ആഗോളഭീകരന്‍ അബൂബക്കര്‍ അല്‍ ബാഗ്ദാദിയുടെ ഒളിത്താവളത്തില്‍ വിശ്വസ്തനായി കടന്ന് വിവരങ്ങള്‍ ചോര്‍ത്തി നല്‍കിയ ആള്‍ക്ക് 25 മില്യണ്‍ യുഎസ് ഡോളര്‍(ഏകദേശം 178 കോടിയോളം രൂപ)പാരിതോഷികമായി നല്‍കുമെന്ന് യുഎസ്.
സിറിയയിലെ ഇദ്‌ലിബ് പ്രവിശ്യയിലെ ബാഗ്ദാദിയുടെ ഒളിത്താവളവും സിറിയന്‍ അതിര്‍ത്തിയില്‍ കൂടുതല്‍ സുരക്ഷ തേടി ബാഗ്ദാദി നീങ്ങാനിടയുള്ള വിവരവും യുഎസ് സേനയ്ക്ക് കൈമാറിയത് ഇയാളായിരുന്നു. ബാഗ്ദാദിയെ സൈന്യം വളയുന്ന സമയത്തും ഇയാള്‍ അവിടെയുണ്ടായിരുന്നതായാണ് യുഎസ് നല്‍കുന്ന വിവരം.
മാസങ്ങള്‍ക്ക് മുമ്പ് ആരംഭിച്ച ബാഗ്ദാദിയ്ക്കായുള്ള തിരച്ചിലിന് വ്യക്തമായ രൂപരേഖ നല്‍കിയത് ഈ ചാരന്‍ നല്‍കിയ നിര്‍ണായക വിവരമാണ്. ഇയാളെ കുറിച്ചുള്ള വിവരങ്ങള്‍ യുഎസ് പുറത്തു വിട്ടിട്ടില്ലെങ്കിലും സിറിയന്‍ ഡെമോക്രാറ്റിക് ഫോഴ്‌സസിലെ ഒരംഗമാണ് ഇയാളെന്ന് സൂചനകളുണ്ട്. ഡിഎന്‍എ പരിശോധനയ്ക്കായി ബാഗ്ദാദിയുടെ അടിവസ്ത്രങ്ങള്‍ കടത്തിയതും ഇയാളാണെന്ന് എസ്ഡിഎഫ് മേധാവി ജനറല്‍ മസ്‌ലൂം ആബ്ദി മാധ്യമങ്ങളോട് സൂചിപ്പിച്ചിരുന്നു.
ഇസ്ലാമിക് സ്റ്റേറ്റിന്റെ ആക്രമണത്തില്‍ അടുത്ത ബന്ധു കൊല്ലപ്പെട്ടതോടെയാണ് ഇയാള്‍ ഐഎസ് എന്ന ഭീകരസംഘടനയ്‌ക്കെതിരെ പ്രവര്‍ത്തിക്കാനാരംഭിച്ചത്. ഇയാളുടെ കായികവും മാനസികവുമായ വൈദഗ്ധ്യം എസ്ഡിഎഫ് ഉപയോഗപ്പെടുത്തി. കുര്‍ദുകള്‍ നേതൃത്വം നല്‍കുന്ന സൈനികസംഘത്തിലെ ഒരു പ്രധാനിയായിരുന്നു ഇയാളെന്നാണ് വിവരം. ഒക്ടോബര്‍ 26 ന് ബാഗ്ദാദിയുടെ വധത്തിന് ശേഷം ഇയാള്‍ കുടുംബാംഗങ്ങളോടൊപ്പം ഇദ്‌ലിബില്‍ നിന്ന് രക്ഷപ്പെട്ടതായി പറയപ്പെടുന്നു.
പെന്റഗണോ വൈറ്റ്ഹൗസോ ചാരന്റെ ഈ പ്രത്യേക സഹായത്തെ കുറിച്ച് സ്ഥിരീകരിച്ചിട്ടില്ല. എന്നാല്‍ ബാഗ്ദാദിയെ ഇല്ലാതാക്കാന്‍ ലഭിച്ച എസ്ഡിഎഫിന്റെ സഹായത്തിന് യുഎസ് നന്ദി പ്രകടിപ്പിച്ചിരുന്നു. ബാഗ്ദാദിയെ കുറിച്ചുള്ള വ്യക്തിഗതവിവരങ്ങള്‍ ചാരന്‍ നല്‍കിയതായാണ് അനൗദ്യോഗികവിവരം. ഇയാളുടെ സഹായം ലഭ്യമായിരുന്നില്ലെങ്കില്‍ ഒരു പക്ഷേ ബാഗ്ദാദിയെ വധിക്കുക എന്ന യുഎസ് ലക്ഷ്യം ഇപ്പോള്‍ നടപ്പിലാകുമായിരുന്നില്ല എന്ന സൂചന ഔദ്യോഗികവൃത്തങ്ങള്‍ കൈമാറി.
ഇയാളുടെ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് പല ദിക്കുകള്‍ കേന്ദ്രീകരിച്ച് ബാഗ്ദാദിയ്ക്കായി നടത്തിയിരുന്ന അന്വേഷണം ബാരിഷയിലെ ഇദ്‌ലിബ് പ്രവിശ്യയിലേക്ക് ചുരുക്കാന്‍ യുഎസ് സൈന്യത്തെ സഹായിച്ചത്. നിറയെ തുരങ്കങ്ങള്‍ നിറഞ്ഞ സ്ഥലത്ത് സുരക്ഷിതനാണെന്ന് ഉറപ്പുണ്ടായിരുന്നെങ്കിലും കൂടുതല്‍ സുരക്ഷയ്ക്കായി സിറിയന്‍ അതിര്‍ത്തിയിലേക്ക് നീങ്ങാനൊരുങ്ങിയിരുന്ന ബാഗ്ദാദിയെ എന്നേക്കുമായി ഇല്ലായ്മ ചെയ്യാന്‍ സഹായിച്ച ആള്‍ക്ക് മികച്ച പ്രതിഫലം നല്‍കാന്‍ തന്നെയാണ് യുഎസ് തീരുമാനം.
Content Highlights: Informer who was inside Baghdadi's Syrian stronghold may get $25 million bounty