ജക്കാര്‍ത്ത: അന്റോണിയസ് ഗുനാവന്‍ എന്ന 21 കാരനായ എയര്‍ ട്രാഫിക്ക് കണ്‍ട്രോളര്‍ ഇനി ഇന്‍ഡോനീഷ്യക്കാര്‍ക്ക് അനശ്വരമായ ഒരോര്‍മയാണ്. കാരണം ഭൂകമ്പം എല്ലാം തകര്‍ത്ത് സംഹാര താണ്ഡവമാടുമ്പോഴും സ്വന്തം ജീവന്‍ പോലും ബലിനല്‍കി അന്തോണിയസ് രക്ഷിച്ചത് ഒരു വിമാനത്തിലെ യാത്രക്കാരുടെ ജീവിതങ്ങളാണ്.

ഇന്‍ഡോനീഷ്യയിലെ സുലാവേസി ദ്വീപിലെ പാലു നഗരത്തില്‍ മുത്യാര വിമാനത്താവളത്തിലാണ് അന്റോണിയസ് ജോലി ചെയ്തിരുന്നത്. നിരന്തരമായ വലിയ ഭൂകമ്പങ്ങള്‍ നഗരത്തെ തകര്‍ത്തുകളഞ്ഞ വെള്ളിയാഴ്ച വിമാനത്താവളത്തിലെ എയര്‍ ട്രാഫിക്ക് കണ്‍ട്രോള്‍ ടവറില്‍ അന്റോണിയസായിരുന്നു ചുമതലയില്‍ ഉണ്ടായിരുന്നത്. 

ഭൂകമ്പം വിമാനത്താവളത്തെയും തകര്‍ക്കാന്‍ തുടങ്ങിയപ്പോള്‍ സഹപ്രവര്‍ത്തകരെല്ലാം ടവറില്‍ നിന്ന് സുരക്ഷിത സ്ഥാനങ്ങളിലേക്ക് അഭയം തേടി. എന്നല്‍, ഒരു വിമാനം പുറപ്പെടാന്‍ തയ്യാറെടുക്കുന്നത് കണ്ട അന്റോണിയസ് പുറത്തിറങ്ങാന്‍ തയ്യാറായില്ല. കൃത്യമായി നിര്‍ദേശങ്ങള്‍ നല്‍കി വിമാനം പറന്നുയര്‍ന്ന ശേഷം മാത്രമേ അദ്ദേഹം സ്വന്തം ജീവനെക്കുറിച്ച് ആലോചിച്ചുള്ളു.

അപ്പോഴേക്കും ഭൂകമ്പം വിമാനത്താവളത്തെയും തകര്‍ത്തിരുന്നു. രക്ഷപ്പെടാനുള്ള മാര്‍ഗങ്ങളെല്ലാം തകര്‍ന്ന് ഒറ്റപ്പെട്ട അന്റോണിയസ് ജീവന്‍ നിലനിര്‍ത്താനുള്ള അവസാന ശ്രമമെന്ന നിലയില്‍ നാല് നിലയുള്ള ടവറില്‍ നിന്ന് ചാടി. നിലത്ത് പതിച്ച യുവാവിന് ഗുരുതര പരിക്കേറ്റു.

രക്ഷാപ്രവര്‍ത്തകര്‍ അദ്ദേഹത്തെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കൂടുതല്‍ മികച്ച ചികിത്സക്കായി ഹെലിക്കോപ്റ്ററില്‍ കൊണ്ടുപോവാന്‍ ഒരുങ്ങവെയാണ് മരിച്ചത്. മരണാനന്തരം ഉയര്‍ന്ന റാങ്ക് നല്‍കിയാണ് വിമാനക്കമ്പനി അദ്ദേഹത്തോടുള്ള ആദരം പ്രകടിപ്പിടച്ചത്. ഇന്‍ഡോനീഷ്യന്‍ മാധ്യമങ്ങള്‍ വലിയ പ്രാധാന്യത്തോടെയാണ് അന്റോണിയസിന്റെ വാര്‍ത്ത റിപ്പോര്‍ട്ടു ചെയ്തത്.

content highlights: Indonesian Air Traffic Controller Helps Flight Take Off During Earthquake, Dies