട്ടപിടിച്ചുവെന്ന് റിപ്പോര്‍ട്ടുകള്‍ പുറത്തെത്തിയിരുന്നു. അതേസമയം വാക്‌സിന് എതിരായ ആരോപണത്തിന് തെളിവുകളില്ലെന്ന് കമ്പനിയും യൂറോപ്യന്‍ റെഗുലേറ്റേഴ്‌സും പ്രതികരിച്ചു.

ആസ്ട്രസെനക്ക വാക്‌സിന്‍ വിതരണം തല്‍ക്കാലത്തേക്ക് നിര്‍ത്തിവെക്കുന്നുവെന്ന കാര്യം തിങ്കളാഴ്ചയാണ് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ അറിയിച്ചത്. യൂറോപ്യന്‍ മെഡിസിന്‍ ഏജന്‍സി(ഇ.എം.എ.)യുടെ തീരുമാനത്തിന് അനുസരിച്ചാകും വിതരണം പുനഃരാരംഭിക്കണോ എന്ന് തീരുമാനിക്കുകയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ചൊവ്വാഴ്ച ഉച്ചയ്ക്കു ശേഷമായിരിക്കും ഇ.എം.എ. വിഷയത്തിലെ തീരുമാനം പ്രഖ്യാപിക്കുക.

മുന്‍കരുതല്‍ എന്ന നിലയിലും താല്‍ക്കാലികവുമായാണ് ആസ്ട്രസെനക്ക വാക്‌സിന്‍ വിതരണം നിര്‍ത്തിവെച്ചതെന്ന് ഇറ്റാലിയന്‍ മെഡിസിന്‍ അതോറിറ്റി (എ.ഐ.എഫ്.എ.) വ്യക്തമാക്കി. 

ഡെന്‍മാര്‍ക്ക് ആണ് ആദ്യമായി ആസ്ട്രസെനക്ക കോവിഡ് വാക്‌സിന്റെ വിതരണം ആദ്യമായി നിര്‍ത്തിവെച്ചത്. പിന്നാലെ നെതര്‍ലന്‍ഡ്‌സ്, അയര്‍ലന്‍ഡ്, നോര്‍വേ, ഐസ്‌ലാന്‍ഡ്, കോംഗോ, ബള്‍ഗേറിയ തുടങ്ങിയ രാജ്യങ്ങളും ആസ്ട്രസെനക്കയുടെ വാക്‌സിന്‍ വിതരണം നിര്‍ത്തിവെച്ചിരുന്നു.

content highlights: italy, france and germany suspends astrazeneca's covid vaccine distribution