ജറുസലേം: പലസ്തീന് 10 ലക്ഷം കോവിഡ് വാക്‌സിന്‍ ഡോസുകള്‍ ഉടന്‍ കൈമാറുമെന്ന് ഇസ്രായേലിന്റെ പ്രഖ്യാപനം. യു.എൻ പദ്ധതിപ്രകാരം പലസ്തീന് വാക്സിൻ ലഭിക്കുമ്പോൾ തിരികെ നൽകണമെന്ന വ്യവസ്ഥയിലാണ് വാക്സിൻ കൈമാറ്റം. 

ഞായറാഴ്ച സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റ നെഫ്താലി ബെന്നറ്റിന്റെ നേതൃത്വത്തിലുള്ള ഇസ്രായേലിലെ പുതിയ സര്‍ക്കാരാണ് പലസ്തീന് വാക്‌സിന്‍ നല്‍കുമെന്ന് പ്രഖ്യാപിച്ചത്. ഇസ്രയേലിന്റെ കൈവശമുള്ള കാലാവധി അവസാനിക്കാറായ ഫൈസര്‍ വാക്‌സിനാണ് ഉടന്‍ കൈമാറുക. അതേ സമയം ഇത് സംബന്ധിച്ച് പലസ്തീന്‍ അധികൃതരില്‍ നിന്ന് പ്രതികരണം ലഭിച്ചിട്ടില്ല.

അധിനിവേശ ശക്തിയെന്ന നിലയില്‍ ഇസ്രായേല്‍ പലസ്തീനികള്‍ക്ക് വാക്‌സിനുകള്‍ നല്‍കാന്‍ ബാധ്യസ്ഥരാണെന്ന് ചില മനുഷ്യാവകാശ സംഘടനകൾ ചൂണ്ടിക്കാട്ടിയിരുന്നു. എന്നാല്‍ 1990 കളില്‍ പലസ്തീനുമായി ഉണ്ടാക്കിയ ഇടക്കാല സമാധാന കരാറുകളിലേക്ക് വിരല്‍ ചൂണ്ടുന്ന ഇസ്രായേല്‍ അത്തരമൊരു ബാധ്യത നിഷേധിക്കുകയാണ്.

ഇസ്രയേലിലില്‍ ഇതിനോടകം മുതിര്‍ന്ന ജനസംഖ്യയുടെ 85 ശതമാനം പേര്‍ക്കും വാക്‌സിനേഷന്‍ പൂര്‍ത്തീകരിച്ചിട്ടുണ്ട്. അധിനിവേശ വെസ്റ്റ് ബാങ്കിലേയും ഗാസയിലേയും 4.5 ദശലക്ഷം പലസ്തീനികള്‍ വാക്‌സിന്‍ നല്‍കാത്തതില്‍ ഇസ്രായേലിന് വിമര്‍ശനം നേരിടേണ്ടി വന്നിരുന്നു. തുടർന്ന് വെസ്റ്റ്ബാങ്കിലെ 3,80,000 പേർക്കും ഗാസയിലെ 50,000 പേർക്കും ഇതുവരെ വാക്സിൻ നൽകിയിട്ടുണ്ട്, ഇരുപ്രദേശത്തുമായി ഇതുവരെ 3,00,000 പേർക്കാണ് കോവിഡ് ബാധിച്ചത്. 3545 പേർ കോവിഡ് ബാധിച്ച് മരിക്കുകയും ചെയ്തു. ഇസ്രായേലിൽ ജോലി ചെയ്യുന്ന വെസ്റ്റ്ബാങ്കിലെ ഒരു ലക്ഷത്തോളം പലസ്തീനികൾക്കും മുമ്പ് വാക്സിൻ നൽകിയിരുന്നു. 

 ലോകത്ത് ഏറ്റവും വിജയകരമായി വാക്‌സിനേഷന്‍ പദ്ധതി നടപ്പാക്കിയത് ഇസ്രായേലാണ്. അവിടെ സ്‌കൂളുകളും ബിസിനസ് പ്രവര്‍ത്തനങ്ങളും സാധാരണ രീതിയിലാണിപ്പോള്‍. മാസ് ധരിക്കണമെന്ന നിബന്ധനയും ഈ ആഴ്ചയോടെ നീക്കം ചെയ്തു.