ചൊവ്വയിലും മഴവില്ലോ? നാസയുടെ ഏറ്റവും പുതിയ ചൊവ്വ പര്യവേക്ഷണ വാഹനമായ പെര്‍സിവിയറന്‍സ് പുറത്തുവിട്ട ചിത്രത്തിനു പിന്നാലെയാണ് സമൂഹമാധ്യമങ്ങള്‍ സംശയമുയര്‍ത്തിയത്.  ചൊവ്വയുടെ ഉപരിതലത്തില്‍ നിന്നുള്ള ചിത്രത്തിലെ മഴവില്ല് നിറമാണ് സംശയത്തിന് ഇടയാക്കിയത്. 

ചര്‍ച്ച കൊഴുത്തതോടെ പെര്‍സിവിയറന്‍സ് തന്നെ ഉത്തരവുമായെത്തി. ചൊവ്വയില്‍ നിന്ന് കാണുന്ന മഞ്ഞനിറത്തിലുള്ള ആകാശത്തില്‍ തെളിഞ്ഞുകാണുന്നത് മഴവില്ല് അല്ലെന്നും അത് ചിത്രം പകര്‍ത്തിയ ലെന്‍സിന്റെ ഗ്ലെയര്‍ ആണെന്നുമാണ് പെര്‍സിവിയറന്‍സ് നല്‍കിയ വിശദീകരണം. ചൊവ്വയില്‍ നിന്ന് എന്തുകൊണ്ട് മഴവില്ല് കാണാന്‍ പറ്റില്ല എന്നതിനും പെര്‍സിവിയറന്‍സ് ഉത്തരം നല്‍കിയിട്ടുണ്ട്. 

ചൊവ്വയില്‍ നിന്ന് മഴവില്ല് കാണാന്‍ സാധ്യമല്ല. ജലത്തുള്ളികളില്‍ തട്ടി പ്രകാശം പ്രതിഫലിക്കുമ്പോഴാണ് മഴവില്ല് എന്ന പ്രകാശ പ്രതിഫലനമുണ്ടാകുന്നത്. ചൊവ്വയില്‍ ഈ പ്രതിഭാസം സംഭവിക്കാന്‍ മാത്രം ജലം ഇല്ല. - പെര്‍സിവിയറന്‍സ് ട്വീറ്റ് ചെയ്തു.