ഇറാൻ സേന പങ്കുവെച്ച രാജ്യത്തെ ആദ്യഭൂഗർഭ വ്യോമതാവളത്തിന്റെ ചിത്രം | Photo : AFP
ടെഹ്‌റാന്‍: രാജ്യത്തെ ആദ്യ ഭൂഗര്‍ഭ വ്യോമത്താവളം ലോകത്തിനുമുന്നില്‍ അവതരിപ്പിച്ച് ഇറാന്‍. ലോങ് റേഞ്ച് ക്രൂസ് മിസൈലുകള്‍ സജ്ജമാക്കിയ ഫൈറ്റര്‍ ജെറ്റ് വിമാനങ്ങള്‍ മുഴുവന്‍സമയം സന്നദ്ധമാക്കി നിര്‍ത്താന്‍ വ്യോമത്താവളത്തില്‍ സൗകര്യമുണ്ടെന്നാണ് റിപ്പോര്‍ട്ട്. ഇറാന്റെ ഔദ്യോഗിക വാര്‍ത്താഏജന്‍സിയായ ഐആര്‍എന്‍എ പ്രസിദ്ധീകരിച്ച വ്യോമതാവളത്തിന്റെ ചിത്രങ്ങളില്‍ വ്യോമസേനാംഗങ്ങളും യുഎസ് നിര്‍മിത F-4E ഫാന്റം II ഫൈറ്റര്‍ ബോംബര്‍ വിമാനങ്ങളും ഉള്‍പ്പെടുന്നു. 'ഉഘാബ് 44' എന്നാണ് വ്യോമതാവളത്തിന് നല്‍കിയിരിക്കുന്ന നാമം. 'ഉഘാബ്' എന്ന പേര്‍ഷ്യന്‍ പദത്തിന് 'കഴുകന്‍' എന്നാണര്‍ഥം.
1979 ല്‍ രാജ്യത്ത് അരങ്ങേറിയ വിപ്‌ളവത്തിന് മുമ്പ് ഇറാന്‍ കരസ്ഥമാക്കിയ യുദ്ധവിമാനങ്ങളാണ് F-4E ഫാന്റം II ഫൈറ്റര്‍ ബോംബേഴ്‌സ്. ഡ്രോണുകള്‍ കൂടാതെ എല്ലാതരത്തിലെ ഫൈറ്റര്‍ ജെറ്റ് വിമാനങ്ങളും ബോംബര്‍ വിമാനങ്ങളും വ്യോമത്താവളത്തില്‍ സൂക്ഷിക്കാന്‍ സാധിക്കും. വ്യോമത്താവളം സ്ഥിതി ചെയ്യുന്ന സ്ഥലത്തെക്കുറിച്ച് യാതൊരു സൂചനയും ഇറാന്‍ പുറത്തുവിട്ടിട്ടില്ല. മലനിരകള്‍ക്കുള്ളില്‍ നൂറ് കണക്കിന് മീറ്ററുകള്‍ ആഴത്തിലാണ് ഭൂഗര്‍ഭ വ്യോമത്താവളത്തിന്റെ ലൊക്കേഷന്‍ എന്ന സൂചന മാത്രമാണ് ഐആര്‍എന്‍എ നല്‍കുന്നത്.
തങ്ങളുടെ നേരെ ആക്രമണമുണ്ടാകുന്ന പക്ഷം സമീപ ലക്ഷ്യങ്ങളില്‍ കൈവശമുള്ള പഴയ ഫൈറ്റര്‍ ജെറ്റ് വിമാനങ്ങള്‍ ഉപയോഗിക്കാനാണ് ഇറാന്‍ നിലവില്‍ പദ്ധതിയിടുന്നതെന്നും ഭൂഗര്‍ഭ വ്യോമതാവളത്തില്‍ സൂക്ഷിക്കുന്ന ജെറ്റ് വിമാനങ്ങള്‍ ലോങ് റേഞ്ച് ക്രൂസ് മിസൈലുകളാല്‍ സജ്ജമായിരിക്കുമെന്നും ഐആര്‍എന്‍എ സൂചിപ്പിക്കുന്നു. "ഇസ്രയേല്‍ ഉള്‍പ്പെടെ ശത്രുരാജ്യങ്ങളില്‍ നിന്ന് ഇറാന് നേര്‍ക്ക് ആക്രമണമുണ്ടാകുന്ന പക്ഷം ഉഘാബ് 44 ഉള്‍പ്പെടെയുള്ള ഞങ്ങളുടെ വിവിധ വ്യോമത്താവളങ്ങളില്‍നിന്ന് തിരിച്ചടിയുണ്ടാകും", ഇറാന്റെ സായുധസേനാമേധാവി ജനറല്‍ മുഹമ്മദ് ബാഘേരിയെ ഉദ്ധരിച്ച് റിപ്പോര്‍ട്ട് ചെയ്തു.
ഇറാന്റെ പടക്കരുത്ത് പ്രദര്‍ശിപ്പിക്കാനാണ് ഭൂഗര്‍ഭ വ്യോമത്താവളത്തെ കുറിച്ചുള്ള വിവരങ്ങള്‍ ലോകത്തിനുമുന്നില്‍ അവതരിപ്പിച്ചതെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങളുടെ വിലയിരുത്തല്‍. രണ്ടാഴ്ച മുമ്പ് യുഎസും ഇസ്രയേലും സംയുക്തമായി നടത്തിയ സൈനികപ്രകടനത്തിന് മറുപടിയായാണ് ഇറാനിപ്പോള്‍ ഇത്തരമൊരു ചുവടുവെയ്പ് നടത്തിയതെന്ന് അല്‍ ജസീറ റിപ്പോര്‍ട്ട് ചെയ്തു. വിമാനങ്ങള്‍, നാവികക്കപ്പലുകള്‍, സായുധസേനകള്‍ എന്നിവ സംയുക്ത സൈനിക പ്രകടനത്തില്‍ പങ്കെടുത്തിരുന്നു. ഇറാന്റെ ഭൂഗര്‍ഭ വ്യോമത്താവളത്തില്‍ യുദ്ധവിമാനങ്ങളുടെ ഡ്രില്ലുകള്‍ നടത്തുന്ന വീഡിയോ ക്ലിപ്പുകള്‍ ഐആര്‍എന്‍എ ട്വിറ്ററിലൂടെ പങ്കുവെച്ചു.
കഴിഞ്ഞ കൊല്ലം മേയില്‍ മറ്റൊരു ഭൂഗര്‍ഭ വ്യോമത്താവളത്തിന്റെ വിവരങ്ങള്‍ ഇറാന്‍ പങ്കുവെച്ചതായി റോയിട്ടേഴ്‌സിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. പ്രധാന ശത്രുരാജ്യമായ ഇസ്രയേലില്‍ നിന്നുള്ള സൈനികാക്രമണങ്ങളെ പ്രതിരോധിക്കാന്‍ സഹായിക്കുന്ന ഡ്രോണുകളാണ് ഈ താവളത്തില്‍ സൂക്ഷിക്കുന്നതെന്നാണ് ഇറാന്‍ അന്ന് നല്‍കിയ സൂചന.
Content Highlights: Iran Unveils Underground Air Force Base
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..