റഡാർ+ബി.എം.സി+റോക്കറ്റ് ലോഞ്ചർ= അയണ്‍ ഡോം; ഹമാസിനെ ചെറുക്കുന്ന ഇസ്രയേലിന്റെ അദൃശ്യകവചം


ഹമാസിന്റെ റോക്കറ്റിനെ ആകാശത്ത് നേരിടുന്ന അയൺ ഡോം മിസ്സൈൽ | ഫോട്ടോ എ.എഫ്.പി.

മീപകാല ലോകചരിത്രത്തില്‍ ഏറ്റവുമധികം രക്തച്ചൊരിച്ചിലുകള്‍ക്ക് ഇടയാക്കിയിട്ടുള്ള പലസ്തീന്‍-ഇസ്രയേല്‍ സംഘര്‍ഷം ഒരിടവേളയ്ക്കു ശേഷം വീണ്ടും സജീവമായിരിക്കുകയാണ്. ഒരാഴ്ചയോളമായി തുടരുന്ന ഏറ്റുമുട്ടല്‍ യുദ്ധത്തിന്റെ വക്കോളം എത്തിനില്‍ക്കുന്നു. ഇരു രാജ്യങ്ങള്‍ക്കുമിടയില്‍ കല്ലേറുകളും നേരിട്ടുള്ള ചില ഏറ്റുമുട്ടലുകളുമായി തുടങ്ങിയ സംഘര്‍ഷം ഇപ്പോള്‍ ആകാശയുദ്ധമായി പരിണമിച്ചിരിക്കുന്നു.

ഇതുവരെ ഇരുപക്ഷത്തുമായി 17 കുട്ടികള്‍ അടക്കം 83 മരണമാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. മരണങ്ങളെല്ലാം വ്യോമാക്രമണം മൂലമാണ്. നൂറുകണക്കിനാളുകള്‍ക്ക് പരിക്കേറ്റിട്ടുമുണ്ട്. 2014-നുശേഷം ഇസ്രയേലും പലസ്തീനും തമ്മിലുള്ള ഏറ്റുമുട്ടല്‍ ഇത്രയും രൂക്ഷമാകുന്നത് ഇതാദ്യമാണ്. ആയിരത്തോളം റോക്കറ്റുകള്‍ പലസ്തീനില്‍നിന്ന് തൊടുക്കപ്പെട്ടതായി റിപ്പോര്‍ട്ടുണ്ട്. അതുപോലെതന്നെ തിരിച്ചും ശക്തമായ വ്യോമാക്രമണം നടക്കുന്നു. അതിര്‍ത്തിയോടുചേര്‍ന്ന ഇസ്രയേല്‍-പലസ്തീന്‍ നഗരങ്ങളില്‍ ഭീതിയോടെയാണ് മനുഷ്യർ കഴിയുന്നത്.

ആക്രമണത്തിന്റെയും നാശനഷ്ടങ്ങളുടെയും മരണത്തിന്റെയും വാര്‍ത്തകള്‍ക്കിടയില്‍ അടുത്തിടെ ഏറ്റവുമധികം പരാമര്‍ശിക്കപ്പെടുന്ന ഒരു വാക്കാണ് 'അയണ്‍ ഡോം'. ഹമാസിന്റെ റോക്കറ്റാക്രമണങ്ങളെ ചെറുക്കുന്നതിന് ഇസ്രയേലിന്റെ പക്കലുള്ള ഏറ്റവും കരുത്തുള്ള പ്രതിരോധമെന്നാണ് അയണ്‍ ഡോം പ്രകീര്‍ത്തിക്കപ്പെടുന്നത്. എന്താണ് അയണ്‍ ഡോം? ഹമാസിനെ ചെറുക്കാന്‍ അയണ്‍ ഡോമിന് എങ്ങനെയാണ് കഴിയുന്നത്? അയണ്‍ ഡോമിനേക്കുറിച്ചുള്ള അത്ഭുത കഥകളിലെ വസ്തുതകള്‍ എന്തൊക്കെയാണ്?

എന്താണ് അയണ്‍ ഡോം? എങ്ങനെ പ്രവര്‍ത്തിക്കുന്നു?

