ന്യൂഡല്‍ഹി: പാകിസ്താന്‍ ചാര സംഘടനയായ ഐഎസ്‌ഐ ഇന്ത്യയില്‍ വന്‍ ഭീകരാക്രമണത്തിന് പദ്ധതിയിടുന്നതായി റിപ്പോര്‍ട്ട്. ജമ്മു കശ്മീര്‍, പഞ്ചാബ് എന്നിവിടങ്ങളില്‍ ആക്രമണം നടത്താനായി നാല് ഭീകരര്‍ പഞ്ചാബ്  അതിര്‍ത്തി വഴി നുഴഞ്ഞു കയറിയതായി ഇന്റലിജന്‍സ് ബ്യൂറോ സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കി. ഇതിന്റെ അടിസ്ഥാനത്തില്‍ സുരക്ഷാ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. 

ജമ്മുവിലെ കത്തുവ, പഞ്ചാബിലെ ഗിരുദാസ്പുര്‍, പഠാന്‍കോട്ട് എന്നിവിടങ്ങളില്‍ 15 ദിവസത്തിനുള്ളില്‍ ഐഎസ്‌ഐ വന്‍ ആക്രമണം നടത്തിയേക്കുമെന്നാണ് ഐബിയുടെ മുന്നറിയിപ്പ്. ഇന്ത്യയില്‍ കടന്ന ഭീകരര്‍ ഐഎസ്‌ഐ ആയുധങ്ങള്‍ എത്തിക്കുന്നതിനായി കാത്തിരിക്കുകയാണ്. മയക്കുമരുന്ന് കടത്തുകാരിലൂടെ ആയുധങ്ങള്‍ എത്തിക്കാനാണ് പദ്ധതിയെന്നും ഐബി റിപ്പോര്‍ട്ട് പറയുന്നു. 

അതിര്‍ത്തി കടന്നെത്തിയ ഭീകരര്‍ 2016 ജനുവരി 2ന് പഠാന്‍കോട്ടിലെ വ്യോമതാവളം ആക്രമിച്ചിരുന്നു. ഏറ്റുമുട്ടലില്‍ ഏഴ് സുരക്ഷ സൈനികര്‍ കൊല്ലപ്പെട്ടിരുന്നു. സംഭവത്തില്‍ ജെയ്‌ഷെ മുഹമ്മദിനും ഐഎസ്‌ഐക്കും പങ്കുള്ളതായി ഇന്ത്യ ആരോപിച്ചിരുന്നു.