തെഹ്‌റാന്‍:  കുടിയേറ്റ വിഷയത്തില്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് മറുപടിയുമായി ഇറാന്‍. ഏഴ് മുസ്ലിം രാഷ്ട്രങ്ങളില്‍ നിന്നുള്ളവര്‍ക്ക് അമേരിക്കയില്‍ പ്രവേശനം നിഷേധിച്ചു കൊണ്ട് കഴിഞ്ഞ ദിവസം ട്രംപ് ഉത്തരവിറക്കിയിരുന്നു.

ഇതിനു മറുപടിയായി മുസ്ലിം ജനതയ്ക്ക് പ്രവേശനം അനുവദിക്കാത്ത അമേരിക്കയുടെ പൗരന്‍മാര്‍ക്ക് ഇറാനിലും പ്രവേശനം അനുവദിക്കില്ലെന്നാണ് വിദേശ കാര്യമന്ത്രാലയം അറിയിച്ചിരിക്കുന്നത്. 

ട്രംപിന്റെ തീരുമാനത്തോടെ ലിബിയ, സുഡാന്‍, സൊമാലിയ, സിറിയ, ഇറാഖ്, ഇറാന്‍, യമന്‍ എന്നിവിടങ്ങളില്‍ നിന്നുള്ള സഞ്ചാരികള്‍ക്ക് അമേരിക്കക്കയില്‍ പ്രവേശനം നിഷിദ്ധമാകും.

ട്രംപിന്റെ തീരുമാനം മുസ്ലിം ജനതയെ അപമാനിക്കുന്ന തരത്തിലാണ്. ഇത് അക്രമങ്ങളും തീവ്രവാദവും വര്‍ധിക്കാന്‍ കാരണമാകുമെന്നും ഇറാന്‍ വിദേശ കാര്യമന്ത്രാലയം അഭിപ്രായപ്പെട്ടു. ചരിത്രത്തില്‍ തീവ്രവാദികള്‍ക്കും അവരെ പിന്തുണയ്ക്കുന്നവര്‍ക്കും അമേരിക്ക നല്‍കിയ സംഭാവനയായി തീരുമാനം വായിക്കപ്പെടുമെന്നും മന്ത്രാലയം കൂട്ടിച്ചേര്‍ത്തു.

അമേരിക്കന്‍-മെക്‌സിക്കന്‍ അതിര്‍ത്തിയില്‍ മതില്‍ നിര്‍മ്മിക്കാനുള്ള ട്രംപിന്റെ തീരുമാനത്തിനെതിരെ ഇറാന്‍ പ്രസിഡന്റ്  ഹസ്സന്‍ റൗഹാനി നേരത്തെ രംഗത്തെത്തിയിരുന്നു. രാജ്യങ്ങള്‍ തമ്മില്‍ മതില്‍ തീര്‍ക്കേണ്ട കാലഘട്ടത്തിലല്ല നമ്മള്‍ ജീവിക്കുന്നത് എന്നായിരുന്നു റൗഹാനിയുടെ പ്രസ്താവന.