ശത്രു നടത്തുന്ന വ്യോമമാര്‍ഗമുള്ള ഏത് ആക്രമണത്തെയും ആകാശത്തുവെച്ച് തകര്‍ക്കുന്നതിന് ഇസ്രയേലിന്റെ കൈവശമുള്ള അത്യാധുനിക സംവിധാനമാണ് അയണ്‍ ഡോം. ശത്രുവിന്റെ ഹ്രസ്വദൂര റോക്കറ്റുകളെ മിസൈല്‍ ഉപയോഗിച്ചുള്ള പ്രത്യാക്രമണത്തിലൂടെ തകര്‍ക്കുകയാണ് അയണ്‍ ഡോം ചെയ്യുന്നത്. റോക്കറ്റുകള്‍, മോര്‍ട്ടാറുകള്‍, വിമാനങ്ങള്‍, ഹെലികോപ്റ്ററുകള്‍, ആളില്ലാ വിമാനങ്ങള്‍ തുടങ്ങിയ വിവിധ തരത്തിലുള്ള വ്യോമാക്രമണങ്ങളെ തകര്‍ക്കാന്‍ അയണ്‍ ഡോമിന് കഴിയും.

irom dome
അയൺ ഡോമിന്റെ ഭാഗമായ മിസ്സൈല്‍ ലോഞ്ചറില്‍നിന്ന് പ്രതിരോധ മിസ്സൈല്‍ കുതിച്ചുയരുന്നു | ഫോട്ടോ: എ.പി.

മൂന്ന് യൂണിറ്റുകളാണ് ഒരു അയണ്‍ ഡോമിന് ഉണ്ടാവുക. ശത്രു തൊടുത്തുവിടുന്ന റോക്കറ്റുകളെ തിരിച്ചറിയാനുള്ള റഡാര്‍ സംവിധാനം, പ്രത്യാക്രമണം നിയന്ത്രിക്കുന്നതിനുള്ള സംവിധാനം (ബാറ്റില്‍ മാനേജ്‌മെന്റ് ആന്‍ഡ് വെപ്പണ്‍ കണ്‍ട്രോള്‍ സിസ്റ്റം- ബിഎംസി), മിസൈലുകള്‍ തൊടുത്തുവിടുന്ന മൂന്നു ലോഞ്ചറുകള്‍ എന്നിവയടങ്ങുന്നതാണ് അയണ്‍ ഡോമിന്റെ ഒരു 'ബാറ്ററി'. ഓരോ ലോഞ്ചറിലും 20 പ്രത്യാക്രമണ മിസൈലുകള്‍ തയ്യാറായിരിക്കും. നാലു മുതല്‍ 70 കിലോമീറ്റര്‍ വരെ ദൂരപരിധിയുള്ളതാണ് ഇതില്‍ ഉപയോഗിക്കുന്ന 'താമിര്‍' മിസൈലുകള്‍.

മേല്‍പറഞ്ഞ മൂന്നു യൂണിറ്റുകളും വ്യത്യസ്ത ഇടങ്ങളിലായിരിക്കും സ്ഥാപിച്ചിരിക്കുന്നത്. മറ്റു റോക്കറ്റ് ലോഞ്ചര്‍ ബാറ്ററികളുമായി അയണ്‍ ലോഞ്ചറിനുള്ള പ്രധാന വ്യത്യാസം ഇതുതന്നെയാണ്. വ്യത്യസ്ത സ്ഥലങ്ങളിലായി സ്ഥാപിച്ചിരിക്കുന്ന ലോഞ്ചറുകളെ വയര്‍ലെസ് സംവിധാനത്തിലൂടെയായിരിക്കും നിയന്ത്രിക്കുക. ഓരോ ബാറ്ററിക്കും 150 ചതുരശ്ര കിലോമീറ്റര്‍ പരിധിയില്‍ സംരക്ഷണം ഉറപ്പുവരുത്താന്‍ സാധിക്കും എന്നാണ് ഇസ്രയേല്‍ അവകാശപ്പെടുന്നത്. രാത്രിയും പകലും പ്രതികൂല കാലാവസ്ഥയിലും അയണ്‍ ഡോമിന് കാര്യക്ഷമമായി പ്രവര്‍ത്തിക്കാനാകും. ഒരേസമയം ഒന്നിലധികം ലക്ഷ്യങ്ങളെ ഭേദിക്കാനും ഇത് കഴിയും. ഒരു റോക്കറ്റിനെ തകര്‍ക്കുന്നതിനുള്ള ഓരോ മിസൈല്‍ വിക്ഷേപണത്തിനും ഏകദേശം അമ്പതിനായിരം ഡോളറാണ് ചെലവ് വരിക.

iron dome
അയണ്‍ ഡോം തകര്‍ത്ത റോക്കറ്റിന്റെ അവശിഷ്ടം | ഫോട്ടോ: എ.എഫ്.പി.

