Photo : AFP
ജനീവ: കോവിഡ്-19 കാരണമാകുന്ന ഇരട്ടവ്യതിയാനം സംഭവിച്ച ഇന്ത്യന്‍ വകഭേദത്തിന്റെ സാന്നിധ്യം ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ കണ്ടെത്തിയതായി ലോകാരോഗ്യസംഘടന. പതിനേഴോളം രാജ്യങ്ങളിലാണ് B.1.617 എന്നറിയപ്പെടുന്ന വൈറസിന്റെ ഇന്ത്യന്‍ വകഭേദം കണ്ടെത്തിയിട്ടുള്ളത്. ജനിതകവ്യതിയാനം സംഭവിച്ച വിവിധ വൈറസ് വകഭേദങ്ങളാണ് കോവിഡിന്റെ രണ്ടാം തരംഗത്തിന് പിന്നിലെന്ന് വിദഗ്ധര്‍ പറയുന്നു. കഴിഞ്ഞ ഒരാഴ്ചക്കാലത്ത് 5.7 ദശലക്ഷം പേര്‍ക്കാണ് ആഗോളതലത്തില്‍ കോവിഡ് സ്ഥിരീകരിച്ചത്.
SARS-CoV2 ന്റെ ഇന്ത്യന്‍ വകഭേദമാണ് ഇന്ത്യയില്‍ അപ്രതീക്ഷിതമായുള്ള അതിതീവ്ര കോവിഡ് വ്യാപനത്തിന് പിന്നിലെന്നാണ് കരുതപ്പെടുന്നത്. വൈറസിന്റെ ഇന്ത്യന്‍ വകഭേദത്തെ വേരിയന്റ്‌സ് ഓഫ് ഇന്ററസ്റ്റ്(VOI) വിഭാഗത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നതായി ലോകാരോഗ്യസംഘടനയുടെ പ്രതിവാര റിപ്പോര്‍ട്ടില്‍ പറയുന്നു. പുതിയതായി കണ്ടെത്തുന്ന വൈറസ് വകഭേദങ്ങളെയാണ് വിഒഐ വിഭാഗത്തില്‍ ഉള്‍പ്പെടുത്തുന്നത്.
ഏപ്രില്‍ 27 വരെയുള്ള കണക്കനുസരിച്ച് വൈറസിന്റെ B.1.617 വകഭേദത്തിന്റെ 1200 ലധികം ശ്രേണികള്‍ പതിനേഴോളം രാജ്യങ്ങളില്‍ നിന്നായി GISAIDയില്‍ രേഖപ്പെടുത്തിയതായും ഇതില്‍ ഭൂരിഭാഗവും ഇന്ത്യ, യുകെ, യുഎസ്എ, സിംഗപ്പുര്‍ എന്നിവടങ്ങളില്‍ നിന്നാണെന്നും ലോകാരോഗ്യസംഘടന വ്യക്തമാക്കി. ഇന്‍ഫ്‌ളുവന്‍സ വൈറസുകളെ കുറിച്ചുള്ള വിവരങ്ങള്‍ ശേഖരിക്കുകയും പങ്കുവെക്കുകയും ചെയ്യുന്ന സ്ഥാപനമാണ് GISAID.
ഇന്ത്യയില്‍ കോവിഡിന്റെ രണ്ടാം തരംഗത്തില്‍ രോഗവ്യാപനശേഷി ത്വരിതഗതിയിലാണെന്ന് ലേകാരോഗ്യസംഘടന പറയുന്നു. B.1.617എന്ന വൈറസിനത്തിന് ഇന്ത്യയില്‍ കാണപ്പെടുന്ന മറ്റ് വൈറസ് വകഭേദങ്ങളേക്കാള്‍ വ്യാപനശേഷി കൂടുതലായതാവാം ഇന്ത്യയില്‍ കോവിഡ് രൂക്ഷമാകാനുള്ള കാരണമെന്നാണ് GISAIDയുടെ അഭിപ്രായം. കൂടാതെ കോവിഡ് നിയന്ത്രണങ്ങളോടുള്ള അലംഭാവവും ജനങ്ങള്‍ തിങ്ങിക്കൂടുന്ന വിധത്തിലുള്ള ആഘോഷ-പൊതുപരിപാടികളും രോഗവ്യാപനം വര്‍ധിക്കാന്‍ ഇടയാക്കിയിട്ടുണ്ടാവുമെന്ന് GISAID സൂചിപ്പിക്കുന്നു.
B.1.617 ന് ചെറിയ വകഭേദങ്ങളുള്ള B.1.617.1, B.1.617.2, B.1.617.3 എന്നീ സഹശ്രേണികള്‍ കൂടി കാണപ്പെടുന്നതായി ലോകാരോഗ്യസംഘടനയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. B.1.617.1, B.1.617.2 ശ്രേണികള്‍ 2020 ഡിസംബറിലാണ് ഇന്ത്യയില്‍ കണ്ടെത്തിയത്. B.1.617.3 ഇനത്തിന്റെ സാന്നിധ്യം 2020 ഒക്ടോബറില്‍ തന്നെ തിരിച്ചറിഞ്ഞിരുന്നു. കോവിഷീല്‍ഡ്, കോവാക്‌സിന്‍ എന്നീ വാക്‌സിനുകള്‍ക്ക് വൈറസിന്റെ ഇന്ത്യന്‍ പതിപ്പിന്റെ തീവ്രത കുറയ്ക്കാന്‍ സാധിക്കുമെന്ന് കണ്ടെത്തിയിട്ടുണ്ട്.
വാക്‌സിനെടുത്ത ശേഷം ഇന്ത്യയില്‍ രോഗബാധയുണ്ടായവരില്‍ കോവിഡ് ഗുരുതരമാകുന്നില്ല എന്നാണ് പ്രാഥമികപഠനഫലങ്ങള്‍ സൂചിപ്പിക്കുന്നതെന്ന് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ജീനോമിക്‌സ് ആന്‍ഡ് ഇന്റഗ്രേറ്റീവ് ബയോളജി(IGIB) ഡയറക്ടര്‍ അനുരാഗ് അഗര്‍വാള്‍ വ്യക്തമാക്കി. തുടര്‍ച്ചയായി ആറാമത്തെ ആഴ്ചയിലും ആഗോളതലത്തില്‍ രോഗവ്യാപനനിരക്ക് വര്‍ധിക്കുന്ന സ്ഥിതിവിശേഷമാണുള്ളതെന്ന് ലോകാരോഗ്യസംഘടന പറയുന്നു. പുതിയതായി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന കേസുകളില്‍ ഭൂരിഭാഗവും ഇന്ത്യയില്‍ നിന്നാണെന്നും സംഘടനയുടെ റിപ്പോര്‍ട്ടിലുണ്ട്.
Content Highlights: Indian Strain Of COVID-19 Found In 17 Countries Says WHO
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..