''ഇത്രയും ആകുലരായ, അസ്വസ്ഥരായ, നിസ്സഹായരും പ്രതീക്ഷയറ്റവരുമായവരെ​ ജീവിതത്തില്‍ ഇന്നോളം കണ്ടിട്ടില്ല, അവരെയോര്‍ത്ത് ഞാന്‍ അങ്ങേയറ്റം വിഷമിക്കുന്നു...''

അഫ്ഗാനിസ്താനിലെ ജനങ്ങളെ കുറിച്ചാണ് ഏതാനും മണിക്കൂറുകള്‍ക്ക് മുമ്പ് ബുര്‍ഹാന്‍ വെസാല്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചത്. ബ്രിട്ടന്റെ ഇടപെടലിലൂടെ കാബൂളില്‍ നിന്ന് സുരക്ഷിതമായി ലണ്ടനിലെത്തിച്ചേരുന്നതിന് മുമ്പ് താനും കുടുംബവും അസ്വസ്ഥമായ ആ സമൂഹത്തിന്റെ ഭാഗമായിരുന്നതിനാലാവണം ബുര്‍ഹാന്‍ ഇത്തരത്തില്‍ കുറിച്ചത്. 

ഭാര്യയും ആറ് വയസ്സുകാരനായ മകനുമൊത്ത് യുകെയിലേക്കുള്ള വിമാനത്തില്‍ കയറിയ നിമിഷമാണ് ജീവിതത്തിലെ ഏറ്റവും ആനന്ദകരമായ നിമിഷമെന്ന് ബുര്‍ഹാന്‍ പറയുന്നു. 'ഇരുളില്‍ നിന്ന് വെളിച്ചത്തിലേക്കുള്ള യാത്രയായിരുന്നു അത്'- ജീവിതം തിരികെ കിട്ടിയ ആശ്വാസത്തില്‍ ആ മുപ്പത്തിനാലുകാരന്‍ പറയുന്നു. ബ്രിട്ടീഷ് സേനയ്ക്ക് വേണ്ടി ദ്വിഭാഷിയായി ബുര്‍ഹാന്‍ പ്രവര്‍ത്തിച്ചിരുന്നു. അതിനാല്‍തന്നെ ജീവന്‍ നഷ്ടപ്പെടാനിടയുണ്ടെന്ന് ബുര്‍ഹാന് തീര്‍ച്ചയായിരുന്നു. താലിബാന്‍ കാബൂള്‍ പിടിച്ചെടുക്കുന്നതിന് തൊട്ടുമുമ്പത്തെ ദിവസം യുകെയിലേക്കുള്ള യാത്രയ്ക്ക് ബുര്‍ഹാന് അനുമതി ലഭിച്ചിരുന്നു. 

''ആയിരക്കണക്കിനാളുകളാണവിടെ, എന്റെ കൂടെ കുഞ്ഞുണ്ടെന്നും വിമാനത്താവളത്തിനുള്ളിലേക്ക് പോകാന്‍ വഴി തരണമെന്നും ഞാന്‍ ആളുകളോട് അപേക്ഷിച്ചു, ബ്രിട്ടീഷ് സൈനികരുടെ അരികിലെത്തിയ ഞാന്‍ യാത്രക്കുള്ള അനുമതിപത്രമുണ്ടെന്ന് അറിയിച്ചു...അവര്‍ എന്നെ സഹായിച്ചു''. വിമാനത്താവളത്തിലെ അനുഭവത്തെ കുറിച്ച് ബുര്‍ഹാന്‍ പറഞ്ഞു. 

ദുബായ് വഴിയാണ് ബുര്‍ഹാനും കുടുംബവും യുകെയിലേക്ക് പറന്നത്. പത്ത് ദിവസത്തെ ക്വാറന്റീനില്‍ ഒരു ഹോട്ടലില്‍ തങ്ങുകയാണിവര്‍. തന്റെ മകന്‍ ഏതു സമയവും ഹോട്ടല്‍ മുറിയിലെ ജനാലച്ചില്ലിലൂടെ നോക്കി പുറത്തെ കാഴ്ചകള്‍ കാണുകയാണെന്ന് ബുര്‍ഹാന്‍ പറഞ്ഞു. പുറത്തിറങ്ങുമ്പോള്‍ താനാ തെരുവുകളിലൂടെ നടക്കുമെന്നും അവിടെ നിര്‍ത്തിയിരിക്കുന്ന കാര്‍ കാണുമെന്നും മകന്‍ പറയാറുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ''അവന്റെ മുഖത്ത് സന്തോഷം മാത്രമാണിപ്പോള്‍'', ആശ്വാസത്തോടെ ബുര്‍ഹാന്‍ പറയുന്നു.

Burhan Vesal ,Son
ബുര്‍ഹാനും മകനും | Photo : Facebook / Burhan Vesal

മകന്റെ വിദ്യാഭ്യാസം തുടരണം, ഡോക്ടറായ ഭാര്യയ്ക്ക് ഒരു തൊഴില്‍ തേടണം, അങ്ങനെ സമൂഹത്തിനായുളള സേവനം തുടരാന്‍ അവള്‍ക്ക് സാധിക്കും. ഭരണതലത്തില്‍ പത്ത് വര്‍ഷത്തോളം പ്രവൃത്തി പരിചയമുള്ളതിനാല്‍ ഇവിടെയൊരു ജോലി കണ്ടെത്താന്‍ എനിക്ക് പ്രയാസമുണ്ടാവില്ല. ഈ രാജ്യത്തിന്(യുകെ)വേണ്ടിയുള്ള സേവനത്തിനായി ജീവിതത്തിന്റെ ശേഷഭാഗം മാറ്റിവെക്കാനാണ് ആഗ്രഹം. ബുര്‍ഹാന്‍ പറഞ്ഞു.  

തനിക്കും കുടുംബത്തിനും സുരക്ഷിതമായി ഹീത്രുവില്‍ എത്തിച്ചേരാന്‍ അവസരമൊരുക്കിയ യുകെ അധികൃതര്‍ക്കും സേനാംഗങ്ങള്‍ക്കും ബുര്‍ഹാന്‍ ഹൃദയംഗമമായ നന്ദി അറിയിച്ചു. കാബൂള്‍ വിമാനത്താവളത്തില്‍ നിരാശരായി യാത്രക്കുള്ള ഊഴം തേടിയെത്തുന്ന ജനക്കൂട്ടത്തിന് വേണ്ടി രാവും പകലും പ്രവര്‍ത്തിക്കുന്ന ബ്രിട്ടീഷ് സേനയെ ബുര്‍ഹാന്‍ പ്രശംസിച്ചു. കാബൂള്‍ വിമാനത്താവളത്തില്‍ കുടുങ്ങിക്കിടക്കുന്നവരെ സഹായിക്കണമെന്ന് യുകെ പ്രധാനമന്ത്രി ബോറിസ് ജോണ്‍സനോട് അദ്ദേഹം അഭ്യര്‍ഥിച്ചു. 

 

Content Highlights:  It's like going from darkness to light, Happiest moment of my life:Afghanistan interpreter