റഡാര്‍ സംവിധാനം ശത്രുറോക്കറ്റിനെ തിരിച്ചറിയുകയും സ്ഥാനം നിര്‍ണയിക്കുകയും ചെയ്താല്‍ ആ വിവരം പ്രത്യാക്രമണം നിയന്ത്രിക്കുന്നതിനുള്ള സംവിധാനത്തിന് കൈമാറും. ഈ വിവരം ഉപയോഗിച്ച് റോക്കറ്റ് പതിക്കാനിടയുള്ള പ്രദേശം ഏതെന്ന് തിരിച്ചറിയും അതനുസരിച്ച് അനുയോജ്യമായ ഇടത്തുനിന്ന് പ്രത്യാക്രമണ മിസൈല്‍ തൊടുക്കുകയും ചെയ്യും. ശത്രുവിന്റെ റോക്കറ്റ് ലക്ഷ്യസ്ഥാനത്ത് എത്തുന്നതിനു മുന്‍പുതന്നെ ആകാശത്തുവെച്ച് അത് തകര്‍ക്കപ്പെടും. ചിലപ്പോള്‍ അത് സംഭവിക്കുക ശത്രുവിന്റെ പരിധിക്കുള്ളില്‍ വെച്ചുതന്നെ ആയിരിക്കും.

അയണ്‍ ഡോം വികസിപ്പിച്ചത് അമേരിക്കയും ചേര്‍ന്ന്!

യഥാര്‍ഥത്തില്‍ 2006-ല്‍ ഇസ്രയേലും ലബനനും തമ്മില്‍ നടന്ന യുദ്ധത്തെ തുടര്‍ന്നാണ് ഇസ്രയേല്‍ ഇത്തരമൊരു വ്യോമപ്രതിരോധ മാര്‍ഗത്തെക്കുറിച്ച് ചിന്തിക്കുന്നത്. ഈ യുദ്ധത്തില്‍ ലബനൻ തൊടുത്തുവിട്ട ആയിരക്കണക്കിന് റോക്കറ്റുകള്‍ ഇസ്രയേലില്‍ മാരകാക്രമണമാണ് നടത്തിയത്. തൊട്ടടുത്ത വര്‍ഷംതന്നെ തങ്ങളുടെ നഗരങ്ങള്‍ക്കു നേരെയുള്ള വ്യോമാക്രമണങ്ങളെ ചെറുക്കുന്നതിന് പുതിയൊരു വ്യോമ പ്രതിരോധ സംവിധാനം വികസിപ്പിക്കുന്നതായി ഇസ്രയേല്‍ പ്രഖ്യാപിച്ചു.

ഇസ്രയേലിന്റെ റഫാല്‍ അഡ്വാന്‍സ്ഡ് ഡിഫന്‍സ് സിസ്റ്റം ആണ് അയണ്‍ ഡോം വികസിപ്പിച്ചത്. അയണ്‍ ഡോം ഗവേഷണ വിഭാഗത്തിന് അമേരിക്കയുടെ സാമ്പത്തിക സഹായമുണ്ട്. 2016ല്‍ അഞ്ച് ബില്യണ്‍ ഡോളര്‍ അമേരിക്ക ഇതിനായി ചെലവിട്ടു എന്നാണ് റിപ്പോര്‍ട്ട്. അമേരിക്കയും ഇസ്രയേലും തമ്മിലുള്ള നയതന്ത്ര ഇടപാടകളില്‍ സുപ്രധാനമാണ് അയണ്‍ ഡോമിന്റെ ഗവേഷണവും നിര്‍മാണവും. 2019 ആഗസ്തില്‍ റഫാലില്‍നിന്ന് രണ്ട് അയണ്‍ ഡോണ്‍ ബാറ്ററികള്‍ വാങ്ങുന്നതിന് അമേരിക്ക കരാറുണ്ടാക്കുകയും ചെയ്തിരുന്നു.

iron dome
ഹമാസിന്റെ റോക്കറ്റിനെ ആകാശത്ത് നേരിടുന്ന അയണ്‍ ഡോം മിസ്സൈല്‍ | ഫോട്ടോ: എ.എഫ്.പി.

