ന്യൂഡല്‍ഹി: അതിര്‍ത്തിയില്‍ സംഘര്‍ഷം രൂക്ഷമായ സാഹചര്യത്തില്‍ ഇന്ത്യയിലേയും പാകിസ്താനിലേയും സംഘര്‍ഷ മേഖലകള്‍ ഉള്‍പ്പെടുന്ന വ്യോമപാതയിലെ എല്ലാ അന്താരാഷ്ട്ര,ആഭ്യന്തര വിമാന സര്‍വീസുകളും നിര്‍ത്തിവെച്ചു. 

ഈ മേഖലകളിലെ വ്യോമപാത ഉപയോഗിക്കുന്ന അന്താരാഷ്ട്ര വിമാനങ്ങള്‍ സര്‍വീസുകള്‍ നിര്‍ത്തിവെക്കുകയോ വിമാനങ്ങള്‍ വഴി തിരിച്ചു വിടുകയോ ചെയ്തിട്ടുണ്ട്. 

ഇന്ത്യയും പാകിസ്താനും സംഘര്‍ഷ മേഖലകളിലേയും സമീപ പ്രദേശങ്ങളിലേയും വിമാനത്താവളങ്ങള്‍ അടച്ചിരുന്നു. ജമ്മു, ലേ, ശ്രീനഗര്‍. അമൃത്സര്‍, ചണ്ഡിഗഡ് വിമാനത്താവളങ്ങളുടെ പ്രവര്‍ത്തനങ്ങളാണ് ഇന്ത്യ  താത്കാലികമായി നിര്‍ത്തിവെച്ചത്. 

ലാഹോര്‍, മുള്‍ട്ടാന്‍, ഫൈസലാബാദ്, സിയാല്‍കോട്ട്, ഇസ്ലാമാബാദ് വിമാനത്താവളങ്ങളാണ് പാകിസ്താന്‍ അടച്ചത്. ഈ വിമാനത്താവളങ്ങളില്‍ നിന്നുള്ള എല്ലാ ആഭ്യന്തര, അന്താരാഷ്ട്ര സര്‍വീസുകളും നിര്‍ത്തിവെച്ചിട്ടുണ്ട്. 

നിലവിലെ സാഹചര്യം കണക്കിലെടുത്ത് ഇന്ത്യ രാജ്യത്തെ മറ്റ് വിമാനത്താവളങ്ങള്‍ക്കും ജാഗ്രതാനിര്‍ദേശം നല്‍കിയിട്ടുണ്ട്. ചൊവ്വാഴ്ച പുലര്‍ച്ചെ ഇന്ത്യന്‍ വ്യോമസേന പാക്ക് ഭീകരകേന്ദ്രങ്ങള്‍ തകര്‍ത്തതിന് പിന്നാലെ കശ്മീരിലെങ്ങും ജാഗ്രതാനിര്‍ദേശം പുറപ്പെടുവിച്ചിരുന്നു.

content highlights: International flights that transit between Indian and Pakistani airspace now being affected