ഡൊണാൾഡ് ട്രംപ്, ഖാസി സുലൈമാനി | ഫോട്ടോ: എ.എഫ്.പി
ബാഗ്ദാദ്: സ്ഥാനമൊഴിയാൻ പോകുന്ന അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന് അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ച് ഇറാഖ് കോടതി. ഇറാനിലെ റെവല്യൂഷണറി ഗാർഡ് തലവൻ ജനറൽ ഖാസിം സുലൈമാനിയുടെ കൊലപാതകവുമായി ബന്ധപ്പെട്ടാണ് ട്രംപിന് കോടതി അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചിരിക്കുന്നത്.
ഖാസിം സുലൈമാനിയുടെയും ഇറാഖി മിലിഷിയകളുടെ ഡെപ്യൂട്ടി കമാൻഡറായ അബു മഹ്ദി അൽ മുഹൻദിസിന്റെയും വധവുമായി ബന്ധപ്പെട്ട് രൂപവത്‌കരിച്ച ബാഗ്ദാദിലെ കുറ്റാന്വേഷണ കോടതിയാണ് ട്രംപിന് വാറന്റ് പുറപ്പെടുവിച്ചത്. തെളിയിക്കപ്പെട്ടാൽ മരണശിക്ഷ ലഭിക്കാവുന്ന ആസൂത്രിത കൊലപാതകം എന്ന കുറ്റം ചുമത്തിയാണ് ട്രംപിനെതിരെ അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചിരിക്കുന്നത്.
കഴിഞ്ഞ വർഷം ജനുവരിയിലാണ് ബാഗ്ദാദിൽ സുലൈമാനിയടക്കം ഏഴു പേർ ഡ്രോൺ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. കൊലപാതകം സംബന്ധിച്ച ഇറാഖിന്റെ അന്വേഷണം നടക്കുകയാണ്. അബു മഹ്ദി അൽ മുഹൻദിസിന്റെ കുടുംബാംഗങ്ങളുടെ മൊഴി രേഖപ്പെടുത്തിയതിനു ശേഷമാണ് കോടതി ട്രംപിന് അറസ്റ്റ് വാറന്റ് പുറപ്പെടുവിക്കാൻ തീരുമാനിച്ചത്.
2020 ജനുവരി മൂന്നിന് യുഎസ് സൈന്യം നടത്തിയ വ്യോമാക്രമണത്തിൽ ബാഗ്ദാദ് വിമാനത്താവളത്തിന് പുറത്തുവെച്ചാണ് ഖാസിം സുലൈമാനിയും അബു മഹ്ദി അൽ മുഹൻദിസും അടക്കംഏഴ് പേർ കൊല്ലപ്പെട്ടത്.
മേഖലയിൽ യുഎസ് സൈന്യത്തിനെതിരെ നടത്തിവരുന്ന ആക്രമണങ്ങളുടെ സൂത്രധാരൻ സുലൈമാനിയാണെന്നാന്നാരോപിച്ചായിരുന്നു യുഎസ് അദ്ദേഹത്തെ വധിച്ചത്. ഇവരെ കൊലപ്പെടുത്തിയത് ട്രംപിന്റെ ഉത്തരവനുസരിച്ചാണെന്ന് പെന്റഗൺ പിന്നീട് വ്യക്തമാക്കുകയും ചെയ്തിരുന്നു.
Content Highlights:Iraq court issues arrest warrant against Trump for murder
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..