ടെഹ്റാൻ: അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെ അറസ്റ്റ് ചെയ്യാൻ റെഡ് നോട്ടീസ് പുറപ്പെടുവിക്കണമെന്ന് ഇന്റർപോളിനോട് ആവശ്യപ്പെട്ട് ഇറാൻ. ജനറൽ ഖാസിം സുലൈമാനിയുടെ വധവുമായി ബന്ധപ്പെട്ട് ട്രംപ് ഉൾപ്പെടെ 47 പേരെ അറസ്റ്റ് ചെയ്യണമെന്നാണ് ഇറാന്റെ ആവശ്യം.

ട്രംപ് ഉൾപ്പെടുയള്ളവരെ അറസ്റ്റ് ചെയ്യാൻ ഇന്റർപോളിനോട് ആവശ്യപ്പെട്ടതായി ഇറാനിയൻ ജുഡീഷ്യറി വക്താവ് ഗൊലാം ഹൊസൈൻ ഇസ്മയിലിയാണ് അറിയിച്ചത്. സുലൈമാനിയുടെ വധം വളരെ ഗൗരവത്തോടെയാണ് ഇറാൻ കൈകാര്യം ചെയ്യുന്നതെന്നും ആക്രമണത്തിന് ഉത്തരവിട്ടവരെയും കുറ്റകൃത്യത്തിൽ പങ്കുള്ളവരെയും ശിക്ഷിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സ് തലവനായ ഖാസിം സുലൈമാനി കഴിഞ്ഞ വർഷം ജനുവരി മൂന്നിന് ബാഗ്ദാദിലുണ്ടായ ഡ്രോൺ ആക്രമണത്തിലാണ് കൊല്ലപ്പെട്ടത്. രാജ്യാന്തര നിയമങ്ങൾക്ക് വിരുദ്ധമായാണ് യുഎസ് ആക്രമണം നടത്തിയതെന്ന് ഇറാൻ ആരോപിച്ചിരുന്നു.

സുലൈമാനിയുടെ വധവുമായി ബന്ധപ്പെട്ട് ഇത് രണ്ടാംതവണയാണ് ഇറാൻ ട്രംപിനെ അറസ്റ്റ് ചെയ്യണമെന്ന് ഇന്റർപോളിനോട് ആവശ്യപ്പെടുന്നത്. കഴിഞ്ഞ വർഷം ജൂണിൽ ടെഹ്റാൻ പ്രോസിക്യൂട്ടർ അലി അൽക്വാഷ്മിർ കൊലപാതകം, ഭീകരവാദ കുറ്റങ്ങൾ ചുമത്തി ട്രംപ് ഉൾപ്പെടെയുള്ളവരെ അറസ്റ്റ് ചെയ്യാൻ ആവശ്യപ്പെട്ടിരുന്നു. 

എന്നാൽ ഇറാന്റെ ആവശ്യം ഇന്റർപോൾ തള്ളുകയായിരുന്നു. രാഷ്ട്രീയവും സൈനികവും മതപരവും വംശീയവുമായ വിഷയങ്ങളിൽ ഇടപെടാൻ സാധിക്കില്ലെന്നാണ് അന്ന് ഇന്റർപോൾ അറിയിച്ചിരുന്നത്. ജനുവരി 20ന് ട്രംപ് പ്രസിഡന്റ് പദവി ഒഴിയാനിരിക്കെയാണ് ഇന്റർപോളിന് മുന്നിൽ വീണ്ടും റെഡ് നോട്ടീസിനായി ഇറാന്റെ നീക്കം.

content highlights:Iran issues Interpol notice for 48 US officials including Trump