സിറിയയിൽ യുഎസ് സൈന്യം നടത്തിയ ഏറ്റുമുട്ടലിൽ തകർന്ന വീട് | ചിത്രം: AP
വാഷിങ്ടണ്‍: ഐഎസ് തലവന്‍ അബു ഇബ്രാഹിം അല്‍-ഹാഷ്മി അല്‍-ഖുറൈഷിയെ വധിച്ചതായി അമേരിക്ക. വടക്കുപടിഞ്ഞാറന്‍ സിറിയയില്‍ വ്യാഴാഴ്ച പുലര്‍ച്ചെ യുഎസ് സേന നടത്തിയ ഓപ്പറേഷനിലാണ് അല്‍-ഖുറൈഷി കൊല്ലപ്പെട്ടതെന്ന് യു.എസ് പ്രസിഡന്റ് ജോ ബൈഡന് പറഞ്ഞു.
''നമ്മുടെ സായുധ സേനയുടെ വൈദഗ്ധ്യത്തിനും ധീരതയ്ക്കും നന്ദി. നമ്മള് ഐഎസിന്റെ തലവന്‍ അബു ഇബ്രാഹിം അല്‍-ഹാഷ്മി അല്‍-ഖുറൈഷിയെ വധിച്ചു,'' ബൈഡന് പ്രസ്താവനയില്‍ പറഞ്ഞു. ദൗത്യത്തില്‍ പങ്കെടുത്ത എല്ലാ അമേരിക്കക്കാരും സുരക്ഷിതരായി മടങ്ങിയെത്തിയെന്നും അദ്ദേഹം പറഞ്ഞു.
പ്രത്യേക ദൗത്യത്തെ പറ്റി അമേരിക്കന്‍ പ്രസിഡന്റ് ജനങ്ങളെ അഭിസംബോധന ചെയ്ത് കൂടുതല്‍ വിവരങ്ങള്‍ അറിയിക്കുമെന്നും അധികൃതര്‍ അറിയിച്ചു.
വ്യാഴാഴ്ച പുലര്‍ച്ചെ വടക്കുപടിഞ്ഞാറന്‍ സിറിയയില്‍ വലിയ തോതിലുള്ള തീവ്രവാദ വിരുദ്ധ ദൗത്യം യുഎസ് പ്രത്യേക സേന നടത്തിയതായി പെന്റഗണ്‍ അറിയിച്ചു. സംഭവത്തില്‍ പതിമൂന്നോളം പേര് കൊല്ലപ്പെട്ടുവെന്നും അതില്‍ സ്ത്രീകളും കുട്ടികളുമുണ്ടെന്നും രക്ഷാപ്രവര്‍ത്തകര്‍ പറഞ്ഞു.
യുഎസ് സേന ഭീകരരുമായി രണ്ട് മണിക്കൂറിലധികം ഏറ്റുമുട്ടിയതായി പ്രദേശവാസികള്‍ പറഞ്ഞു. 2019-ല്‍ ട്രംപിന്റെ കാലത്ത് ഇസ്ലാമിക് സ്റ്റേറ്റ് നേതാവ് അബൂബക്കര്‍ അല്‍ ബാഗ്ദാദിയെ കൊലപ്പെടുത്തിയ യുഎസ് ദൗത്യത്തിന് ശേഷം പ്രവിശ്യയില്‍ നടക്കുന്ന ഏറ്റവും വലിയ ദൗത്യമായിരുന്നു ഇത്.
Content Highlights: isis leader killed in a mission in syria says america
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..