ക്വലാലംപുര്‍: ക്വാറന്റീന്‍ ലംഘിക്കുകയും അതുവഴി നിരവധി പേര്‍ക്ക് കോവിഡ് ബാധിക്കാന്‍ ഇടയാക്കുകയും ചെയ്ത ഇന്ത്യക്കാരനായ ഹോട്ടല്‍ ഉടമയ്ക്ക് മലേഷ്യയില്‍ അഞ്ചുമാസം തടവ്. കേദ സംസ്ഥാനത്ത് സ്വന്തമായി ഭക്ഷണശാല നടത്തുന്ന 57 വയസുള്ള ഇന്ത്യക്കാരനാണ് മലേഷ്യന്‍ കോടതി തടവ് ശിക്ഷ വിധിച്ചത്. ഇയാളുടെ പേര് മലേഷ്യയുടെ ഔദ്യോഗിക വാര്‍ത്താ ഏജന്‍സി പുറത്തുവിട്ടിട്ടില്ല. 

കഴിഞ്ഞമാസം ഇന്ത്യയില്‍നിന്ന് മലേഷ്യയില്‍ തിരിച്ചെത്തിയ 57-കാരന്‍ 14 ദിവസം നിര്‍ബന്ധമായും ക്വാറന്റീനില്‍ കഴിയണമെന്ന നിര്‍ദ്ദേശം ലംഘിച്ചതുമൂലം നിരവധി പേര്‍ക്ക് കോവിഡ് ബാധിക്കാന്‍ ഇടയായെന്നാണ് കോടതി കണ്ടെത്തിയിട്ടുള്ളത്. 12,000 മലേഷ്യന്‍ റിംഗറ്റ് പിഴയൊടുക്കാനും മജിസ്‌ട്രേട്ട് കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്. 

ഇന്ത്യയില്‍നിന്ന് മലേഷ്യയില്‍ എത്തിയ റെസ്‌റ്റോറന്റ് ഉടമയുടെ ആദ്യ കോവിഡ് പരിശോധനാ ഫലം നെഗറ്റീവായിരുന്നു. ഇതോടെ ഇയാള്‍ ക്വാറന്റീന്‍ ലംഘിച്ച് പലതവണ സ്വന്തം റസ്‌റ്റോറന്റില്‍ പോയി. രണ്ടാമത്തെ പരിശോധനയിലാണ് ഇയാള്‍ക്ക് കൊറോണ വൈറസ് ബാധ കണ്ടെത്തിയത്. അപ്പോഴേക്കും ഇയാളുടെ കുടുംബാംഗങ്ങള്‍ക്കും റസ്‌റ്റോറന്റിലെ ജീവനക്കാര്‍ക്കും ഭക്ഷണം കഴിക്കാന്‍ റെസ്‌റ്റോറന്റിലെത്തിയ നിരവധി പേര്‍ക്കും കോവിഡ് ബാധിച്ചിരുന്നു. 45-ഓളം പേര്‍ക്ക് ഈ ക്ലസ്റ്ററില്‍നിന്ന് കോവിഡ് ബാധിച്ചുവെന്നാണ് കണ്ടെത്തിയിട്ടുള്ളത്. 

കോവിഡ് വ്യാപനം നിയന്ത്രിക്കാന്‍ കഴിഞ്ഞതിനെത്തുടര്‍ന്ന് മലേഷ്യ മെയ് മാസം മുതല്‍ നിയന്ത്രണങ്ങള്‍ നീക്കിത്തുടങ്ങിയിരുന്നു. എന്നാല്‍, പുതിയ ക്ലസ്റ്ററുകള്‍ രൂപപ്പെടുന്ന സാഹചര്യമുണ്ടായാല്‍ വീണ്ടും നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. വിദേശത്തുനിന്ന് എത്തുന്നവര്‍ നിര്‍ബന്ധമായും രണ്ടാഴ്ച ക്വാറന്റീനില്‍ കഴിയണമെന്നാണ് അധികൃതര്‍ നിര്‍ദ്ദേശിച്ചിട്ടുള്ളത്.

Content Highlights: Indian restaurant owner who caused fresh COVID outbreak in Malaysia jailed for five months