ഗാസ/ജറുസലേം: ഇസ്രേയൽ-പലസ്തീൻ സംഘര്‍ഷം രൂക്ഷമാകുന്നതിനിടെ ഗാസയിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 100 കടന്നു. ഇസ്രയേൽ പ്രതിരോധ മന്ത്രാലയത്തെ ഉദ്ധരിച്ചുള്ള റിപ്പോർട്ടുകളിൽ 109 മരണം ഔദ്യോഗികമായി സ്ഥിരീകരിച്ചു. ഇതിൽ 28 പേർ കുട്ടികളാണ്. ഏഴ് ഇസ്രയേലി പൗരൻമാരും കൊല്ലപ്പെട്ടിട്ടുണ്ട്. ഇസ്രയേലിലെ അഷ്‌കലോണില്‍ ഹമാസിന്റെ റോക്കാറ്റാക്രമണത്തില്‍ മലയാളിയായ സൗമ്യയും കഴിഞ്ഞ ദിവസം കൊല്ലപ്പെട്ടിരുന്നു. 580 പേർക്ക് പരിക്കേറ്റതായും ഗാസ ആരോഗ്യമന്ത്രാലയം അറിയിച്ചു. ഏറ്റുമുട്ടൽ തുടങ്ങി നാല് ദിവസത്തിനിടയിലെ കണക്കാണിത്.

അതേസമയം അക്രമണം കടുപ്പിച്ച ഇസ്രയേൽ ഗാസ അതിർത്തിയിൽ കൂടുതല്‍ സൈന്യത്തെ വ്യന്യസിച്ചു. വ്യോമസേനയും കരസേനയും അക്രമണം തുടങ്ങിയതായി ഇസ്രയേൽ സൈന്യം അറിയിച്ചു. 7000ത്തോളം ഇസ്രയേലി സൈന്യവും അതിർത്തിയിൽ തമ്പടിച്ചിട്ടുണ്ട്. ഇതോടെ മേഖല യുദ്ധസമാനമായി മാറി. അതേസമയം സൈന്യം ഇതുവരെ ഗാസയിലേക്ക് കടന്നുകയറിയിട്ടില്ലെന്നാണ് റിപ്പോർട്ട്.

2014-നുശേഷം ഇസ്രയേലും പലസ്തീനും തമ്മിലുള്ള ഏറ്റുമുട്ടൽ ഇത്രയും രൂക്ഷമാകുന്നത് ഇതാദ്യമാണ്. കഴിഞ്ഞ ആഴ്ച ജറുസലേമിലെ അൽ അക്സ പള്ളി വളപ്പിലുണ്ടായ സംഘർഷമാണ് ഇപ്പോൾ യുദ്ധസമാനമായ സാഹചര്യത്തിലേക്ക് മാറിയത്.

കടുത്ത തിരിച്ചടി നേരിടേണ്ടിവരുമെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു മുന്നറിയിപ്പു നൽകിയിട്ടുണ്ട്. എന്നാൽ, ആക്രമണത്തിനു മുതിർന്നാൽ പ്രതിരോധിക്കാൻ തയ്യാറാണെന്ന് ഇസ്രയേലിന് കാട്ടിക്കൊടുക്കുകയാണ് ഉദ്ദേശ്യമെന്ന് ഹമാസ് നേതാവ് ഇസ്മായിൽ ഹാനിയെ പ്രതികരിച്ചു. 130 ലേറെ റോക്കറ്റുകള്‍ തൊടുത്തതായി ഹമാസും അവകാശപ്പെട്ടിരുന്നു.

ഇതിനിടെ ഇരുപക്ഷവും വെടിനിർത്തണമെന്ന് ഐക്യരാഷ്ട്രസഭ ആവശ്യപ്പെട്ടു. ഈജിപ്ത്, കുവൈത്ത് ഉൾപ്പെടെയുള്ള രാജ്യങ്ങളും സമാധാനത്തിന് ആഹ്വാനം ചെയ്തിട്ടുണ്ട്.

content highlights:Israel says its troops have entered Gaza Strip