ജക്കാര്‍ത്ത: ഇന്‍ഡോനീഷ്യന്‍ ദ്വീപായ സുലവേസിയിലുണ്ടായ ശക്തമായ ഭൂചലനത്തിന് പിന്നാലെ സുനാമി. എ.എഫ്.പി.വാര്‍ത്താ ഏജന്‍സിയാണ് ഇക്കാര്യം റിപ്പോര്‍ട്ടു ചെയ്തത്. സുലവേസി തീരത്തേക്ക് സുനാമി തിരമാലകള്‍ അടിക്കുന്ന ദൃശ്യങ്ങള്‍ ഇന്‍ഡോനീഷ്യന്‍ ടിവി പുറത്തുവിട്ടു. രണ്ട് മീറ്റര്‍ ഉയരത്തില്‍ വരെ തിരമാലകള്‍ ഉയര്‍ന്നതായി ബി.ബി.സി റിപ്പോര്‍ട്ടു ചെയ്യുന്നു. അഞ്ചുപേര്‍ മരിച്ചതായി ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചിട്ടുണ്ട്. എന്നാല്‍ ഈ മരണങ്ങള്‍ സുനാമി മൂലമാണോ എന്ന കാര്യം സ്ഥിരീകരിച്ചിട്ടില്ല. 

റിക്ടര്‍ സ്‌കെയിലില്‍ 7.7 രേഖപ്പെടുത്തിയ ഭൂചലനത്തിന് പിന്നാലെ ഇന്‍ഡോനീഷ്യന്‍ ദുരന്ത ലഘൂകരണ ഏജന്‍സി സുനാമി മുന്നറിയിപ്പ് നല്‍കിയിരുന്നു. എന്നാല്‍ പിന്നീട് മുന്നറിയിപ്പ് പിന്‍വലിച്ചെന്നും റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നു. ഭൂചലനത്തില്‍ സുലവേസിയില്‍ നിരവധി വീടുകള്‍ നിലംപതിച്ചിട്ടുണ്ട്. ദ്വീപിലെ മധ്യ-പടിഞ്ഞാറന്‍ മേഖലയിലുള്ളവരോട് മറ്റിടങ്ങളിലേക്ക് മാറാന്‍ അധികൃതര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

ആദ്യ ഭൂചലനത്തിന് ശേഷമുണ്ടായ തുടര്‍ ചലനം റിക്ടര്‍ സ്‌കെയിലില്‍ 7.5 രേഖപ്പെടുത്തി. ഒരാള്‍ കൊല്ലപ്പെട്ടതായും പത്തിലധികം പേര്‍ക്ക് പരിക്കേറ്റതായും സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്.

കഴിഞ്ഞ മാസം ഇന്തോനീഷ്യയിലെ ലോംബോക്ക് ദ്വീപിലുണ്ടായ ഭൂകമ്പങ്ങളില്‍ നൂറു കണക്കിന് പേരാണ് കൊല്ലപ്പെട്ടത്. ഓഗസ്റ്റ് അഞ്ചിനുണ്ടായ ഭൂകമ്പത്തില്‍ മാത്രം 460 പേര്‍ മരിച്ചിരുന്നു.

2004 ല്‍ ഇന്തോനീഷ്യന്‍ ദ്വീപായ സുമാത്രയിലുണ്ടായ ഭകമ്പത്തേത്തുടര്‍ന്ന് ഇന്ത്യാ മഹാസമുദ്രത്തിലെ രാജ്യങ്ങളില്‍ ആഞ്ഞടിച്ച സുനാമിത്തിരമാലകള്‍ 2.26 ലക്ഷത്തോളം പേരുടെ ജീവനെടുത്തിരുന്നു. അന്ന് ഇന്തോനീഷ്യയില്‍ മാത്രം 1.2 ലക്ഷം പേര്‍ കൊല്ലപ്പെട്ടു.