ജക്കാർത്ത: കോവിഡ് വ്യാപനത്തിന്റെ രണ്ടാം തരംഗം രൂക്ഷമായതിനെ തുടർന്ന് ആരോഗ്യമേഖലയിൽ കടുത്ത പ്രതിസന്ധി നേരിട്ട ഇന്ത്യക്ക് ആയിരക്കണക്കിന് ടാങ്ക് ഓക്സിജനെത്തിച്ച് നൽകിയ രാജ്യമാണ് ഇൻഡൊനീഷ്യ. എന്നാൽ കോവിഡ് വ്യാപനം രൂക്ഷമായതോടെ ഓക്സിജൻ ക്ഷാമം നേരിടുകയാണ് ഈ രാജ്യം. സിങ്കപ്പുർ, ചൈന ഉൾപ്പടെ നിരവധി രാജ്യങ്ങളോട് അടിയന്തരമായി ഓക്സിജൻ എത്തിച്ച് സഹായിക്കണമെന്ന് ആവശ്യപ്പെട്ടിരിക്കുകയാണ് ഇൻഡൊനീഷ്യൻ സർക്കാർ.

1000 ഓക്സിജൻ സിലിണ്ടറുകൾ, കോൺസൻട്രേറ്ററുകൾ, വെന്റിലേറ്ററുകൾ ഉൾപ്പടെയുളള മെഡിക്കൽ ഉപകരണങ്ങൾ വെള്ളിയാഴ്ച സിങ്കപ്പുർ ഇൻഡൊനീഷ്യയിൽ എത്തിച്ചിട്ടുണ്ട്. ഓസ്ട്രേലിയയും 1000 വെന്റിലേറ്ററുകൾ ഇൻഡൊനീഷ്യൽ എത്തിച്ചിട്ടുണ്ട്. ഇതിനുപുറമേ 36,000 ടൺ ഓക്സിജനും 10,000 കോൺസൻട്രേറ്റേഴ്സും സിങ്കപ്പുരിൽ നിന്ന് വാങ്ങാനുളള തീരുമാനത്തിലാണ് ഇൻഡൊനീഷ്യയെന്ന് മന്ത്രി ലുഹുത് ബിൻസാർ പണ്ഡ്ജെയ്തൻ പറഞ്ഞു. ചൈനയെയും സഹായത്തിനായി സമീപിച്ചിട്ടുണ്ട്. യുഎസും യുഎഇയും സഹായം വാഗ്ദാനം ചെയ്തിട്ടുണ്ട്.

ലോകത്തെ നാലാമത്തെ ജനബാഹുല്യമുളള രാജ്യമാണ് ഇൻഡൊനീഷ്യ. 2.4 മില്യൺ കോവിഡ് 19 കേസുകളാണ് ഇവിടെ സ്ഥിരീകരിച്ചിട്ടുളളത്. 63,760 മരണങ്ങളാണ് റിപ്പോർട്ട് ചെയ്തിട്ടുളളത്. വ്യാഴാഴ്ച 39,000 പുതിയ കോവിഡ് കേസുകൾ ഇൻഡൊനീഷ്യയിൽ സ്ഥിരീകരിച്ചിരുന്നു. കോവിഡ് രോഗികൾ വർധിച്ചതോടെ ആശുപത്രികൾ നിറഞ്ഞുകവിഞ്ഞ അവസ്ഥയിലാണ്. അടിയന്തര ചികിത്സയ്ക്കായി കാത്തുകിടക്കുന്നവരും വീട്ടിൽ ഐസൊലേഷനിൽ കഴിയുന്നവരും മരിക്കുന്ന സംഭവങ്ങളും ഇവിടെ നിന്ന് റിപ്പോർട്ട് ചെയ്യുന്നുണ്ട്.

കോവിഡ് വ്യാപനം രൂക്ഷമാകുന്നതിൽ പരിഭ്രാന്തി പൂണ്ട് ആളുകൾ ഓക്സിജൻ സിലിണ്ടറുകൾ വാങ്ങിവെക്കുന്നതും രാജ്യത്തെ ഓക്സിജൻ ക്ഷാമത്തിന് കാരണമായിട്ടുണ്ടെന്നാണ് കണക്കുകൂട്ടൽ. യോഗ്യകാർതയിലെ ഒരു ആശുപത്രിയിൽ 63 കോവിഡ് രോഗികളാണ് ഒരു ദിവസം മരിച്ചത്. 

3400 ഓക്സിജൻ സിലിണ്ടറുകളും കോൺസൻട്രേറ്റേഴ്സുമാണ് ഇൻഡൊനീഷ്യ ഇന്ത്യക്ക് സംഭാവന ചെയ്തത്. രാജ്യത്ത് കോവിഡ് രൂക്ഷമായതോടെ 2000 സിലിണ്ടറുകൾ കൂടി ഇന്ത്യയിലേക്ക് അയക്കാനുളള പദ്ധതിയിൽ നിന്ന് ഇൻഡൊനീഷ്യ പിൻവാങ്ങിയിരുന്നു. പ്രതിദിനം 1928 ടൺ ഓക്സിജനാണ് ഇൻഡൊനീഷ്യക്ക് നിലവിൽ വേണ്ടത്. 2,262 ടൺ ഓക്സിജനാണ് രാജ്യം പ്രതിദിനം ഉല്പാദിപ്പിക്കുന്നതെന്ന് സർക്കാർ ഡേറ്റകൾ വ്യക്തമാക്കുന്നു. അടുത്ത രണ്ടാഴ്ച ഇൻഡൊനീഷ്യയെ സംബന്ധിച്ചിടത്തോളം നിർണായകമാണെന്നാണ് വിലയിരുത്തൽ.

 

Content Highlights:Indonesia short on oxygen seeks help as virus cases soar