ടെഹ്‌റാന്‍: ഇറാന്റെ ഉന്നത ആണവ ശാസ്ത്രജ്ഞനായ മൊഹ്‌സിന്‍ ഫഖ്‌രിസാദെയെ വെടിവെച്ച് കൊലപ്പെടുത്തി. ടെഹ്‌റാനിന് പുറത്ത് കാറിന് നേരെ ആക്രമണം നടത്തിയാണ് ശാസ്ത്രജ്ഞനെ കൊലപ്പെടുത്തിയതെന്ന് ഇറാന്റെ ഔദ്യോഗിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. സംഭവത്തിന് പിന്നില്‍ ഇസ്രായേലാണെന്നും ഇറാന്‍ ആരോപിച്ചു.
മൊഹ്‌സിന്‍ ഫഖ്‌രിസാദെയുടെ സുരക്ഷാ അംഗങ്ങളും അക്രമികളുമായി ഏറ്റുമുട്ടലും നടന്നു. വെടിവെയ്പ്പില്‍ ഗുരുതരമായി പരിക്കേറ്റ് ഫഖ്‌രിസാദെ ആശുപത്രിയില്‍ വച്ചാണ് മരിച്ചത്. ഇയാളുടെ കാറിനെ ലക്ഷ്യമിട്ടാണ് ആക്രമണമുണ്ടായതെന്നും ഇറാന്‍ പ്രതിരോധ മന്ത്രാലയം പ്രസ്താവനയില്‍ അറിയിച്ചു.
ഇറാന്‍ പ്രതിരോധ മന്ത്രാലയത്തിന്റെ ഗവേഷണ നവീകരണ സംഘടനയുടെ തലവനായിരുന്നു കൊല്ലപ്പെട്ട ഫഖ്‌രിസാദെ. ഇയാളെ ഇറാന്റെ ആണവ പദ്ധതികളുടെ പിതാവെന്ന് ഒരിക്കല്‍ ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു വിശേഷിപ്പിച്ചിട്ടുണ്ട്.
ഇറാന്‍ തലസ്ഥാനമായ ടെഹ്‌റാന്റെ കിഴക്കന്‍ മേഖലയായ അബ്‌സാര്‍ഡ് നഗരത്തിന് സമീപം കാറില്‍ യാത്ര ചെയ്യുകയായിരുന്നു അദ്ദേഹം. ഇസ്രായേലിന് ഫഖ്‌രിസാദെയോട് പഴയതും ആഴത്തിലുമുള്ള ശത്രുതയുണ്ടെന്ന് ഇറാന്‍ മാധ്യമങ്ങള്‍ ആക്രമണത്തിന് പിന്നാലെ റിപ്പോര്‍ട്ട് ചെയ്തു.
ശാസ്ത്രജ്ഞന്റെ വധത്തില്‍ ഇസ്രയേല്‍ പങ്കിനെക്കുറിച്ച് ഗുരുതരമായ സൂചനകളുണ്ടെന്ന് ഇറാന്‍ വിദേശകാര്യ മന്ത്രി മുഹമ്മദ് ജവാദ് ഷരിഫും പറഞ്ഞു.
'ഇറാനിലെ ഒരു പ്രശസ്ത ശാസ്ത്രജ്ഞനെ തീവ്രവാദികള്‍ കൊലപ്പെടുത്തി, ഈ ഭീരുത്വം, ഇസ്രയേല്‍ പങ്കിന്റെ ഗുരുതരമായ സൂചനകളാണ്' ഷരിഫ് ട്വിറ്ററില്‍ കുറിച്ചു. ലജ്ജാകരമായ ഇരട്ടത്താപ്പ് അവസാനിപ്പിക്കാനും ഭരണകൂട ഭീകരതയെ അപലപിക്കാനും അദ്ദേഹം അന്താരാഷ്ട്ര സമൂഹത്തോട് ആവശ്യപ്പെട്ടു.
Content Highlights: Iran's Top Nuke Scientist Assassinated After Gunfight With Security Team