ജോഹനാസ്ബര്‍ഗ്: ശങ്ക തോന്നിയാല്‍ അടുത്തുള്ള റെസ്റ്റോറന്റില്‍ കയറി കാര്യം സാധിക്കുന്നവരുണ്ട്. ചിലര്‍ പേരിന് എന്തെങ്കിലും കഴിക്കും; മറ്റുചിലരാകട്ടെ മാന്യമായി ഇറങ്ങിപ്പോരുകയും ചെയ്യും. ഇത്തരക്കാര്‍ക്കുള്ള മുന്നറിയിപ്പുമായി രംഗത്തുവന്നിരിക്കുകയാണ് ദക്ഷിണാഫ്രിക്കയില്‍ റെസ്റ്റോറന്റ് നടത്തുന്ന ഇന്ത്യന്‍ വംശജന്.
'ജോളി ഗ്രബ്ബര് ഉപഭോക്താക്കള്‍ക്കു മാത്രമാണ് ശൗചാലയ സംവിധാനം. അതേസമയം ശീതളപാനീയം മാത്രം വാങ്ങിയാല്‍ ഈ സൗകര്യങ്ങള്‍ ലഭിക്കില്ല. അനുവാദമില്ലാതെ ശൗചാലയം ഉപയോഗിക്കുന്നത് മോഷണമാണ്, അപമര്യാദയാണ്...' ജോളി ഗ്രബ്ബര് റെസ്റ്റോറന്റിനു മുന്നിലെ ബോര്‍ഡ് നല്കുന്ന മുന്നറിയിപ്പ് ഇങ്ങനെ.
ശൗചാലയം ഉപയോഗിക്കാന്‍ 20 റാന്‍ഡ് (95 രൂപ) ഈടാക്കുമെന്നും ബോര്‍ഡില്‍ വ്യക്തമാക്കുന്നു.
ശൗചാലയത്തിന് ഇത്രയും കൂടുതല്‍ പണം ഈടാക്കുന്ന റെസ്റ്റോറന്റിന് എതിരെ സമൂഹമാധ്യമങ്ങളില്‍ പ്രതിഷേധം വ്യാപകമാണ്. പലരും റെസ്റ്റോറന്റില്‍ കയറി ശൗചാലയം ഉപയോഗിച്ചതിന്റെ ബില്ല് ഉള്‍പ്പെടെ സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്.