ജക്കാര്‍ത്ത: ഇന്തൊനീഷ്യന്‍ ദ്വീപായ സുമാത്രയില്‍ പ്രളയത്തിലും മണ്ണിടിച്ചിലിലും കുട്ടികള്‍ ഉള്‍പ്പടെ 22 പേര്‍ മരിച്ചു. പതിനഞ്ചോളം പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. നിരവധി പേര്‍ ഇപ്പോഴും മണ്ണിനടിയില്‍ കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണ് വിവരം. രക്ഷാപ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമായി തുടരുകയാണ്.

സുമാത്രയുടെ വടക്ക്, പടിഞ്ഞാറ് മേഖലകളെയാണ് പ്രളയം ഗുരുതരമായി ബാധിച്ചത്. മരണസംഖ്യ ഇനിയും ഉയരാനാണ് സാധ്യത. മരിച്ചവരില്‍ 11 കുട്ടികള്‍ ഒരു ഇസ്ലാമിക്‌സ്‌കൂളിലെ വിദ്യാര്‍ഥികളാണ്. പ്രളയത്തില്‍ കെട്ടിടം തകര്‍ന്നാണ് ഇവര്‍ അപകടത്തില്‍ പെട്ടത്. നിരവധി കെട്ടിടങ്ങള്‍ പൂര്‍ണമായും നശിച്ച അവസ്ഥയിലാണ്. 

രക്ഷാപ്രവര്‍ത്തനങ്ങള്‍ തുടരുന്നതിനിടെ വടക്കന്‍  സുമാത്രയിലെ സിബോള്‍ഗാ നഗരത്തിലുണ്ടായ അതിശക്തമായ മണ്ണിടിച്ചില്‍ സ്ഥിതിഗതികള്‍ കൂടുതല്‍ വഷളാക്കുകയായിരുന്നു. പലയിടങ്ങളിലും റോഡുകള്‍ തകര്‍ന്നതിനാല്‍ രക്ഷാപ്രവര്‍ത്തകര്‍ക്ക് എത്താന്‍ കഴിയുന്നില്ല. പല പ്രദേശങ്ങളും പൂര്‍ണമായും ഒറ്റപ്പെട്ട അവസ്ഥയിലാണ്. 

സെപ്റ്റംബര്‍ 28 മുതല്‍ പ്രകൃതിദുരന്തങ്ങള്‍ തുടരുന്ന ഇന്തൊനീഷ്യയില്‍ ഭൂകമ്പത്തിലും സുനാമിയിലും മരിച്ചവരുടെ എണ്ണം രണ്ടായിരത്തിനും മേലെയാണ്. അയ്യായിരത്തോളം ആളുകളെ കാണാതായതായാണ് ഔദ്യോഗിക വിവരം.