മോസ്‌കോ: അന്താരാഷ്ട്ര ബഹികാരാശ നിലയത്തിലേക്ക് അയക്കാനിരുന്ന ബോയിങ് സിഎസ്ടി-100 സ്റ്റാര്‍ലൈനര്‍ ക്യാപ്‌സ്യൂളിന്റെ വിക്ഷേപണം നാസ മാറ്റിവെച്ചു. ബഹിരാകാശ നിലയത്തിലേക്ക് പുതുതായെത്തിയ റഷ്യന്‍ ലബോറട്ടറി മെഡ്യൂളായ നൗകയിലുണ്ടായ ചില സാങ്കേതിക പ്രശ്‌നങ്ങള്‍ കാരണം ബഹിരാകാശ നിലയത്തിന്റെ നിയന്ത്രണം നഷ്ടപ്പെട്ടതിനാലാണ് ബോയിങിന്റെ വിക്ഷേപണം മാറ്റിയതെന്ന് നാസ അറിയിച്ചു. 

ഫ്‌ളോറിഡയിലെ കെന്നഡി സ്‌പേസ് സെന്ററില്‍ നിന്ന് അറ്റ്‌ലസ് വി റോക്കറ്റില്‍ വിക്ഷേപണത്തിന് ഒരുദിവസം ശേഷിക്കെയാണ് സ്റ്റാര്‍ലൈനറിന്റെ വിക്ഷേപണം മാറ്റിയതായി നാസ പ്രഖ്യാപിച്ചത്. ബഹിരാകാശ നിലയത്തില്‍ നിലവില്‍ കണ്ടെത്തിയ പ്രശ്‌നങ്ങള്‍ അടിയന്തരമായി പരിഹരിച്ച ശേഷം ഓഗസ്റ്റ് മൂന്നിലേക്കാണ് വിക്ഷേപണം മാറ്റിയത്. 

കഴിഞ്ഞ ദിവസം ബഹിരാകാശ നിലയത്തിലേക്ക് കൂട്ടിച്ചേര്‍ക്കപ്പെട്ട് മണിക്കൂറുകള്‍ക്കകമാണ് റഷ്യയുടെ നൗകയില്‍ പ്രശ്‌നങ്ങളുണ്ടായത്. മൊഡ്യൂളിലെ ജെറ്റ് ത്രസ്റ്ററുകള്‍ അബദ്ധത്തില്‍ പ്രവര്‍ത്തിച്ചതാണ് പ്രശ്‌നങ്ങള്‍ക്ക് കാരണം. ഭ്രമണപഥത്തില്‍ ബഹിരാകാശ നിലയത്തിന്റെ സഞ്ചാര പാതയേയും ഇത് പ്രതികൂലമായി ബാധിച്ചതായി നാസയുടെ സ്‌പേസ് സ്റ്റേഷന്‍ പ്രോഗ്രാം മാനേജര്‍ ജോല്‍ മോണ്ടല്‍ബനോ വ്യക്തമാക്കി. 

45 മിനിറ്റ് നേരത്തേക്കാണ് ബഹിരാകാശ നിലയത്തിന്റെ നിയന്ത്രണം നഷ്ടമായത്. പിന്നാലെ മോസ്‌കോയിലെ സ്‌പേസ് നിലയവുമായുള്ള ആശയവിനിമയം പുന:സ്ഥാപിക്കാനായെന്നാണ് റിപ്പോര്‍ട്ട്. അതേസമയം ജെറ്റ് ത്രസ്റ്ററുകള്‍ പ്രവര്‍ത്തിച്ചത് എങ്ങനെയാണെന്ന കാര്യത്തില്‍ ഇതുവരെ വ്യക്തത വന്നിട്ടില്ല. പരിശോധനകള്‍ തുടരുകയാണ്‌. 

റഷ്യ (രണ്ട്), നാസ (മൂന്ന്), ജപ്പാന്‍ (ഒന്ന്), യൂറോപ്യന്‍ സ്‌പേസ് ഏജന്‍സി (ഒന്ന്) എന്നിങ്ങനെ ഏഴ് ബഹിരാകാശ യാത്രികരാണ് ബഹിരാകാശ നിലയത്തിലുള്ളത്. പ്രശ്‌നങ്ങളുണ്ടായ സമയത്ത് ബഹിരാകാശ നിലയവുമായി രണ്ട് തവണ ബന്ധം നഷ്ടമായിരുന്നു. അതേസമയം യാത്രികര്‍ക്കാര്‍ക്കും അപകടവുമുണ്ടായിട്ടില്ല. ബഹിരാകാശ നിലയത്തില്‍ യാതൊരു കേടുപാടുകളുണ്ടായിട്ടില്ലെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും നാസ വ്യക്തമാക്കി. 

അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് പുതിയൊരു മൊഡ്യൂളിനെ കൂടി കൂട്ടിച്ചേര്‍ക്കുന്നതിന് മുമ്പ് നിലവിലെ സാഹചര്യം പൂര്‍ണമായി വിലയിരുത്തേണ്ടതുണ്ടെന്ന് നാസയിലെ അസോസിയേറ്റ് അഡ്മിനിസ്‌ട്രേറ്റര്‍ കാതി ല്യൂഡേഴ്‌സ് വ്യക്തമാക്കി. അതുവരെ സ്റ്റാര്‍ലൈനറിന്റെ വിക്ഷേപണമുണ്ടാവില്ലെന്നും അവര്‍ പറഞ്ഞു. 

content highlgihts: International Space Station Thrown Out Of Control By Misfire Of Russian Module: NASA