അയണ്‍ ഡോമിന്റെ ആദ്യ 'ബാറ്ററി' 2011ല്‍ ഹമാസിന്റെ ഇസ്രയേലിലെ പതിവ് ആക്രമണസ്ഥാനമായ ഗാസയില്‍നിന്ന് 40 കിലോമീറ്റര്‍ അകലെ സ്ഥിതിചെയ്യുന്ന ബീര്‍ഷേവ നഗരത്തില്‍ സ്ഥാപിച്ചു. പിന്നീട് വിവിധ കാലങ്ങളിലായി പത്ത് ബാറ്ററികള്‍ ഇസ്രയേല്‍ പല നഗരങ്ങള്‍ കേന്ദ്രീകരിച്ച് സ്ഥാപിച്ചു. നിരന്തര സംഘര്‍ഷ മേഖലയായ ഇസ്രയേലിന് അതിന്റെ അതിര്‍ത്തികളില്‍ സംരക്ഷണം ഒരുക്കുന്നതിന് അയണ്‍ ഡോമിന്റെ 13 ബാറ്ററികള്‍ ആവശ്യമുണ്ടെന്ന് സൈനിക വിദഗ്ധര്‍ പറയുന്നു.

അയണ്‍ ഡോമിന് 90 ശതമാനം വിജയനിരക്കാണ് നിര്‍മാതാക്കളായ റഫാല്‍ അവകാശപ്പെടുന്നത്. എന്നാല്‍ 80 ശതമാനത്തിന് മേല്‍ കൃത്യതയാണ് വിദഗ്ധര്‍ പറയുന്നത്. അയണ്‍ ഡോം ഉപയോഗിച്ചുതുടങ്ങിയ ശേഷം കഴിഞ്ഞ വര്‍ഷങ്ങളില്‍ 2,400ല്‍ അധികം ശത്രുറോക്കറ്റുകളെ ആകാശത്തുവെച്ച് തകര്‍ക്കാന്‍ കഴിഞ്ഞിട്ടുള്ളതായി ഇസ്രയേല്‍ മിസ്സൈല്‍ ഡിഫെന്‍സ് ഓര്‍ഗനൈസേഷന്‍ അവകാശപ്പെടുന്നു. ഇതിലൂടെ നൂറുകണക്കിന് ജീവനുകള്‍ രക്ഷിക്കാന്‍ സാധിച്ചതായും അവര്‍ പറയുന്നു.

ഹമാസിനെ ചെറുക്കുമോ അയണ്‍ ഡോം?

ഇത്തവണ ഹമാസ് പ്രയോഗിച്ച 480 റോക്കറ്റുകളില്‍ ഇരുന്നൂറിലധികം എണ്ണത്തെ ആകാശത്തുവെച്ചുതന്നെ തകര്‍ക്കാന്‍ തങ്ങളുടെ അയണ്‍ ഡോമിന് സാധിച്ചതായി ഇസ്രയേല്‍ അവകാശപ്പെടുന്നു. ഗാസയില്‍നിന്ന് ഇസ്രയേല്‍ അതിര്‍ത്തിക്കുള്ളിലേക്ക് പ്രയോഗിച്ച 150 റോക്കറ്റുകളെ ഗാസയുടെ പരിധിയില്‍ വെച്ചുതന്നെ തകര്‍ക്കാന്‍ സാധിച്ചതായും ഇസ്രയേല്‍ അധികൃതര്‍ പറയുന്നു. എന്നാല്‍ ഇതുവരെയുള്ള ഏറ്റുമുട്ടല്‍ കൊണ്ടുതന്നെ അയണ്‍ ഡോമിന്റെ കാര്യക്ഷമത ചോദ്യംചെയ്യപ്പെട്ടു തുടങ്ങി എന്നതാണ് സത്യം.

irom dome
അയണ്‍ ഡോമിന്റെ ഭാഗമായി സ്ഥാപിച്ചിട്ടുള്ള മിസ്സൈല്‍ ലോഞ്ചര്‍ | ഫോട്ടോ: എ.എഫ്.പി.

ഇക്കാലംവരെയുള്ള അനുഭവംവെച്ച് ഇസ്രയേല്‍ 90 ശതമാനംവരെ കൃത്യതയാണ് അയണ്‍ ഡോമിന് അവകാശപ്പെടുന്നതെങ്കിലും ഈ സംവിധാനത്തിന്റെ പല ദൗര്‍ബല്യങ്ങളും ഇപ്പോള്‍ വെളിപ്പെടുകയാണ്. ഹമാസ് വര്‍ഷിക്കുന്ന നൂറുകണക്കിന് റോക്കറ്റുകളെ ഭാഗികമായി പ്രതിരോധിക്കാന്‍ മാത്രമേ അയണ്‍ ഡോമിന് സാധിക്കുന്നുള്ളൂ എന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍ നല്‍കുന്ന സൂചന.

ഹമാസിന്റെ കൈവശം 1.5 ലക്ഷത്തിലധികം റോക്കറ്റുകള്‍ ഉണ്ടെന്നാണ് റിപ്പോര്‍ട്ട്. ഇതില്‍ പലതും അത്യാധുനിക സാങ്കേതികവിദ്യകള്‍ ഉള്‍ക്കൊള്ളുന്നതാണ്. പ്രതിദിനം ആയിരത്തിലധികം റോക്കറ്റുകള്‍ വിക്ഷേപിക്കാന്‍ തക്കവിധമാണ് ഹമാസിന്റെ ആയുധശേഷിയെന്ന് പലസ്തീന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഹമാസിനുള്ള റോക്കറ്റുകളുടെ സംഭരണ ശേഷിയും അവ തൊടുത്തുവിടുന്നതിനുള്ള സംവിധാനവും വളരെയധികം ഇരട്ടിച്ചിരിക്കുന്നു എന്നു വേണം മനസ്സിലാക്കാന്‍.

palestine
പലസ്തീനില്‍ ഇസ്രയേല്‍ നടത്തുന്ന ആക്രമണങ്ങള്‍ക്കെതിരെ ദക്ഷിണാഫ്രിക്കയിലെ കേപ് ടൗണില്‍ പ്രതിഷേധ പ്രകടനം നടത്തുന്നവര്‍ | ഫോട്ടോ: എ.പി.

2014ല്‍ നടന്ന ഗാസ യുദ്ധത്തില്‍ ഹമാസിന്റെ കൈയ്യില്‍ ആകെയുണ്ടായിരുന്നത് നാലായിരത്തിലധികം റോക്കറ്റുകളാണെന്നാണ് കണക്ക്. ഗാസ യുദ്ധത്തില്‍ അവര്‍ ഒരുദിവസം പ്രയോഗിച്ച റോക്കറ്റുകളുടെ പരമാവധി എണ്ണം 200 ആയിരുന്നു. ആ സ്ഥാനത്താണ് ഇപ്പോള്‍ മിനിറ്റില്‍ നൂറിലധികം റോക്കറ്റുകള്‍ ഇസ്രയേലിലേക്ക് വര്‍ഷിക്കപ്പെടുന്നത്. ഇസ്രയേലിന്റെ അയണ്‍ ഡോമിനെ മറികടക്കുന്നതിനാണ് ഹമാസിന്റെ ശ്രമം എന്നുതന്നെയാണ് ഇത് കാണിക്കുന്നത്. ആ ശ്രമം വിജയിക്കുന്നുണ്ടെന്നുതന്നെയാണ് ഇസ്രയേലില്‍ ഉണ്ടായിക്കൊണ്ടിരിക്കുന്ന കനത്ത നാശനഷ്ടങ്ങള്‍ വ്യക്തമാക്കുന്നതും.

Content Highlights: Iron Dome: Israel's air defense system, Hamas rockets

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
alia bhatt

1 min

'ഞാന്‍ ഒരു സ്ത്രീയാണ്, പാഴ്‌സല്‍ അല്ല, ആരും എന്നെ ചുമക്കേണ്ടതില്ല'; രൂക്ഷ പ്രതികരണവുമായി ആലിയ

Jun 29, 2022


meena

1 min

'എന്റെ ജീവിതം കൂടുതല്‍ മനോഹരമാക്കിയ മഴവില്ല്';വിദ്യാസാഗറിനെ കുറിച്ച് അന്ന് മീന പറഞ്ഞു

Jun 29, 2022


devendra fadnavis

1 min

ഉദ്ധവിന്റെ രാജി ആഘോഷമാക്കി ബിജെപി; മധുരം പങ്കിട്ട് ഫട്നാവിസും നേതാക്കളും

Jun 29, 2022

Most Commented